മൊഫിയ പർവീൺ മരണം; പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: ആലുവയിൽ നി‍യമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. മൊഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാപിതാക്കൾ എന്നിവരാണ് കേസിലെ പ്രതികൾ. ആലുവ മജിസ്ട്രേറ്റ് കോടതി ഇവരുടെ ഹർജി നേരത്തെ തളളിയിരുന്നു. മൊഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിൻറെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ സുഹൈലിൻറെ മൊബൈൽ ഫോൺ അടക്കം ശാസ്ത്രീയമായി പരിശോധിച്ച് തെളിവ് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാർത്ഥിനി മൊഫിയാ പർവീണിൻറെ ആത്മഹത്യ കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭർത്താവിന്റെ വീട്ടിൽ മൊഫിയ പർവീൺ നേരിട്ടത് കൊടിയ പീഡനമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ പലതവണ മൊഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭർതൃമാതാവ് മൊഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

Related posts

Leave a Comment