സത്യപ്രതിജ്ഞയ്ക്ക് ധൂർത്തടിച്ചത് കോടികൾ; പന്തലിടാൻ മാത്രം ചെലവഴിച്ചത് 87.63 ലക്ഷം; ഔദ്യോഗിക കണക്കുകൾ പുറത്ത്

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ധൂർത്താക്കി മാറ്റിയതിന്റെ കണക്കുകൾ പുറത്ത്. സെക്രട്ടറിയേറ്റ് മന്ദിരത്തിന് തൊട്ടുപുറകിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ പന്തലും സ്റ്റേജും ഒരുക്കുന്നതിന് മാത്രം 87.63 ലക്ഷം രൂപ ചെലവഴിച്ചത് ഉൾപ്പെടെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ തുക കരാറുകാരന് നൽകുന്നതിന് പൊതുമരാമത്ത് വകുപ്പ് ഇറക്കിയ ഉത്തരവിൽ തന്നെ ധൂർത്ത് വ്യക്തമാണ്.

കോവിഡ് പ്രതിസന്ധിക്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളടക്കം കുടുക്ക പൊട്ടിച്ച് സംഭാവന നൽകിയ വേളയിലാണ് പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത് നേരത്തെ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. 80,000 അടി വിസ്തീർണമുള്ള പ്രധാനവേദിയും അതിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽഇഡി സ്‌ക്രീനുകളും മറ്റ് രണ്ട് ഉപവേദികളും എയർ കണ്ടീഷൻ ഉൾപ്പെടെ പഞ്ചനക്ഷത്ര സൗകര്യങ്ങളുമൊക്കെയാണ് ചടങ്ങിന് ഒരുക്കിയിരുന്നത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാജ്ഭവനിലോ മറ്റേതെങ്കിലും ഹാളുകളിലോ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതാണ് അഭികാമ്യമെന്ന് വിവിധ തലങ്ങളിൽ നിന്ന് ആവശ്യമുയർന്നെങ്കിലും അത് പരിഗണിക്കാതെ മുഖ്യമന്ത്രി മുൻകൈയെടുത്ത് ചടങ്ങ് ആർഭാടമാക്കുകയായിരുന്നു. സത്യപ്രതിജ്ഞാച്ചടങ്ങ് സർക്കാർ വെബ്‌സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സൗകര്യമൊരുക്കിയിട്ടുള്ളതിനാൽ ധൂർത്ത് കുറയ്ക്കാമെന്ന നിർദ്ദേശവും മുഖ്യമന്ത്രി മുഖവിലക്ക് എടുത്തില്ല.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ളവർ നയിച്ച ഇടതുസർക്കാരുകളെ പ്രകീർത്തിച്ചുകൊണ്ട് ഇന്ത്യയിലെ പ്രശസ്തരായ 54 ഗായകരെ അണിനിരത്തിയുള്ള വെർച്വൽ സംഗീതാവിഷ്‌കാരത്തിനും ഖജനാവിൽ നിന്ന് നല്ലൊരു തുക ചെലവാക്കി.

Related posts

Leave a Comment