മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് തെളിവെടുത്തു

കണ്ണൂര്‍ഃ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. കേസില്‍ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കരിപ്പൂര്‍ സ്വര്‍ണക്കടത്തിന് ഷാഫിയുടെ ഒത്താശയും സഹായവും കിട്ടിയിരുന്നു എന്ന് അര്‍ജുന്‍ സമ്മതിച്ചിട്ടുണ്ട്. ഷാഫിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തു. എന്നാല്‍, അര്‍ജുനൊപ്പം നിന്ന് ഫോട്ടോ എടുത്തതൊഴിച്ചാല്‍ ഇയാളെ അറിയില്ലെന്നാണ് ഷാഫി പറയുന്നത്. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നില്ല.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാവുമെന്ന് ഉറപ്പായപ്പോള്‍ അര്‍ജുന്‍ മുങ്ങിയത് ഷാഫിയുടെ നാട്ടിലേക്കാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. അവിടെ ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കുകയും നിയമസഹായത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. ഇതെല്ലാം സ്വര്‍ണക്കടത്തിന്‍റെ ലാഭവിഹിതത്തില്‍ നിന്നു പങ്കു പറ്റിയാണെന്നും അര്‍ജുന്‍ സമ്മതിച്ചു. അര്‍ജുന്‍ സഞ്ചരിച്ചിരുന്ന കാര്‍ തെളിവുകളെല്ലാം നശിപ്പിച്ച ശേഷം ഉപേക്ഷിച്ചതും ഷാഫിയുടെ അറിവോടെയാണെന്നും കരുതുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ഷാഫി ഇപ്പോള്‍‌ പരോളില്‍ നാട്ടിലുണ്ട്.

Related posts

Leave a Comment