എകെജി സെന്ററിലേക്കു പടക്കമെറിഞ്ഞ പ്രതിയെ പിടികൂടണമെന്ന് റ്റി.യു.രാധാകൃഷ്ണൻ

തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിലെ പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടി കേരളത്തിന്റെ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിലെ പിണറായി ഭരണത്തിന്റെ ആസ്ഥാനമാണ് എ.കെ.ജി സെന്റർ. ഭരണം നിയന്ത്രിക്കുന്നതുപോലും പാർട്ടി ആസ്ഥാനമാണ്. പോലീസ് കാവലിലാണ് അക്രമി പടക്കമെറിഞ്ഞത്. ഒറ്റയാനായി ബൈക്കിൽ വന്ന അക്രമി പടക്കമെറിഞ്ഞ് തിരിച്ചു പോകുന്നതും ക്യാമറിയിൽ കാണാം. നിരവധി പോലീസുകാർ കാവൽ നിൽക്കേയാണ് സംഭവം നടന്നത്. ഇത്രയും മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.
പടക്കം പൊട്ടിയ നിമിഷം തന്നെ കോൺഗ്രസാണ് പ്രതികൾ എന്ന് ആക്ഷേപിച്ച ഇ.പി.ജയരാജൻ എന്നത്തേയും പോലെ ഇന്നും പിന്നോക്കം പോയിട്ടുണ്ട്. വിമാനത്തിൽ പ്രതിഷേധം നടന്നപ്പോൾ ‘മദ്യപിച്ച് ലക്ക് കെട്ടവർ’ എന്ന് പറഞ്ഞ ഇടതുമുന്നണി കൺവീനർ പിന്നെ മാറ്റി പറയുകയായിരുന്നു. ഇന്ന് പറഞ്ഞതും ഇ.പി.ജയരാജൻ നാളെ മാറ്റി പറയുമായിരിക്കും. ഇങ്ങനെ വിടുവായത്തം പറയുന്ന ഒരാൾ ഇടുമുന്നണി കൺവീനറായി ഇരിക്കുന്നതിലെ അനൗചിത്യം ഇടതുമുന്നണി ചർച്ച ചെയ്യുന്നതായിരിക്കും നല്ലത്.
കെ.പി.സി.സി ഓഫീസിലേക്ക് പ്രകടനമായിട്ടെത്തിയ സി.പി.എം പ്രവർത്തകർ പരസ്യമായിട്ടാണ് ആക്രമണം നടത്തിയത്. കേരളം ആദരിക്കുന്ന എ.കെ.ആന്റണിയുടെ വാഹനത്തിനുൾപ്പെടെ നാശനഷ്ടം വരുത്തി. കെ.പി.സി.സി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളെപ്പോലും ഇന്നുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചവരെ വീടു കയറി പിടിക്കുകയാണ് പോലീസ് ചെയ്തത്. സർക്കാരിനോടുള്ള വിടുപണിയാണ് ചില പോലീസുകാർ പ്രകടിപ്പിക്കുന്നത്. എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിലും കെ.പി.സി.സി ഓഫീസ് ആക്രമിച്ച സംഭവത്തിലേയും പ്രതികളെ അടിയന്തിരമായി പിടികൂടി നാടിന്റെ സമാധാന അന്തരീക്ഷം ഉറപ്പു വരുത്താൻ ഉന്നത പോലീസ് നേതൃത്വം മുൻകൈ എടുക്കണം. ഒരു നനഞ്ഞ പടക്കത്തിന്റെ പേരിൽ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾക്കെതിരെ നടന്ന കടന്നാക്രമണത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് റ്റി.യു.രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു.

രാഹുൽഗാന്ധിയുടെ വയനാട് സന്ദർശനവേളയിൽ നടന്ന സംഭവം ദുരൂഹമാണെന്നും നിജസ്ഥിതി പുറത്തു കൊണ്ടുവരാനുള്ള ഉത്തരവാദിത്വം സർക്കാരിനാണെന്നും ടി.യു.രാധാകൃഷ്ണൻ ഓർമ്മിപ്പിച്ചു. സ്വർണക്കടത്ത് കേസിൽ നിന്നും ജനശ്രദ്ധ മാറ്റാനുള്ള രാഷ്ട്രീയ നാടകമാണോ ഇതെന്നും ജനം സംശയിക്കുന്നുണ്ട്. അടിയന്തിരമായും യഥാർത്ഥ പ്രതികളെ കണ്ടെത്തി ദുരൂഹതയ്ക്ക് വിരാമം കുറിക്കണമെന്നും റ്റി.യു.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment