പ്രതിസന്ധി രൂക്ഷം: വിമതർക്കെതിരെ നടപടി എടുക്കുമെന്ന് ശ്രേയാംസ്കുമാർ


കോഴിക്കോട് : തലസ്ഥാനത്ത് വിമത യോഗം ചേര്‍ന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്, മുന്‍മന്ത്രി വി സുരേന്ദ്രന്‍ പിള്ള എന്നിവരടക്കമുള്ള വിമത നേതാക്കൾക്കെതിരേ അച്ചടക്ക നടപടി ഉണ്ടാകുമെന്ന്എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ.  എൽജെഡിയിൽ രൂപപ്പെട്ട പ്രതിസന്ധി രൂക്ഷമായ് തുടരുന്നതിനിടെയാണ് നടപടിയിലേക്ക് കടക്കുന്നത്.       വിമതർക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻഉടൻ പാർട്ടി സെക്രട്ടറിയേറ്റ് യോഗം ചേരും. വിമതയോഗം ചേർന്നവരിൽ ചിലർ വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും ഷേയ്ക് പി ഹാരിസും വി  സുരേന്ദ്രൻ പിള്ളയും മറുപടി നൽകിയിട്ടില്ല. പാർട്ടി ഭരണഘടന തന്നിഷ്ട പ്രകാരം നിർവചിക്കാൻ ആർക്കും അവകാശമില്ലെന്നും  ശ്രേയാംസ് കുമാർ പറഞ്ഞു.    തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്നവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് എല്‍ജെഡി നേതൃയോഗം തീരുമാനിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്, മുന്‍മന്ത്രി വി സുരേന്ദ്രന്‍ പിള്ള എന്നിവരടക്കം ഒമ്പത് പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം പാര്‍ട്ടി നേതൃത്വത്തിന് മറുപടി നല്‍കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ വിമത നേതാക്കൾ ഈ അന്ത്യശാസനം തള്ളിയതിനെ തുടർന്നാണ് നടപടിയിലേക്ക് കടക്കുന്നത്.      20ന് മുമ്പ് സംസ്ഥാന അധ്യക്ഷ സ്ഥാനം ശ്രേയാംസ് കുമാര്‍ ഒഴിയണമെന്നായിരുന്നു വിമത സ്വരം ഉയര്‍ത്തിയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യവും ശനിയാഴ്ച ചേര്‍ന്ന യോഗം തള്ളിയിരുന്നു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിന്റെയും പാര്‍ട്ടിയുടെ ഏക എംഎല്‍എ കെപി മോഹനന്റെയും പിന്തുണ ശ്രേയാംസ് കുമാർ വിഭാഗം ഉറപ്പാക്കുകയും ചെയ്തു. തർക്കം എൽഡിഎഫിനും തലവേദന സൃഷ്ടിക്കുകയാണ്. 

Related posts

Leave a Comment