ഡീൻ കുര്യാക്കോസിന്റെ നിരാഹാരസമരം ഇന്നവസാനിക്കും, മുന്നറിയിപ്പില്ലാതെ തമിഴ്നാട് വീണ്ടും വെള്ളം തുറന്നുവിട്ടു


ചെറുതോണി: പെരിയാർ തീരത്തുള്ള ജനങ്ങളുടെയും ജീവജാലങ്ങളുടെയും ജീവൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എംപിയും യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ ഡീൻ കുര്യാക്കോസ് നടത്തുന്ന 24 മണിക്കൂർ ഉപവാസം ഇന്നു രാവിലെ സമാപിക്കും. പത്ത് മണിക്ക് ചെറുതോണിയിലെ സമരപ്പന്തലിലെത്തുന്ന കേരള കോൺ​ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഡീൻ കുര്യാക്കോസിനു നാരങ്ങാ നീര് നൽകും. തുടർന്നു ചേരുന്ന സമാപന സമ്മേ‌ളനവും ജോസഫ് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിക്കും. യുഡിഎഫ് നേതാക്കൾ പങ്കെടുക്കും.
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ താത്പര്യങ്ങൾക്കു വേണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒത്തുകളിക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറിൽ പുത് അണക്കെട്ടല്ലാതെ ജനങ്ങളുടെ ജീവന് സുരക്ഷ നൽകാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ, ബേബി ഡാം ബലപ്പെടുത്തി 152 അടി വരെ വെള്ളം സംഭരിക്കാനാണ് തമിഴ്നാടിന്റെ നീക്കം. അതിന് അനുകൂലമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.
അതിനിടെ, ഒരു മുന്നറിയിപ്പുമില്ലാതെ തമിഴ്നാട് ഇന്നലെ രാത്രിയും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു വെള്ളം പെരിയാറിലേക്കു തുറന്നുവിട്ടു.
മുന്നറിയിപ്പില്ലാതെ സ്പിൽ വേകൾ തുറക്കരുടെന്ന കേരളത്തിന്റെ ആവശ്യം പരി​ഗണിക്കാതെയാണ് 2 ഷട്ടർ കൂടി ഇന്നലെ രാത്രി തമിഴ്നാട് തുറന്നത്. അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയായിരുന്നു ഇത്. രാത്രി എട്ട്മണിക്കാണ് ഇവ തുറന്നത്.
30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 1687 ഘനയടി വെള്ളെം തമിഴ്നാട് കൊണ്ടു പോയി. സ്പിൽവേ ഷട്ടറുകൾ താഴ്ത്തുകയും തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴ മൂലം നീരൊഴുക്കും കൂടിയിരുന്നു
ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.74 അടിയായി. മുല്ലപ്പെരിയാർ ഡാമിൻെറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ തമിഴ്നാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില കൽപ്പിച്ച് മുല്ലപ്പെരിയാറിൽ നിന്നും കഴിഞ്ഞ രാത്രിയിലും തമിഴ്നാട് വൻതോതിൽ വെള്ളമൊഴുക്കിയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരക്ക് പെരിയാർ തീരത്തെ ആളുകൾ നല്ലഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്നാട് എട്ടു ഷട്ടറുകൾ അറുപത് സെൻറിമീറ്റർ വീതം ഉയർത്തി വെളളം തുറന്നു വിട്ടത്. വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നീട്ടുകാർ വീടു വിട്ട് റോഡിലേക്കിറങ്ങി. മൂന്നരയോടെ രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ തുറന്നുവിട്ട വെള്ളത്തിൻറെ അളവ് എണ്ണായിരം ഘനയടിയിലധികമായി. മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തു വീടുകളിൽ വെള്ളം കയറി. കയ്യിൽ കിട്ടിയതും പെറുക്കി ആളുകൾ ഓടി രക്ഷപെടുകയായിരുന്നു. ഈ സമയം അനൌൺസ്മെൻറുമായെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ വാഹനം പ്രദേശവാസികൾ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പം റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധമുണ്ടായി.

Related posts

Leave a Comment