വ്യാജ വിസ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍

കല്‍പ്പറ്റ: കല്‍പ്പറ്റ സ്വദേശിയില്‍ നിന്നും 5 ലക്ഷത്തോളം രൂപ വാങ്ങി സെര്‍ബിയയുടെ വ്യാജ വിസ തയ്യാറാക്കി പാസ്പോര്‍ട്ടില്‍ പ്രിന്റ്‌റ് ചെയ്ത് നല്‍കിയ പ്രതിയെ വയനാട് സൈബര്‍ ക്രൈം പോലീസ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. മലപ്പുറം കീഴാറ്റുര്‍ സ്വദേശി ചന്ദുള്ളി വീട്ടില്‍ നിപുണ്‍ ചന്ദുള്ളിയാണ് അറസ്റ്റിലായത്. പ്രതിയോടൊപ്പം തട്ടിപ്പിന് കൂടെയുണ്ടായിരുന്ന കോട്ടയം നീണ്ടൂര്‍ സ്വേദേശി താഴെത്തെകുടിയില്‍ സുമേഷ്, തൃശൂര്‍ ചട്ടിക്കുളം സ്വദേശി കോടാംമ്പറമ്പില്‍ വിഷ്ണു എന്നിവര്‍ വിദേശത്തേക്ക് രക്ഷപ്പെട്ടതായി വ്യക്തമായി. പ്രതികളുടെ വീടുകളില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ നിരവധി വ്യാജ വിസ പ്രിന്റ്‌റ് ചെയ്ത് ഒട്ടനവധി ഉദ്യോഗാര്‍ത്ഥികളുടെ പാസ്പോര്‍ട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹൈദരാബാദ് സ്വദേശിയുടെ പേരില്‍ എടുത്ത മൊബൈല്‍ സിം ഉപയോഗിച്ച് ലോകേഷ് എന്ന വ്യാജ പേരില്‍ ആയിരുന്നു പ്രതികള്‍ ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയത്. ഏകദേശം 50 ലക്ഷത്തോളം രൂപ വിവിധ ആളുകളില്‍ നിന്നും പ്രതികള്‍ കൈക്കലാക്കിയിട്ടുണ്ട്. വിദേശത്ത് ജോലിക്കായി ഏജന്‍സികള്‍ നല്‍കുന്ന വിസയുടെ ആധികാരികത അതത് രാജ്യങ്ങളിലെ എംബസിയില്‍ നിന്നോ നോര്‍ക്കയില്‍ നിന്നോ ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പ് വരുത്തണമെന്ന് പൊലീസ് അറിയിച്ചു.

Related posts

Leave a Comment