പെരിയക്കേസിൽ സിപിഎമ്മിന് തിരിച്ചടി; പ്രതികൾക്ക് ജാമ്യമില്ല; ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീളും

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ സിപിഎമ്മിന് തിരിച്ചടി. സിബിഐ അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകരായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. ഇതോടെ ഈ കേസിന്റെ അന്വേഷണം കൂടുതൽ ഉന്നത സിപിഎം നേതാക്കളിലേക്ക് നീളും എന്നത് പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സിപിഎമ്മിൻറെ കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയായ കെവി കുഞ്ഞിരാമൻ അടക്കമുള്ള ഉന്നത നേതാക്കൾ ഉൾപ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ.

സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം സിജെഎം കോടതി തളളിയത്. പ്രതികളായ സിപിഎം നേതാക്കൾക്ക് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന സിബിഐ വാദം അംഗീകരിച്ചാണ് കോടതി നടപടി. കൊലപാതകത്തിലെ ഗൂഢാലോചന നടത്തുക, കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിൻ്റെയും കൃപേഷിൻ്റെയും യാത്ര വിവരങ്ങൾ കൈമാറുക, കൊലപാതകം നടത്തിയവർക്ക് ആയുധങ്ങൾ സമാഹരിച്ച്‌ നൽകുക, പ്രതികൾക്ക് വേണ്ടി വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ നിലവിൽ അറസ്റ്റിലായ അഞ്ച് പ്രതികളും ചെയ്തതായി സിബിഐ കണ്ടെത്തിയിരുന്നു.

കാസർഗോഡ് പെരിയയിൽ 2019 ഫെബ്രുവരി 17 ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലാണ് സിപിഎം പ്രാദേശിക നേതാക്കൾ അടക്കമുളളവരെ സിബിഐ അറസ്റ്റു ചെയ്തത്.

സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്.

Related posts

Leave a Comment