രണ്ടാംതരംഗത്തില്‍ അപകടകരമാകുന്ന മോദിയും പിണറായിയും

ഗോപിനാഥ് മഠത്തിൽ

കൊറോണയുടെ ഡെല്‍റ്റാ വകഭേദം കോവിഡിന്റെ രണ്ടാംതരംഗത്തെ കൂടുതല്‍ രൂക്ഷമാക്കുകയും മരണപ്പാടത്ത് നല്ല വിളവെടുപ്പു നടത്തുകയും ചെയ്തു. കേരളത്തില്‍ അതിന്റെ കൊയ്ത്ത് ഇപ്പോഴും തുടരുന്നു. രണ്ടാംതരംഗം ആദ്യതരംഗത്തേക്കാള്‍ ദുരന്തം വിതയ്ക്കാന്‍ പ്രധാന കാരണം അതിന്റെ വ്യാപനശേഷിയാണ്. ഇതില്‍ ഏറ്റവും തമാശയായിട്ടുള്ള കാര്യം കൊറോണ വൈറസ്സിന്റെ ജനിതക പരിവര്‍ത്തനം ഒരേപോലെ കേന്ദ്രത്തിലെ മോദി ഭരണത്തെയും കേരളത്തിലെ പിണറായി സര്‍ക്കാരിനെയും ബാധിച്ചു എന്നതാണ്. നരേന്ദ്രമോദിയുടെ ആദ്യഘട്ടഭരണത്തിലെ ചൊടിയും ചുണയും രണ്ടാംഘട്ട ഭരണത്തില്‍ അല്‍പ്പംപോലുമില്ലെന്ന് ബിജെപിക്കാരും സമ്മതിക്കും. സാമ്പത്തികരംഗം അനുദിനം മോദിയുടെ താടിപോലെ താഴോട്ടാണ് വളരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞും ഡല്‍ഹിയുടെ പ്രാന്തങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഇപ്പോഴും അവിരാമമായി തുടരുകയാണ്. കര്‍ഷകരുടെ ആവശ്യങ്ങളില്‍ ആശ്വാസപൂര്‍ണ്ണമായ തിരുത്തലുകള്‍ നടത്തി വെളിച്ചം പകരാന്‍ മോദി സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നത് ആഗോളതലത്തില്‍ ആ വീഴ്ചയാണ് കാണിക്കുന്നത്. പകരം വിജയിച്ചുകൊണ്ടിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ബോധപൂര്‍ണ്ണമായ ധാര്‍ഷ്ട്യവും. കര്‍ഷക പ്രശ്‌നങ്ങളെ അനുഭാവപൂര്‍വ്വം സമീപിക്കാന്‍ വിമുഖത കാട്ടുന്ന മോദി സര്‍ക്കാരിന്റെ സമീപകാലത്തുകണ്ട കൗതുകകരമായ വിനോദം പെഗാസസ് വലനെയ്ത്തായിരുന്നു. യഥാര്‍ത്ഥത്തില്‍ പെഗാസസ് ഒരു ചിലന്തിവല തന്നെയാണ്. മറ്റുരാഷ്ട്രീക്കാരെ തന്ത്രപൂര്‍വ്വം കുരുക്കാനുള്ള വല. അതിന്റെ ഒത്ത മദ്ധ്യത്തില്‍ ചെറുജീവികളുടെ ചലനങ്ങള്‍ ശ്രദ്ധിച്ച് ഏകാധിപതിയെപ്പോലെ ചിലന്തി നിലകൊള്ളും. ചിലന്തികള്‍ക്ക് ഒരുപ്രത്യേകത ഉണ്ട്. അവ സ്വന്തം നിലയില്‍ വലയില്‍ വീഴാതെ ശ്രദ്ധിക്കുകയും മറ്റുജീവികളെ അതില്‍പ്പെടുത്തുകയും ചെയ്യും. മറ്റുള്ളവരുടെ അവകാശാധികാരങ്ങളിലും സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കൈകടത്താനുള്ള വിവേകം തീരെയില്ലാത്ത വിവേചനത്തിന്റെ കടന്നുകയറ്റമായി ഇതിനെ കാണാം. യഥാര്‍ത്ഥത്തില്‍ മോദി സര്‍ക്കാര്‍ തന്റെ പാര്‍ട്ടിയുടെ അടിസ്ഥാന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള ശ്രമം മാത്രമാണ് രണ്ടാംഘട്ട ഭരണത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതാണ് ജനിതകമാറ്റം വന്ന കൊറോണവൈറസ്സിനെപോലെ ഈ സര്‍ക്കാരിനെ ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.
പിണറായി സര്‍ക്കാരിന്റെ രണ്ടാംഘട്ടത്തെ ബാധിച്ചിരിക്കുന്നതും അതേ വൈറസ്സിന്റെ ജനിതകമാറ്റം വന്ന വകഭേദം തന്നെ. അതില്‍ ഒരു പ്രത്യേകത ഉള്ളത് ഇതുവരെ തന്റെ ഔദ്യോഗിക സംവിധാനത്തെ അതിലുപരി വ്യക്തികളെ മാത്രം ബാധിച്ച വൈറസ് ഇപ്പോള്‍ നേരിട്ട് പിണറായിയെ പിടികൂടിയിരിക്കുന്നു എന്നതാണ്. അതോടെ ചെറിയ ഒരു കാലത്തെ ഇടവേളയ്ക്ക് ശേഷം സ്വപ്‌നസുരേഷ് വീണ്ടും മാധ്യമങ്ങളിലെ സജീവചര്‍ച്ചാ വിഷയമായിരിക്കുന്നു. ചലച്ചിത്രത്തിലെന്നപോലെ ഒരു ഫ്‌ളാഷ്ബാക്ക് കഥയുമായാണ് ഇത്തവണ അവര്‍ വന്നെത്തിയിരിക്കുന്നത്. വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യ സൂത്രാധാരന്‍ മുഖ്യമന്ത്രിയാണെന്നാണ് സ്വപ്‌നയുടെയും കൂട്ടുകാരന്റെയും വാദം. അതേപ്പറ്റി പ്രതിപക്ഷം എത്ര ചോദിച്ചിട്ടും വായില്‍ കമ്പിട്ടു കുത്തിയിട്ടും മുഖ്യമന്ത്രി പ്രതിമയ്ക്ക് തുല്യം ഇരിക്കുകയല്ലാതെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഒരുപക്ഷേ ഇതിനെ പുതിയ തന്ത്രം മെനയാനും പുതിയ വാക്കുകളില്‍ കള്ളത്തരം പറയാനുമുള്ള സാവകാശമായി കാണാം. ഏതായാലും പിണറായി ഇക്കാര്യത്തില്‍ ഒരിക്കല്‍ താന്‍തന്നെ തുറന്നു വിട്ട ഭൂതത്തിന്റെ പിടിയില്‍ പരോക്ഷമായി അകപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. ഒരുതട്ടിപ്പുകേസിലെ പ്രതിയുടെ മൊഴി അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് എടുത്ത പിണറായി വിജയന്‍ ഇപ്പോള്‍ അതേ ദൂഷിതവലയത്തിനുള്ളില്‍ പെട്ടിരിക്കുന്നു. രണ്ടിലും സ്ത്രീകള്‍ തന്നെ ആരോപണം ഉന്നയിച്ചിരിക്കുന്നു എന്നത് ഏറെ പ്രത്യേകതയും വൈചിത്ര്യവുമുള്ള കാര്യമായിരിക്കുന്നു. പണ്ടൊക്കെ ദൈവം പിന്നെപിന്നെ ഇപ്പോള്‍ അപ്പപ്പോള്‍തന്നെ എന്നാണ് പഴമക്കാര്‍ പറയാറുള്ള വാക്കുകള്‍. പണ്ടു ചെയ്ത പാപത്തിന്റെ ഫലം മാറ്റിവയ്ക്കാതെ തന്നെ അഞ്ചാറുവര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ദൈവം അതേ അളവില്‍ ഒട്ടും കുറയാതെ തന്നെ പിണറായിക്ക് തിരിച്ചുനല്‍കിയിരിക്കുന്നു. ഇതിലൂടെ ഡോളര്‍ കടത്തുകേസില്‍ പിണറായി യാദൃച്ഛികമായി വന്നുപെട്ടു എന്ന് അര്‍ത്ഥമാക്കേണ്ടതല്ല. അദ്ദേഹത്തിന്റെ ഓഫീസ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ദൂഷിതമായ ഇടപാടുകളുടെ തിറയാട്ടക്കളരിയായിരുന്നുവെന്ന് മാധ്യമങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിന്റെ ക്ലൈമാക്‌സ് എന്ന പോലെയാണ് സ്വപ്‌നയും കൂട്ടാളിയും അതില്‍ മുഖ്യപങ്ക് പിണറായിക്ക് ഉണ്ടായിരുന്നെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അത് നിഷേധിക്കാനാവാത്ത സത്യം തന്നെയാണെന്നാണ് സാഹചര്യ തെളിവുകളുടെ സൂചനയും. സത്യത്തെ എത്രകണ്ട് പ്രതിരോധിച്ചാലും മൂര്‍ച്ചയുള്ള കുന്തംപോലെ ചിലപ്പോള്‍ അത് പരിച തകര്‍ത്ത് നെഞ്ചുപിളര്‍ത്തും എന്നതാണ് സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പങ്കുവയ്ക്കുന്ന വിചിത്ര ചിത്രം. ഇതെല്ലാം മോദിയെ ബാധിച്ചപോലുള്ള ഡെല്‍റ്റാ വകഭേദത്തിന്റെ മറ്റൊരു പിണറായി പരിണാമമാണ്. ജനങ്ങള്‍ക്കുവേണ്ടി അല്ലാത്ത അന്തസ്സു നഷ്ടപ്പെട്ട സ്വാര്‍ത്ഥതാഭരണത്തിന്റെ തുടര്‍ച്ചയാണ് ഇവിടെ രണ്ടാംതരംഗത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത്. അത് കൊറോണയുടെ കാര്യത്തിലും നരേന്ദ്രമോദിയുടെയും പിണറായിയുടെ കാര്യത്തിലും നൂറു ശതമാനം സത്യമായി ഭവിച്ചിരിക്കുന്ന യാദൃച്ഛികത കൂടിയാണ്. ‘

വാല്‍ക്കഷണം:
ശൈലജ ടീച്ചര്‍ക്കു പകരം വീണാജോര്‍ജ്ജ് എന്ന ആരോഗ്യമന്ത്രിയും കോവിഡ് രണ്ടാംതരംഗത്തിന്റെ ഉപോല്‍പ്പന്നമാണ്. അതിന്റെ തെളിവാണ് ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയ മന്ത്രിക്ക് പിന്നീട് ട്യൂബ്‌ലൈറ്റ് പോലെ വിവേകം ഉദിച്ചത്. ആ വിവേകം മന്ത്രിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഡോക്ടര്‍മാര്‍ക്ക് എതിരെ അക്രമം നടന്നിട്ടുണ്ടെന്ന് പറയിപ്പിച്ചു. ഇത്തരം ട്യൂബ്‌ലൈറ്റ് മന്ത്രിമാര്‍ ആരോഗ്യരംഗത്ത് വിശേഷിച്ചും ആപത്താണെന്ന് ഓര്‍ക്കുക.

Related posts

Leave a Comment