സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടപെടലുണ്ടായി; സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കസ്റ്റംസ് കമ്മീഷണര്‍


കൊച്ചി: സംസ്ഥാന സർക്കാരിനെതിരേ ആഞ്ഞടിച്ച് സ്ഥലംമാറിപ്പോകുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. സ്വർണ്ണക്കടത്ത് കേസിൽ ഇടപെടലുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. തന്റെ റിപ്പോർട്ടിങ് ഓഫീസർ മുഖ്യമന്ത്രിയല്ല. താൻ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്, തന്റെ ഉദ്യോഗസ്ഥർ ഇവിടെത്തന്നെ ഉണ്ട്. സംസ്ഥാനത്തിനെതിരേ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നത് അസംബന്ധമാണ്. കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തമാണെന്നും സുമിത് കുമാർ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചില ഇടപെടലുകൾ, സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി എന്ന് സുമിത് കുമാർ പറഞ്ഞു. എന്നാൽഏത്ഭാഗത്തുനിന്നാണ് ഇടപെടൽ ഉണ്ടായതെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. ഭരിക്കുന്ന പാർട്ടിയെന്നോ മറ്റ് ആരെങ്കിലുമെന്നോ പറയുന്നില്ല. പക്ഷേ അത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായി. അത് എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുന്നതാണെന്നും താൻ നിയമത്തിന്റെ വഴിക്കാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതൊടൊപ്പം കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണത്തെ അദ്ദേഹം ശക്തമായി വിമർശിച്ചു. ജുഡീഷ്യൽ അന്വേഷണം എന്നത് വിഡ്ഢിത്തമാണ്. സർക്കാരിനെതിരേ താനൊരു കമ്മീഷനെ വെച്ചാൽ എങ്ങനെയിരിക്കും? സർക്കാർ ഏജൻസിക്കെതിരേ ജുഡീഷ്യൽ കമ്മീഷനെ വെയ്ക്കുന്നത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് സർക്കാരിനെ മോശക്കാരാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തേക്കുറിച്ചുള്ള ചോദ്യത്തിന്അത് അസംബന്ധമാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. നിയമപരമായ വഴിക്കാണ് കസ്റ്റംസ് പോകുന്നത്. സ്വർണ്ണക്കടത്ത് കേസിൽ ചെയ്യേണ്ടതെല്ലാം ചെയ്തു. വിദേശത്തേക്ക് കടന്ന ആളുകളുടെ കാര്യത്തിൽ മന്ത്രാലയം ചർച്ച നടത്തുകയാണ്. ഡോളർ കടത്ത് കേസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment