-രേഷ്മ സുരേന്ദ്രൻ –
കോഴിക്കോട്: കോവിഡ് വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രകാരമുള്ള സൗജന്യ ചികിത്സ നിഷേധിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍. വാക്സിന് സ്വീകരിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം ഹാജരാക്കാത്ത കോവിഡ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കില്ലെന്നാണ് സര്‍ക്കാര്‍ നല്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം രോഗികള്‍ അവരുടെ ചികിത്സ സ്വന്തം ചെലവില്‍ നടത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വാക്സിന് എടുക്കാത്ത പലര്‍ക്കും നിലവിലെ ഉത്തരവ് തിരിച്ചടിയായിട്ടുണ്ട്. അതേ സമയം അലര്‍ജി മറ്റു രോഗങ്ങള്‍ എന്നീ കാരണത്താല്‍ കോവിഡ് വാക്സിന് വിധേയരാവാൻ സാധിക്കാത്ത രോഗികള്‍ രോഗം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ ചികിത്സ ലഭ്യമാകുമെന്ന് സര്‍ക്കുലറുണ്ട്. രോഗികളുടെ ജീവന് രക്ഷ മുന്‍ നിര്‍ത്തി കോവിഡ് വാക്സിനേഷന് സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സര്‍ക്കാര്‍ ഡോക്ടര്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കകം ഹാജരാക്കുമെന്ന് എഴുതി നല്കുന്ന രോഗികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭ്യമാക്കും. എന്നാല്‍ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ വന്നാല്‍ നേരത്തെ രോഗിയ്ക്ക് ചികിത്സയ്ക്കായി ചെലവഴിച്ച തുക തിരിച്ചു പിടിക്കുമെന്ന നിബന്ധനയും ഇത്തരവിലുണ്ട്. അതേ സമയം സര്‍ക്കാര്‍ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. പല കാരണങ്ങളാലും വാക്സിന് സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നിഷേധിക്കുന്നത് തെറ്റായ നടപടിയാണെന്ന ആക്ഷേപമാണ് പലരും ഉന്നയിക്കുന്നത്. മാത്രമല്ല സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ കാരുണ്യയില്‍ എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുന്നവര്‍ക്ക് പുതിയ ഉത്തരവ് കാര്യമായി ബാധിക്കുമെന്നാണ് രോഗികള്‍ പറയുന്നത്. നിലവില്‍ എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ കാരുണ്യ കാര്‍ഡ് നല്‍കിയിട്ടും പകുതി പണം ഈടാക്കുന്ന തരത്തില്‍ ചൂഷണങ്ങള്‍ നടക്കുന്നതായി വ്യാപകമായ പരാതികളാണ് ഉയരുന്നത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആനുകൂല്യവും പൂര്‍ണമായും ഇല്ലാതാകുമെന്ന ഭീതിയും സാധാരണക്കാര്‍ പങ്കുവെയ്ന്നുണ്ട്. മാത്രമല്ല വാക്സിന് സ്വീകരിക്കാത്തവര്‍ അതിന്റെ കാരണം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ എഴുതി നല്കുന്ന സര്‍ട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുന്ന അവസ്ഥ നേരിടേണ്ടി വരുമെന്ന പരാതികളും ഉയരുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (എബിപിഎംജെഎവൈ)യുമായി കൈകോര്‍ത്ത് 2018 ല്‍ രൂപകല്‍പ്പന ചെയ്ത കാരുണ്യ പദ്ധതി 2020ജൂലൈ ഒന്ന് മുതല്‍ സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്എച്ച്എ) വഴിയാണ് നേരിട്ട് നടപ്പാക്കുന്നത്. പ്രൈവറ്റ് എംപാനല്‍ ആശുപത്രികളുടെ ക്ലെയിമുകള്‍ ഒരു ടിപിഎ ഐഎസ്എ ഏജന്‍സിക്കാണ് നല്‍കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യുടെ മറവില്‍ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന ക്രമക്കേടുകള്‍ തുടരുമ്പോഴാണ് കോവിഡ് വാക്സിന്റെ പേരില്‍ നിലവിലെ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാര്‍ കളമൊരുക്കുന്നത്.