പെരിയ ഇരട്ടക്കൊല: സിബിഐയെ മറി കടക്കാൻ സിപിഎം സംസ്ഥാന നേതൃത്വം

കൊച്ചി: പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ചുമതല സിപിഎം സംസ്ഥാന നേതൃത്വം നേരിട്ട് ഏറ്റെടുക്കുന്നു. ഇന്നു തിരുവനന്തപുരത്തു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രധാന അജൻഡ പെരിയ ഇരട്ടക്കൊല കേസാണ്. അധികാരത്തിന്റെ മുഴുവൻ കവചങ്ങളും ലഭിച്ചിട്ടും ലോക്കൽ പൊലീസ് പോലും സിപിഎം നേതൃത്വത്തിനെ പ്രതിക്കൂട്ടിലേക്കു നയിച്ച കേസ് ക്രൈം ബ്രാഞ്ച് പൊലീസിനെ ഉപയോ​ഗിച്ച് അട്ടിമറിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞപ്പോഴാണ് നേരറിയാൻ സിബിഐഎത്തിയത്. അവർ നടത്തിയ അന്വേഷണത്തിൽ സിപിഎം കാസർ​ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അം​ഗവും ഉദുമ മുൻ എംഎൽഎയുമായ കെ,വി. കുഞ്ഞിരാമൻ പ്രതിയായതോടെ സിപിഎം വലിയ പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിലാണ് തുടർനടപടികൾ ആലോചിക്കാൻ ഇന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്.

കെ,വി. കുഞ്ഞിരാമൻ


കുഞ്ഞിരാമനെ പ്രതി ചേർത്തെങ്കിലും അറസ്റ്റ് ഒഴിവാക്കാനും കൂടുതൽ നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുമാണ് നേതൃത്വത്തിന്റെ തീരുമാനം. മന്ത്രി എം.വി. ​ഗോവിന്ദനാണ് തന്ത്രങ്ങളുടെ ചുമതല. സിബിഐ സ്വീകരിക്കുന്ന ഓരോ നീക്കവും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു നിരീക്ഷിക്കുന്നുമുണ്ട്. ശരത് ലാൽ, കൃപേഷ് എന്നീ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ കൊലപാതകം അന്വേഷിക്കാൻ സിബിഐ വരേണ്ടെന്നു വാദിക്കാൻ ഒരു കോടിയോളം രൂപ കേരളത്തിന്റെ ഖജനാവിൽ നിന്നു പിണറായി വിജയൻ ചെലവഴിച്ചിട്ടും ഹൈക്കോടതിയുടെ ഉത്തരവ് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിരാമൻ അടക്കം പത്തു പേർ കൂടി പ്രതിപ്പട്ടികയിൽ എത്തിയതും അഞ്ചു സിപിഎം പ്രാദേശിക നേതാക്കൾ കസ്റ്റഡിയിലായതും.

ശരത് ലാൽ, കൃപേഷ്


  • ഗൂഢാലോചന നടന്നത് എച്ചിലടുക്കം പാർട്ടി ഓഫീസിൽത്തന്നെ

സിപിഎമ്മിനെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് ഇരട്ടക്കൊലപാതകത്തിന്റെ ​ഗൂഢാലോചനയാണ്. കല്യാട് എച്ചിലടുക്കത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കൊലപാതകത്തിന്റെ ​ഗൂഢാലോചന നടന്നതെന്നു സിബിഐ ഉറപ്പിച്ചു കഴിഞ്ഞു. അന്ന് ഈ ഓഫീസിന്റെ ചുമതലക്കാരനായിരുന്ന രാജേഷ് (രാജു) ആണ് ഇപ്പോൾ ഈ ബ്രാഞ്ചിന്റെ സെക്രട്ടറി. രാജുവിന് കൊലപാതകത്തിന്റെ എല്ലാ വിവരങ്ങളും അറിയാമായിരുന്നു എന്ന നി​ഗമനത്തിലാണ് ഇപ്പോൾ സിബിഐ അയാളെ അറസ്റ്റ് ചെയ്തത്. ഇതേക്കുറിച്ച് കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസിനും അക്കാര്യം അറിയാമായിരുന്നു. സംഭവത്തിന്റെ ​ഗൂഢാലോചന നടന്നത് എച്ചിലടുക്കത്തെ പാർട്ടി ഓഫീസിലാണെന്ന് ലോക്കൽ പോലീസും രേഖപ്പെടുത്തി. അതിന്റെ അപകടം മണത്ത കെ.വി. കുഞ്ഞിരാമൻ ഉടൻ രം​ഗത്തെത്തി. ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോർജിനെ സർക്കിൾ ഇൻസ്പെക്റ്ററുടെ കസ്റ്റഡിയിൽ നിന്നു ബലമായി മോചിപ്പിച്ചത് കുഞ്ഞിരാമന്റെ നേതൃത്വത്തിലായിരുന്നു. ഇതാണ് കുഞ്ഞിരാമനിലേക്ക് കൂടുതൽ അന്വേഷിക്കാൻ സിബിഐയെ പ്രേരിപ്പിച്ചത്.
കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ളവർക്കും അവരെ സഹായിച്ചവർക്കും കുഞ്ഞിരാമൻ നേരിട്ടു നിർദേശങ്ങൾ നൽകിയെന്നും സിബിഐക്കു തെളിവ് ലഭിച്ചു. കൊലപാതകത്തിന്റെ ​ഗൂഢാലോചന നടന്നത് എച്ചിലടുക്കത്തെ ബസ് സ്റ്റാൻഡിലാണെന്നാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തന്നെയാണെന്ന ലോക്കൽ പൊലീസിന്റെ നിരീക്ഷണം ശരിവയ്ക്കുന്നതാണ് സിബിഐ യുടെയും കണ്ടെത്തൽ.

  • ക്രൈംബ്രാഞ്ച് സംഘത്തെ മൂന്നു തവണ മാറ്റിയത് കേസ് വരുതിയിലാക്കാൻ

തങ്ങൾ കസ്റ്റിഡയിലെടുത്ത പ്രതികൾക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നാണ് സിബിഐ ഇന്നലെ സിജെഎം കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതികളുടെ ഉന്നത ബന്ധമാണ് അതിനു കാരണമായി സിബിഐ ചൂണ്ടിക്കാട്ടിയത്. ഭരണ സ്വാധീനമുണ്ടായിട്ടും പ്രതികൾക്കെതിരേ ചെറുവിരൽ അനക്കിയ ലോക്കൽ പൊലീസിന്റെ അത്രപോലും ​ഗൗരവം രണ്ടാമത് അന്വേഷിച്ച ക്രൈം ബ്രാഞ്ച് കാണിച്ചില്ലെന്നും സിബിഐ രേഖപ്പെടുത്തുന്നു. മൂന്നു തവണയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റിയത്. പാർട്ടി പറയുന്നതു പോലെ കാര്യങ്ങൾ ചെയ്യാതിരുന്ന മുഴുവൻ ഉദ്യോ​ഗസ്ഥരെയും അന്വേഷണത്തിൽ നിന്നു മാറ്റി. സിപിഎം കാസർ​ഗോഡ് ജില്ലാ കമ്മിറ്റിയാണ് പ്രതികളുടെ പട്ടിക തയാറാക്കിയതും ക്രൈം ബ്രാഞ്ചിനു കൈമാറിയതും. ക്രൈം ബ്രാഞ്ച് മലപ്പുറം ഡിവൈഎസ്പിയായിരുന്ന പി.എം. പ്രദീപ് കുമാറാണ് അവസാനവട്ട തിരക്കഥ തയാറാക്കിയത്. അതിൽ പാർട്ടി പറഞ്ഞവരെയൊക്കെ പ്രതികളും സാക്ഷികളുമാക്കി.


