അതിവേ​ഗ റെയിൽപ്പാത: സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് ഡോ. ശൂരനാട് രാജശേഖരൻ

കൊല്ലം: സംസ്ഥാനത്തിൻ്റെ റെയിൽ ഗതാഗത വികസനത്തിന് സെമി അതിവേഗ റെയിൽപ്പാത അനിവാര്യമാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സി.പിഎമ്മും ജനങ്ങളെ കബളിപ്പിക്കുകയും സിപിഎമ്മിന്റെ മുൻനിലപാടുകളിൽ വെള്ളം ചേർക്കുകയുമാണെന്നു കെപിസിസി മുൻ വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ. സിപിമ്മിന് ദേശീയ തലത്തിൽ ഒരു നിലപാടും സംസ്ഥാനത്ത് വേറൊരു നിലപാടുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് നടപ്പാക്കിയ അതിവേ​ഗ റെയിൽ പദ്ധതികൾക്കെതിരേ പാർലമെന്റിൽ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് സംസ്ഥാനത്ത് സമാനമായ പദ്ധതി നടപ്പാക്കാൻ ആവേശം കാട്ടുന്നത്. 2014ലെ റെയിൽവേ ബജറ്റിൽ അവതരിപ്പിക്കപ്പെട്ട രാജ്യത്തെ പ്രഥമ അതിവേഗ റെയിൽപ്പാതയായ അഹമ്മദബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വെറും തട്ടിപ്പാണെന്നും പൊതുമുതൽ കൊള്ളയടിക്കാനുള്ള തട്ടി ക്കൂട്ട് പരിപാടിയാണെന്നു മായിരുന്നു സി പി എമ്മിൻ്റെ നിലപാട്. റെയിൽ ബജറ്റിനെക്കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള സിപിഎം അംഗങ്ങൾ ശക്തിയുക്തമായാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ വിമർശിച്ചത്.


