ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന്​ മകളെ ബലാത്സംഗം ചെയ്​തുകൊന്നു ; പിതാവ്​ അറസ്റ്റിൽ

ഭോപാൽ: മധ്യപ്രദേശ്​ ഭോപാലിലെ റാത്തിബാദിൽ ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന്​ മകളെ ബലാത്സംഗം ചെയ്​തുകൊന്ന പിതാവ്​ അറസ്റ്റിൽ.
യുവതിയുടെയും എട്ടുമാസം പ്രായമായ മകൻറെയും മൃതദേഹം സമസ്​ഗഡ്​ വനത്തിൽ​നിന്ന്​ കണ്ടെടുത്തു. അസുഖത്തെ തുടർന്നാണ്​ കുഞ്ഞിൻറെ മരണം.

ഇതര മതസ്​ഥനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട്​​ പെൺകുട്ടിയും കുടുംബവും തമ്മിൽ അകൽച്ചയിലായിരുന്നു. ഒരു വർഷം മുമ്പ്​ പിതാവുമായി ഇതിനെചൊല്ലി തർക്കമുണ്ടാകുകയും ചെയ്​തിരുന്നു. തുടർന്ന്​ മകൾ വീട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നില്ല.

വിവാഹത്തിന്​ ശേഷം കുടുംബവുമായി അകന്ന്​ താമസിച്ച മകൾ ദീപാവലി വേളയിൽ മൂത്ത സഹോദരിയുടെ വീട്ടിലെത്തി. അവിടെവെച്ച്‌​ അസുഖബാധിതനായ എട്ടുമാസം പ്രായമായ മകൻ മരിക്കുകയായിരുന്നു. കൊച്ചുമകൻ മരിച്ച വിവരം അറിയിക്കാനായി മൂത്ത സഹോദരി പിതാവിനെ വിളിച്ചു. തുടർന്ന്​ പിതാവും സഹോദരനും റാത്തിബാദിലെത്തി. കുഞ്ഞിൻറെ അന്ത്യകർമങ്ങൾ നടത്താനെന്ന പേരിൽ പിതാവ്​ മകളെ വനത്തിലേക്ക്​ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച്‌​ പിതാവ് മകളെ​ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച്‌​ കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം​ കുഞ്ഞിൻറെയും യുവതിയുടെയും മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു.

വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന്​ റാത്തിബാദ്​ സ്​റ്റേഷൻ ഹൗസ്​ ഓഫിസർ സുദേശ്​ തിവാരി പറഞ്ഞു. അന്വേഷണത്തിൽ സേഹോറിലെ ബിൽസ്​ഗഞ്ച്​ സ്വദേശിയായ യുവതിയുടേതാണ്​ മൃതദേഹമെന്ന്​ കണ്ടെത്തുകയായിരുന്നു. ഇതോടെ വീട്ടുകാരെ ചോദ്യം ചെയ്​തു. യുവതിയുടെ വിവാഹത്തിൻറെ പേരിൽ കുടുംബത്തിൽ അസ്വസ്​ഥതകളുണ്ടായിരുന്നുവെന്ന്​ പൊലീസ്​ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പിതാവ്​ കുറ്റം സമ്മതിച്ചതായും പൊലീസ്​ പറഞ്ഞു. പ്രണയവിവാഹത്തെ ചൊല്ലി കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയതാണ്​ ക്രൂരകൃത്യത്തിന്​ കാരണമെന്നും പൊലീസ്​ കൂട്ടിച്ചേർത്തു.

Related posts

Leave a Comment