മോഡലുകളുടെ മരണം : ഹാര്‍ഡ് ഡിസ്കിന് വേണ്ടി കായലില്‍ തിരച്ചില്‍

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക തെളിവായി പൊലീസ് കരുതുന്ന ഹാര്‍ഡ് ഡിസ്കിനായുള്ള തിരച്ചില്‍ തുടരുന്നു.ഡിജെ പാര്‍ട്ടി നടന്ന ഹോട്ടല്‍ 18ലെ സസിസിടിവി വീഡിയോ റെക്കോഡ് ചെയ്ത വീഡിയോ കായലിലെറിഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് സ്കൂബ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ പൊലീസ് തിരച്ചില്‍ നടത്തുന്നത്,

ഫയര്‍ഫോഴ്സ് സ്കൂബ ഡൈവിങ് സംഘമാണ് തിരച്ചിലിനിറങ്ങിയത്. ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിച്ചതായി ജീവനക്കാര്‍ പറഞ്ഞ പ്രദേശത്താണ് പരിശോധന. ഈ മൊഴി നല്‍കിയ ജീവനക്കാരെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞതിനാലും പ്രദേശത്ത് ഒഴുക്ക് കൂടുതലായതിനാലും ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ ഹാര്‍ഡ് ഡിസ്ക് മറ്റെവിടെയെങ്കിലും ഒളിപ്പിച്ച്‌ വച്ചിരിക്കാന്‍ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു.

സംഭവത്തില്‍ ഡിജെ പാര്‍ട്ടി നടന്ന ഹോട്ടല്‍18ന്റെ ഉടമ റോയ് വയലാട്ട് ഹോട്ടല്‍ ജീവനക്കാരായ വില്‍സന്‍ റെയ്‌നോള്‍ഡ്‌, എംബി മെല്‍വിന്‍, കെകെ.അനില്‍, ജിഎ സിജുലാല്‍, വിഷ്‌ണുകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് അവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.മരിച്ച മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കാറിനെ താന്‍ പിന്തുടര്‍ന്നിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടെന്നും സൈജു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

Related posts

Leave a Comment