ഡെന്റൽ മേഖലയിൽ പതിനായിരം തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ ഡെന്റ്‌കെയര്‍

മുവാറ്റുപുഴ: ഡെന്റൽ മേഖലയിൽ പതിനായിരം തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ ഡെന്റ്‌കെയര്‍ ഡെന്റൽ ലാബ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവം കേരളത്തില്‍ തൊഴിലില്ലായ്മ പെരുകുന്നതിന് ഒരു മുഖ്യകാരണമാണ്. ഡെന്റ്കെയറില്‍ ജോലി ചെയ്യുന്ന നാലായിരത്തോളം ജീവനക്കാരില്‍ ഭൂരിഭാഗവും അവിടെ വന്നു വിദഗ്ധമായ പരിശീലനം നേടിയ ശേഷം ജോലിയില്‍ പ്രവേശിച്ചവരാണ്. ഡെന്റല്‍സ ടെക്‌നീഷ്യന്‍ മേഖലയില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തില്‍ സാധ്യതയുണ്ടെങ്കിലും ഡെന്റല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചവരെ അതിനനുസരിച്ച് ലഭ്യമല്ല എന്നതാണ് പ്രധാന പ്രശ്‌നം. കേരളത്തിലെ ഡെന്റല്‍ കോളേജുകളില്‍ ആകെ കേവലം അമ്പതോളം സീറ്റ് മാത്രമേ ഡെന്റല്‍ ടെക്‌നീഷ്യന്‍ കോഴ്‌സിനുള്ളൂ . ഗുണനിലവാരമുള്ള പരിശീലന കേന്ദ്രങ്ങളുടെ അഭാവമാണ് ഡെന്റ്കെയര്‍ മാനേജ്‌മെന്‌റിനെ ഇതുപോലൊരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ആദ്യകാലങ്ങളില്‍ ഡെന്റ്കെയര്‍ ജീവനക്കാരെ വിദേശരാജ്യങ്ങളില്‍ വിട്ടാണ് വിദഗ്ധമായ പരിശീലനം നല്‍കിയിരുന്നത്. ഇങ്ങനെ പരിശീലനം നേടിയവരും വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന വിദഗ്ധരും ആണ് പിന്നീട് ജീവനക്കാരെ പരിശീലിപ്പിച്ചത്.

ഡെന്റല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല അവസരമാണ് ഡെന്റ്‌കെയര്‍ ഒരുക്കുന്നത്. ലോകോത്തര നിലവാരം പുലര്‍ത്തുന്ന സാങ്കേതികവിദ്യയിലും മെഷിനറികളിലും വൈദഗ്ധ്യം നേടുവാനുള്ള സാധ്യതയാണ് ഇതിലൂടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തെളിഞ്ഞു കിട്ടുന്നത്. പഠനത്തില്‍ വിജയികളാകുന്നവര്‍ക്ക് 100% തൊഴിലവസരം ഡെന്റ്കെയര്‍ ഉറപ്പുനല്‍കുന്നതാണെന്നും വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡെന്റ്‌കെയര്‍ പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സ്ഥാപനമായി മാറുമെന്നും ഡെന്റ്കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ കുര്യാക്കോസ് അറിയിച്ചു . ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ബി എസ് എസ് ആണ് കോഴ്‌സിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

24 ന് ഞായറാഴ്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായമന്ത്രി പി രാജീവ് ഡെന്റ്കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ ടെക്‌നോളജി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം പി ഡീന്‍ കുര്യാക്കോസ്,എംഎല്‍എ ഡോക്ടര്‍ മാത്യു കുഴല്‍നാടന്‍, കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കല്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി എല്‍ദോസ്, ഐഡിഎ കേരള പ്രസിഡന്റ് ഡോ. ജോസഫ് സിസി, സെക്രട്ടറി ഡോ.ദീപു ജേക്കബ് എന്നിവര്‍ സന്നിഹിതരായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഡെന്റ്‌കെയര്‍ മാനുഫാക്ചറിങ് ഡയറക്ടര്‍ എല്‍ദോസ് കെ വര്‍ഗീസ്, ഡിഡിറ്റി പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജോര്‍ജ് അബ്രഹാം, ഡെന്റ്‌കെയര്‍ ആര്‍ ആന്റ് ഡി ഹെഡ് എബിന്‍ ജോണ്‍സ് രാജു എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment