തിരുവനന്തപുരത്ത് സിപിഎമ്മിൽ കാലുവാരൽ; മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയുണ്ടാകും

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ അരുവിക്കര മണ്ഡലത്തിൽ നടന്ന സിപിഎം കാലുവാരലിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിക്ക് പാർട്ടി കമ്മീഷന്റെ ശുപാർശ. പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ വി.കെ മധുവിനെതിരെയാണ് നടപടിക്ക് ശുപാർശ നൽകിയിരിക്കുന്നത്. അരുവിക്കരയിലെ സിപിഎം സ്ഥാനാർഥി ജി. സ്റ്റീഫനെ കാലുവാരാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് കമ്മിഷനെ നിയോഗിച്ചത്. അരുവിക്കരയിൽ വി.കെ മധു സ്ഥാനാർഥിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി സ്റ്റീഫൻ സ്ഥാനാർഥിയാകുകയായിരുന്നു. 5046 വോട്ടിന് സ്റ്റീഫൻ‌, ജി. കാർത്തികേയന്റെ മകനും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥിനെ തോൽപ്പിച്ചെങ്കിലും സിപിഎമ്മിൽ കാലുവാരൽ നടന്നുവെന്നാണ് പാർട്ടി കമ്മീഷന്റെ കണ്ടെത്തൽ.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. ജയൻ ബാബു, സി. അജയകുമാർ, കെ.സി. വിക്രമൻ എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ട് 27ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റും കമ്മറ്റിയും ചർച്ച ചെയ്യും. പാർട്ടി സെക്രട്ടറി എ. വിജയരാഘവൻ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വി.കെ മധു മനഃപൂർവം വിട്ടുനിന്നത് താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അരുവിക്കരയിലെ സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്  ആദ്യം നിർദേശിച്ചത് വി.കെ മധുവിനെയായിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ജി. സ്റ്റീഫനെ തീരുമാനിച്ചത്. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചായിരുന്നു നീക്കം. എന്നാൽ, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ആദ്യഘട്ടം മുതൽ വി.കെ മധു വിട്ടു നിന്നു. കോടിയേരി ബാലകൃഷ്ണന്റെ നേരിട്ടുള്ള ഇടപെടലും ഫലം കണ്ടില്ല. അവസാനഘട്ടത്തിൽ പ്രചാരണത്തിനിറങ്ങിയെങ്കിലും സജീവമായിരുന്നില്ല.
മണ്ഡലം കമ്മിറ്റിക്കും ഇക്കാര്യത്തിൽ അമർഷമുണ്ടായിരുന്നു. സിപിഎം വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി മധുവിനെതിരെ പാർട്ടിക്കു പരാതി നൽകുകയും ചെയ്തു.  ജില്ലാ സെക്രട്ടേറിയറ്റിന്റെ  തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും മധുവിന്റെ നിസ്സഹകരണം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണ കമ്മിഷനെ വച്ചത്. മുതിർന്ന നേതാവ് തന്നെ വിഭാഗീയ പ്രവർത്തനം നടത്തിയത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വം. എന്നാൽ പാർട്ടിയിലെ വിഭാഗീയതയാണ് മധുവിനെതിരെ നടപടിക്ക് കാരണമെന്ന ആക്ഷേപം മറുവിഭാഗവും ഉയർത്തുന്നുണ്ട്.

Related posts

Leave a Comment