വാക്കേറ്റവും കയ്യാങ്കളിയും; സിപിഎം ലോക്കൽ സമ്മേളനം അലങ്കോലമായി

കാലടി: സിപിഎം ശ്രീമൂലനഗരം ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട് സമ്മേളന ഹാളിൽ പ്രതിനിധികൾ തമ്മിൽ പരസ്പരം വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. നീണ്ട 20 വർഷക്കാലം ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്നവരെ  ഒഴിവാക്കിയതും, ചില പ്രദേശങ്ങൾക്ക് പ്രാതിനിധ്യമില്ലാത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിലെല്ലാം പ്രതിഷേധിച്ച്  സമ്മേളനം നടന്ന എസ്എൻഡിപി ഹാളിലേക്ക് യുവാക്കൾ ഇരച്ചു കയറുകയും വാക്കേറ്റവും,ഭീഷണി ഉയർത്തുകയുമായിരുന്നു.ഇതേതുടർന്ന് നിർത്തി വച്ച സമ്മേളനം മണിക്കൂറുകൾക്കു ശേഷമാണ് പുനരാരംഭിച്ചത്.

ഔദ്യോഗിക വിഭാഗം  ചിലരെ വെട്ടി നിരത്താൻ ശ്രമിച്ചതും, അതു തടയാൻ മറുവിഭാഗം മുതിർന്നതും പ്രശ്‌നം രൂക്ഷമാക്കി. എം പി അബു പുതിയ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 25 വർഷം തുടർച്ചയായി ഭരണം കയ്യാളിയിരുന്ന ശ്രീമൂലനഗരം പഞ്ചായത്തിൽ കഴിഞ്ഞ നാലു ടേമായി പ്രതിപക്ഷത്തായതിനെതിരെ വലിയ വിമർശനമാണ് നേതൃത്വം നേരിടേണ്ടി വന്നത്. എന്നാൽ പുതിയ ലോക്കൽ കമ്മിറ്റിയുടെ  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി അംഗങ്ങൾക്കിടയിൽ വലിയ ചേരിതിരിവും, അഭിപ്രായവ്യത്യാസവുമാണ് ഉണ്ടായിട്ടുള്ളതെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഏറെ നാളുകളായി ഗ്രൂപ്പ് വൈരം മൂലം കണ്ടാൽ മിണ്ടാത്തവർ പോലും  പാർട്ടി ഫോറങ്ങളിൽ ഉണ്ടെന്ന് അംഗങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment