ഡൽഹിയിൽ ​ വൻ മയക്കുമരുന്ന്​ വേട്ട: 2500 കോടിയുടെ ഹെറോയിൻ പിടികൂടി

ന്യൂഡൽഹി: തലസ്​ഥാനത്ത് വൻ മയക്കുമരുന്ന്​ വേട്ട. 2500 കോടി രൂപ വിലമതിക്കുന്ന 354 കി.ഗ്രാം ഹെറോയിൻ​ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പിടിച്ചെടുത്തു. സംഭവത്തിൽ നാലുപേരെ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്. ഹരിയാനയിൽ നിന്ന് മൂന്ന് പേരും ഡൽഹിയിൽ നിന്ന് ഒരാളുമാണ്​ പിടിയിലായത്​. സംഘത്തിന്​ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന്​ പൊലീസ്​ പറയുന്നു.

സ്‌പെഷ്യൽ സെല്ലിൻറെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്​. കേസിൽ മയക്കുമരുന്ന്​ -തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഡൽഹി പൊലീസ്​ സ്‌പെഷ്യൽ സെൽ ഉദേയാഗസ്​ഥൻ നീരജ് താക്കൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.​അഫ്ഗാനിസ്ഥാനിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും കടലിലൂടെയാണ് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ ശിവപുരിക്ക് സമീപമുള്ള ഫാക്ടറിയിൽ വെച്ച്‌​ മയക്കുമരുന്ന്​ സംസ്ക്കരിച്ച്‌​ പഞ്ചാബിലേക്ക്​ ​ കൊണ്ടുപോ​കാനായിരുന്നു ഉദ്ദേശം. ഒളിച്ചുവെക്കാൻ ഫരീദാബാദിൽ വീട് വാടകയ്ക്ക് എടുത്തിരുന്നു. സംഘത്തലവൻ അഫ്ഗാനിസ്ഥാനിൽ ഇരുന്നാണ്​ ഇടപാട്​ നിയന്ത്രിക്കുന്നതെന്നും നീരജ് താക്കൂർ പറഞ്ഞു.മയക്കുമരുന്ന്​ ലോബിക്ക്​ പാകിസ്​താനിൽ നിന്നും പണം ലഭിച്ചതായും സൂചനകളുണ്ടെന്ന് നീരജ് താക്കൂർ പറഞ്ഞു. അടുത്തിടെ നിരവധി മയക്കുമരുന്ന് കേസുകളാണ് ഡൽഹിയിൽ രജിസ്ടർ ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.

Related posts

Leave a Comment