രാജ്യസഭാ മുൻ അംഗവും നിലവിൽ സംസ്ഥാനത്തെ ധനകാര്യ മന്ത്രിയുമായ കെ എൻ ബാലഗോപാൽ അതിവേഗ റെയിൽ പാതയെ ശക്തിയുക്തം എതിർത്തിരുന്നു. നിലവിലുള്ള റെയിൽവേ പദ്ധതികൾ നന്നാക്കുകയും വികസിപ്പിക്കുകയുമാണ് അഭികാമ്യം. സാധാരണ ട്രെയിനുകളുടെ വേഗവും സാങ്കേതിക സൗകര്യങ്ങളും വർധിപ്പിക്കുകയാണ് വേണ്ടത്‌. ഹൃസ്വദൂര യാത്രകൾക്കായി കൂടുതൽ മെമു സർവീസുകളാണ് ഏറ്റവും ആവശ്യം. പാത ഇരട്ടിപ്പിക്കലും റെയിൽവേ സ്റ്റേഷനുകളുടെ വികസനവും വേഗത്തിലാക്കുകയും വേണമെന്നുമാണ് ബാല​ഗോപാൽ ആവശ്യപ്പെട്ടത്.
അതിവേഗ റെയിൽ ( ബുള്ളറ്റ് ടെയിൻ) എന്ന പദ്ധതി “രാജ്യത്തെ വളരെ മോശമായ ആശയമെന്നാണ് പാർട്ടി പത്രമായ പീപ്പിൾസ് ഡെമോക്രസി വിശേഷിപ്പിച്ചിരിക്കുന്നത്. കോടികൾ ചിലവഴിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി വെള്ളാനയായി തീരുമെന്നാണ് പാർട്ടി പത്രം മുന്നറിയിപ്പ് നൽകുന്നത്. ഒരു കിലോമീറ്ററിന് 250 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന അഹമ്മദബാദ്-മുംബൈ അതിവേഗ റെയിൽ പാതയ്ക്കായി ഒന്നേകാൽ ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് വിലയിരുത്തുന്നത്. ഒരു കിലോമീറ്ററിന് ശരാശരി 8 രൂപ യാത്രാക്കൂലി നൽകേണ്ടി വരുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. മേൽപ്പറഞ്ഞ റൂട്ടിലുള്ള വിമാനക്കൂലിയേക്കാൾ കൂടുതൽ തുക ബുള്ളറ്റ് ട്രെയിനിൽ കൊടുക്കേണ്ടി വരുമെന്നാണ് ലേഖനത്തിൽ എഴുതിയിരിക്കുന്നത്.
ഇന്ത്യൻ പരിസ്ഥിതിക്കും, വികസന ആശയങ്ങൾക്കും ഒട്ടും നിരക്കാത്ത പദ്ധതിയാണ് അതിവേഗ റെയിൽപ്പാതയെന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന പാർട്ടിയാണ് കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ പദ്ധതി വെള്ളാനയാണെന്നും, പൊതുമുതൽ കട്ടുമുടിക്കാനുള്ള ഉപാധിയാണെന്നും പറയുന്നവർ എന്തിനാണ് കേരളത്തിലെ ജനങ്ങൾക്ക് മേൽ അതിവേഗ റെയിൽ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കുന്നില്ല എന്നും സിപിഎം വിലയിരുത്തി.
അഹമ്മദബാദ് – മുംബൈ അതിവേഗ റെയിൽപ്പാത കടന്നു പോകുന്ന മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലെ കർഷകരെയും ജനങ്ങളെയും സംഘടിപ്പിച്ച് കഴിഞ്ഞ രണ്ട് വർഷമായി ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ നിരന്തര സമരത്തിലാണ് മഹാരാഷ്ട്രയിലെ സിപി.എം ഘടകവും അഖിലേന്ത്യാ കിസാൻ സഭയും. പാർട്ടി കേന്ദ്ര കമ്മറ്റിയുടെ അനുവാദത്തോടെയാണ് മഹാരാഷ്ട്ര സി പി എം സമരം നടത്തുന്നത്. സമാനമായ തോതിലാണ് കേരളത്തിലും അതിവേഗ പാതയ്ക്കായി കൃഷി ഭൂമി ഏറ്റെടുക്കാൻ ആലോചിക്കുന്നത്. മഹാരാഷ്ട്രയിൽ അതിവേഗ പാതയ്ക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന സി.പിഎമ്മും അവരുടെ കർഷക സംഘടനയും കേരളത്തിൽ സമാന സ്വഭാവമുള്ള പാതയ്ക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ കൈ -മെയ് മറന്ന് പിന്തുണയ്ക്കുന്നത് ദുരൂഹമാണ്.
ജീവസന്ധാരണത്തിനായി ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾ പ്രതിദിനം സഞ്ചരിക്കുന്ന ഓർഡിനറി ട്രെയിനുകളുടെ സുരക്ഷയെ മറന്നു കൊണ്ടാണ് മോദി സർക്കാർ സങ്കൽപ്പ ലോകത്തെ ബുള്ളറ്റ് ട്രെയിനുകൾക്കായി പണം ചെലവാക്കുന്നതെന്നു സീതാറാം യെച്ചൂരി 2017 സെപ്റ്റംബർ 29 ന് തൻ്റെ ട്വീറ്റർ അക്കൗണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പിണറായി സർക്കാരിൻ്റെ സെമി ഹൈസ്പീഡ് പദ്ധതിയെന്ന സങ്കൽപ്പ ലോകത്തെ പറക്കും ട്രെയിനിനെക്കുറിച്ച് മൗനിബാബയായി പാർട്ടി അഖിലേന്ത്യാ സെക്രട്ടറി മാറുകയും ചെയ്യുന്നു.
കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സെമി അതിവേഗ റെയിൽപ്പാത സൃഷ്ടിക്കാനിടയുള്ള ആപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയാൽ പിണറായി വിജയൻ്റെ ഔദാര്യത്തിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന സീതാറാം യെച്ചൂരി പിന്നെ ഈ പാർട്ടിയിലുണ്ടാവില്ലെന്നതാണ് പരമാർത്ഥം.
ആയിരങ്ങളെ പെരുവഴിയിലാക്കുന്ന സംസ്ഥാനത്തെ സെമി അതിവേഗ പാതയെക്കുറിച്ച് അണികളെ ഉദ്ബോധിപ്പിക്കാൻ യെച്ചൂരി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുമതി കാത്തിരിക്കുകയാണെന്നും ശൂരനാട് രാജശേഖരൻ കുറ്റപ്പെടുത്തി.

Related posts

Leave a Comment