മലയോരമേഖലയില്‍ രാത്രിയാത്ര നിരോധിച്ചു

തിരുവനന്തപുരം: അതിശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും പാറ പൊട്ടി വീഴുന്നതും കണക്കിലെടുത്ത് മലയോര മേഖലയില്‍ രാത്രികാല യാത്ര പൂര്‍ണമായും നിരോധിക്കാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭാഗികമായ തകര്‍ന്ന മൂന്നുകല്ല്മൂട് പാലത്തില്‍ രാത്രി യാത്ര നിരോധിച്ചു.  തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇവിടങ്ങളില്‍ 571 പേരെ നിലവില്‍ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഉന്നതതലയോഗത്തിന് ശേഷം മന്ത്രിമാരായ ആന്റണി രാജുവും വി. ശിവന്‍കുട്ടിയും അറിയിച്ചു.
മണ്ണിടിച്ചില്‍ രൂക്ഷമായ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ പാറ പൊട്ടിക്കലിനും മണ്ണ് മാറ്റലിനും താത്കാലികമായി നിരോധനം ഏര്‍പ്പെടുത്താന്‍ കളക്ടര്‍ ഉടന്‍ ഉത്തരവിറക്കും. മഴ കാരണം ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ പേപ്പാറ, നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനും തീരുമാനമായി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക് മാറി താമസിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നല്‍കും. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടിവന്നാല്‍ അതിനുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആനാവൂര്‍, വെള്ളാര്‍, തിരുവല്ല, അടിമലത്തുറ, നെയ്യാറ്റിന്‍കര, വാമനപുരം, വിഴിഞ്ഞം, നെടുമങ്ങാട് മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. പൊതുമരാമത്ത്,  ദേശീയപാത, തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളാണ് തകര്‍ന്നത്. മഴ മാറുന്ന മുറയ്ക്ക് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പോക്കത്തെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥരും പരിശോധന നടത്തും. വിവധ വകുപ്പുകളുടെ ഏകോപനത്തോടെ ആശ്വാസകരമായ നടപടികള്‍ തുടരുമെന്നും മന്ത്രിമാര്‍ ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. തിരുവനന്തപുരം നഗരസഭയിലും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവരാണ് ഉന്നതതലയോഗത്തില്‍ പങ്കെടുത്തത്.

Related posts

Leave a Comment