ഇതര ജാതിക്കാരനുമായി ഒളിച്ചോടി ; മധ്യപ്രദേശിൽ വീട്ടുകാർ യുവതിയെ കൊലപ്പെടുത്തി .

ഗ്വാളിയോർ: ഇതര ജാതിയിൽപെട്ട യുവാവുമൊത്ത് ഒളിച്ചോടിയതിനെ തുടർന്ന് 20കാരിയെ വീട്ടുകാർ ചേർന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ നഗരത്തിലാണ് ഞെട്ടലുളവാക്കുന്ന സംഭവം.

ഈ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകം ആത്മഹത്യയെന്ന വരുത്തിത്തീർക്കാനുള്ള വീട്ടുകാരുടെ ശ്രമം ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരനെയും പിതാവിനേയും പോലിസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്ന് പേർ ഒളിവിലാണ്.

ജൂൺ അഞ്ചിനാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.ജൂലൈ ഏഴിന് തിരിച്ചെത്തി.യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പോലിസിൽ പരാതി നൽകിയിരുന്നു. മടങ്ങിയെത്തിയ യുവതിയെ പോലിസ് ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ ജൂലായ് 31ന് രക്ഷിതാക്കൾക്കൊപ്പം മടങ്ങാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് യുവതി വീട്ടിലേക്ക് പോകുകയായിരുന്നു.

ആഗസ്ത് രണ്ടിന് യുവതി ആത്മഹത്യ ചെയ്തതായി പിതാവ് പോലിസിൽ വിളിച്ചറിയിക്കുകയായിരുന്നു. ആത്മഹത്യയിൽ സംശയം തോന്നിയ പോലിസ് നടത്തിയ ഫോറൻസിക് പരിശോധനയിൽ കൊലപാതകമാണെന്ന് വ്യക്തമായി. ബന്ധുക്കളെ ചോദ്യം ചെയ്തതോടെ യുവതിയെ കൊന്ന് കെട്ടിത്തൂക്കിയാതാണെന്ന് ഇവർ സമ്മതിച്ചു. പിന്നാലെ പോലിസ് അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. ഒളിവിലുള്ള അമ്മാവനും കസിൻ സഹോദരങ്ങൾക്കുമായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലിസ് അറിയിച്ചു.

Related posts

Leave a Comment