എന്നാൽ സിബിഐ അന്വേഷച്ചപ്പോൾ സാക്ഷികളിൽ പലരും പ്രധാന പ്രതികളുമായി. ഈ സാധ്യത മുന്നിൽ കണ്ടാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളുടെ ആവശ്യപ്രകാരം സിബിഐ വരുന്നതിനെ തുടക്കം മുതൽ സിപിഎം എതിർത്തത്. കോഴിക്കോട് വടകരയിൽ ആർഎംപി നേതാവ് ടി.പി‌ ചന്ദ്രശേഖരൻ വധക്കേസിനു സമാനമായ തരത്തിലായിരുന്നു കല്യാട്ട് ശരത് ലാൽ- കൃപേഷ് ഇരട്ടക്കൊല സിപിഎം ആസൂത്രണം ചെയ്തത്. വളരെ വ്യക്തമായ ആസൂത്രണവും രാഷ്‌ട്രീയ സംരക്ഷണവും പ്രതികൾക്കു ലഭിച്ചു.
അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു ഓപ്പേറേഷൻ. കൊലപാതകം നടത്താനുള്ള സംഘമായിരുന്നു ആദ്യത്തേത്. ഇരകളെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകാനും അവരെ കെണിയിൽ വീഴ്ത്താനുമുള്ള നിയോ​ഗമായികുന്നു രണ്ടാമത്തെ സംഘത്തിന്. പ്രതികളെ സംഭവ സ്ഥലത്തു നിന്നു രക്ഷിച്ച് സുരക്ഷിത കേന്ദ്രത്തിലെത്തിക്കാനുള്ള സംഘത്തിനും പാർട്ടി രൂപം നൽകി. ഇവരുടെ കസ്റ്റഡിയിൽവച്ച് പ്രതികളുടെ വസ്ത്രം, ആയുധം എന്നിവ നീക്കം ചെയ്ത് പ്രതികളെ സുരക്ഷിത താവളത്തിലെത്തിക്കാനുള്ള ബാധ്യത മറ്റൊരു സംഘത്തെ ഏല്പിച്ചു. കേസിൽ പിടികൊടുക്കാനുള്ള ചുമതലയായിരുന്നു നാലാമത്തെ സംഘത്തിന്. പാർട്ടി നിശ്ചയിച്ച പ്രതികളായിരുന്നു ഇവർ. ഇവരെക്കൂടാതെ പാർട്ടിയിലെ നേതാക്കളെയോ, പ്രധാന പ്രതികളെയോ കസ്റ്റഡിയിലെടുത്താൽ ബലമായി മോചിപ്പിക്കാനായിരുന്നു അഞ്ചാമത്തെ സംഘം. ഈ സംഘത്തെയാണ് ഉദുമ മുൻ എംഎൽഎ കുഞ്ഞിരാമനും സംഘവും നയിച്ചത്. രണ്ടാം പ്രതി സജി ജോർജ് അടക്കമുള്ളവരെ അവർ ബലമായി മോചിപ്പിക്കുകയും ചെയ്തു.


സിബിഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയവരിൽ പാർട്ടി അം​ഗങ്ങൾ മാത്രമല്ല, അനുഭാവികളുമുണ്ട്. ഒരു അഭിഭാഷകൻ, കല്യാട്ടെ വ്യാപാരി എന്നിവരും അതിൽപ്പെടും. ഇവരെയെല്ലാം അറസ്റ്റ് ചെയ്താൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നാണ് സിപിഎം കാസർ​ഗോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മുന്നറിയിപ്പ് നൽകുന്നത്. നേരായ വഴിക്ക് സിബിഐ അന്വേഷണം തുടർന്നാൽ കുഞ്ഞിരാമനു പുറമേ, തദ്ദേശ മന്ത്രി എം.വി. ​ഗോവിന്ദന്റെ പഴ്സണൽ അസിസ്റ്റൻ‌റ് വി.പി.പി. മുസ്തഫ, പാർട്ടി ലോക്കൽ, ഏരിയ, ജില്ലാ നേതാക്കൾ പലരും കുടുങ്ങും. അത്രത്തോളം മുന്നോട്ടു പോകാൻ സിബിഐയെ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. അവസാനത്തെ ആയുധമെന്ന നിലയിൽ, ഉറ്റമിത്രം നരേന്ദ്ര മോദിയുടെ സഹായം തേടിയെങ്കിലും സിബിഐയെ നിശബ്ദമാക്കാനുള്ള രഹസ്യ തന്ത്രങ്ങളും സിപിഎം ആലോചിക്കുന്നുണ്ട്.
അതേ സമയം, കേസ് ഇത്രത്തോളെ എത്തിച്ച സാ​ഹചര്യത്തിൽ യഥാർഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്നു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും കോൺ​ഗ്രസ് നേതൃത്വവും.

Related posts

Leave a Comment