കോഴിക്കോട്: കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിലൂടെ കേരളത്തില്‍ പാര്‍ട്ടി ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സി യു സി സമ്പ്രദായം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുമെന്നും താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോട് ഡി സി സിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പ്രമുഖരായ നേതാക്കള്‍ ആരും പോയിട്ടില്ലെന്നും അധികാര മോഹികള്‍ മാത്രമാണ് പോയതെന്നും താരിഖ് അന്‍വര്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. വിലക്കയറ്റം രാജ്യത്തെ എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടും അവഗണിക്കുന്ന മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കും.സാധാരണക്കാരെ കൊള്ള ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ജനജാഗരണിലൂടെ പ്രതിഷേധിക്കും. താഴെ തട്ടിലുള്ളവരുടെ ജീവിത പ്രശ്നങ്ങള്‍ വിലയിരുത്താനും പരിഹാരം കണ്ടെത്താനുമുള്ള ജനജാഗരണ്‍ പരിപാടിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും. പാര്‍ട്ടിയില്‍ വിഭാഗീയതയും പ്രശ്നങ്ങളുമില്ല.മുതിര്‍ന്ന നേതാക്കളും നിലവിലുള്ള നേതൃത്വവും തമ്മില്‍ തര്‍ക്കമില്ലെന്നും താരീഖ് അന്‍വര്‍ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. എല്ലാകാര്യങ്ങളും മുതിര്‍ന്ന നേതാക്കളോട് കൂടി കൂടിയാലോചിച്ചാണ് നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ പിസി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, അഡ്വ. കെ ജയന്ത് സംബന്ധിച്ചു.
സി യു സി സമ്പ്രദായം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കും : താരിഖ് അൻവർ
