ആരുമായും കൂടുന്ന പാര്‍ട്ടി സിപിഎം:വി.ഡി. സതീശന്‍

തിരുവനന്തപുരംഃ താല്‍ക്കാലിക ലാഭത്തിനു വേണ്ടി ആരുമായും സന്ധിയുണ്ടാക്കുന്ന പാര്‍ട്ടിയാണു സിപിഎം എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈരാറ്റുപേട്ടയില്‍ അധികാരത്തിലിരുന്ന യുഡിഎഫിനെ താഴെയിറക്കാന്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ സിപിഎമ്മിന്‍റെ മതേതരത്വമല്ല കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. കോണ്‍ഗ്രസിന് സിപിഎമ്മിന്‍റെയോ അതിന്‍റെ സെക്രട്ടറി എ വിജയരാഘവന്‍റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

എറണാകുളം മഹാരാജാസ് കോളെജില്‍ എസ്ഡിപിഐക്കാര്‍ കൊല ചെയ്ത അഭിമന്യുവിന്‍റെ വീട് ഇടുക്കി വട്ടവടയിലാണ്. ഈരാറ്റുപേട്ടയില്‍ നിന്ന് ഒട്ടും ദൂരമില്ല വട്ടവടയിലേക്ക്. ഈരാറ്റുപേട്ടയില്‍ എസ്‌ഡിപിഐയുമായി കൈകോര്‍ക്കുമ്പോള്‍ സിപിഎം അഭിമന്യുവിന്‍റെ മുഖം കൂടി ഓര്‍ക്കണമായിരുന്നു എന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കി എന്നു പുരപ്പുറത്തു കയറിനിന്ന് വിളിച്ചു കൂവിയവരാണ് അന്നും ഇന്നും എസ്‌ഡിപിയുമായി കൈകോര്‍ത്തതെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിലെ പ്രബലമായ രണ്ടു സമൂഹങ്ങള്‍ പരസ്പരം പ്രകോപനപരമായ പ്രസ്താവനകളും പ്രകടനങ്ങളും നടത്തി നാട്ടിന്‍റെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത് അപകടരമാണ്. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി അക്രമങ്ങള്‍ക്കും മത സപ്ര്‍‌‌ധയ്ക്കും ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരേ ഒരു നടപടിയും കേരളത്തിലെ പോലീസോ സര്‍ക്കാരോ ചെയ്യുന്നില്ല. പ്രകോപനങ്ങള്‍ക്കു സഹായകരമായ നിലപാടാണു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. അത് അവസാനിപ്പിക്കണം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തിരമായി സര്‍വകക്ഷി യോഗം വിളിക്കണം. അതില്‍ പ്രമുഖ സമുദായ നേതാക്കളെയും പങ്കെടുപ്പിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment