സിപിഎം സംസ്ഥാന സമിതി തുടങ്ങി, സുധാകരനും രാജേന്ദ്രനും നടപടിയിലേക്ക്

തിരുവനന്തപുരംഃ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിലുണ്ടായ കടുത്ത അച്ചടക്കവിരുദ്ധ നടപടികളും വിഭാഗീയതയും ചര്‍ച്ച ചെയ്തു നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗം തുടങ്ങി. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ അധ്യക്ഷതയിലാണു യോഗം എകെജി സെന്‍ററില്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്. മുന്‍ മന്ത്രി ജി. സുധാകരന്‍, മുന്‍ എംഎല്‍എ എ രാജ എന്നിവര്‍ക്കെതിരേ അച്ചടക്കലംഘനം തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരേ നടപടിയുണ്ടാകുമെന്നാണു സൂചന. ഇരുവരെയും തരംതാഴ്ത്തിയേക്കുമെന്നാണു പുറത്തുവരുന്ന വിവരം.

കുറ്റ്യാടി, അമ്പലപ്പുഴ, ദേവികുളം എന്നിവിടങ്ങിളിലാണ് പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരേ വിഭാഗീയ നീക്കം നടന്നത്. കുറ്റ്യാടിയില്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റാന്‍ പോലും പാര്‍ട്ടി നിര്‍ബന്ധിതമായി. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനു നല്‍കിയ സീറ്റ് തിരികെ വാങ്ങി, കെ.പി. കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിച്ചു വിജയിപ്പിച്ചെങ്കിലും പാര്‍ട്ടി നേതൃത്വത്തിനു വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ, കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന കെ.പി. ചന്ദ്രി, മോഹന്‍ദാസ് എന്നിവരെ തരം താഴ്ത്തുകയും ചെയ്തു. കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

സമാനമായ നടപടികളാണ് അമ്പലപ്പുഴയിലും ദേവികുളത്തും ആലോചിക്കുന്നത്. നടപടിയുണ്ടായാല്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കുകയാണ് ദേവികുളം മുന്‍എംഎല്‍എ രാജേന്ദ്രന്‍. തന്നെ പുകച്ചു പുറത്തു ചാടിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിക്കുന്നതായി രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി വിട്ടു പോകില്ലെന്ന് രാജേന്ദ്രന്‍ പറയുന്നുണ്ടെങ്കിലും സിപിഐയിലേക്കു പോകുമെന്നു ദേവികുളത്ത് വ്യാപകമായ പ്രചാരണമുണ്ട്. ഏതായാലും ഇന്നത്തെ സംസ്ഥാന സമിതി യോഗത്തിലെ തീരുമാനം വന്നശേഷം തുടര്‍നടപടിയെന്നാണ് രാജേന്ദ്രനെ അനുകൂലിക്കുന്നവരുടെ പ്രതികരണം.

Related posts

Leave a Comment