ക്ഷേത്രത്തിനകത്ത് കയറിയതിന് ദളിത് കുടുംബത്തിന് 23,000 രൂപ പിഴ

കൊപ്പൽ: ഹനുമാന്റെ അനുഗ്രഹത്തിനായി ക്ഷേത്രത്തിനകത്ത് കയറിയ ദളിത് ബാലന്റെ മാതാപിതാക്കൾക്ക് 23,000 രൂപ പിഴ. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം. മിയാപുര ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ ദളിതനായ രണ്ട് വയസുകാരൻ കയറിയതാണ് സവർണർ പ്രശ്നമാക്കിയത്.

സംഭവത്തെ കുറിച്ച്‌ കൊപ്പൽ എസ് പി ടി ശ്രീധർ പറയുന്നതിങ്ങനെ: മകന്റെ രണ്ടാം പിറന്നാളിന് മകനുമൊത്ത് ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തിയതായിരുന്നു കുട്ടിയുടെ പിതാവ്. ദളിതർക്ക് ക്ഷേത്രത്തിനകത്തേയ്ക്ക് ഇവിടെ പ്രവേശനമില്ല. ദളിതർ ക്ഷേത്രത്തിന് പുറത്തുനിന്ന് പ്രാർഥിച്ച്‌ മടങ്ങുകയാണ് പതിവ്. പിതാവിന്റെ ശ്രദ്ധയൊന്ന് തെറ്റിയതോടെ കുട്ടി ക്ഷേത്രത്തിനകത്തേയ്ക്ക് ഓടി പ്രാർഥിച്ച്‌ തിരികെ വരികയായിരുന്നു. സെപ്റ്റംബർ നാലിനാണ് ഈ സംഭവം നടന്നത്.

സവർണർക്കിടയിൽ സംഭവം പ്രശ്നമായി. ദളിതൻ കയറിയ ക്ഷേത്രം അശുദ്ധമായെന്ന് ആരോപണമുയർന്നു. സെപ്റ്റംബർ 11ന് സവർണർ ഒരു യോഗം വിളിച്ചുകൂട്ടി, കുട്ടിയുടെ മാതാപിതാക്കൾക്ക് 23,000 രൂപ പിഴ വിധിക്കുകയായിരുന്നു. ക്ഷേത്രം ശുദ്ധികലശം നടത്താനുള്ള ചിലവാണ് 23,000 രൂപ. എന്നാൽ ഇതിനിടെ വിഷയം ശ്രദ്ധയില്പെട്ട ജില്ല ഭരണകൂടം റെവന്യൂ, സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെ ഗ്രാമത്തിലേയ്ക്ക് അയച്ചു. ഗ്രാമീണർക്കിടയിൽ തൊട്ടുകൂടായ്മയേയും അശുദ്ധിയേയും കുറിച്ച്‌ ബോധവൽകരണം നടത്തി. കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും പണം ഈടാക്കിയാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ ഗ്രാമീണരെ അറിയിച്ചു. ഇതോടെ വെട്ടിലായ സവർണരിൽ ഒരു വിഭാഗം കുട്ടിയുടെ പിതാവിനോട് ക്ഷമ പറയുകയും വിഷയം പരിഹരിക്കപ്പെടുകയുമായിരുന്നു

Related posts

Leave a Comment