ആലപ്പുഴ മെഡി. കോളെജില്‍ മൃതദേഹങ്ങള്‍ മാറി, അന്വേഷണം തുടങ്ങി

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജില്‍ മൃതദേഹങ്ങള്‍ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. മെഡിക്കല്‍ കോളെജുകളില്‍ മൃതദേഹങ്ങള്‍ മാറി നല്‍കുന്ന സംഭവങ്ങള്‍ ആവര്‍‌ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികളുണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും സമാന സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകിയത് ഇന്നലെ വൈകുന്നേരം വലിയ സംഘര്‍ഷത്തിനു വഴി തുറന്നിരുന്നു. കായംകുളം സ്വദേശിയുടെ മൃതദേഹം ചേര്‍ത്തല സ്വദേശിയുടെ ബന്ധുക്കള്‍ക്ക് മാറി നല്‍കുകയായിരുന്നു. കൊവിഡ് ഐസിയുവിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി കുമാരനും കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം സ്വദേശി രമണനും ഇന്നലെ വൈകിട്ടോടെ മരണമടഞ്ഞു.

നടപടികൾ പൂർത്തിയാക്കി രണ്ട് പേരുടേയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയപ്പോൾ ആണ് മൃതദേഹം മാറി നൽകി പോയത്. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് ചേർത്തല സ്വദേശിയുടെ ബന്ധുക്കൾക്ക് മാറി നൽകിയത്. മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ ചേർത്തലയിലേക്ക് പോകുകയും ചെയ്തു.

ഇതേ സമയം മെഡി.കോളേജിൽ കാത്തിരുന്ന കായംകുളം സ്വദേശിയുടെ ബന്ധുക്കൾ മൃതദേഹം വിട്ടുകിട്ടാൻ വൈകിയതിനെ തുടർന്ന് അധികൃതരെ സമീപിച്ചപ്പോൾ ആണ് മൃതദേഹം മാറി നൽകിയെന്ന് വ്യക്തമായത്. ഇതോടെ ചേർത്തലയിലേക്ക് പോയ ആംബുലൻസ് തിരികെ വിളിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇരുകൂട്ടരുടേയും ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

Related posts

Leave a Comment