സിപിഎം ജനങ്ങളെ ജാതീയമായി വേർതിരിച്ചു കാണുന്നു: കെപിസിസി പ്രമേയം

തിരുവനന്തപുരം: വർഗീയതയെ പാലൂട്ടി വളർത്തുന്ന സിപിഎം ജനങ്ങളെ ജാതീയമായി വേർതിരിച്ചു കാണുകയാണെന്നും ബിജെപിക്കു പോലും ഇല്ലാത്ത അഭിപ്രായങ്ങളാണ് എറണാകുളത്തെ സിപിഎമ്മിനുള്ളതെന്നും ഉൾപ്പെടെ അതിരൂക്ഷ വിമർശനങ്ങളോടെ കെപിസിസി പ്രമേയം. ആലുവയിൽ നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുടുംബത്തിനു നീതി ലഭ്യമാക്കാൻ ജനപ്രതിനിധികൾ നടത്തിയ സമരത്തിൽ പങ്കെടുത്ത കെഎസ് യു, യൂത്ത് കോൺഗ്രസ് നേതാക്കളെ പുലർച്ച വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത പൊലീസ്, കോടതിയിൽ കൊടുത്ത എഫ്‌ഐആറിൽ തീവ്രവാദബന്ധം ആരോപിച്ച് ഇവർക്ക് ജാമ്യം നിഷേധിച്ചത് അതീവഗുരുതരമായ വീഴ്ചയാണ്. ഇതിനു നേതൃത്വം നല്കിയ എസ്‌ഐ, എഎസ്‌ഐ എന്നിവരെ സർക്കാർ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് ശ്രമിച്ചത്.

ജില്ലയിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ സമ്മർദംമൂലമാണ് പോലീസ് ഇത്തരമൊരു എഫ്‌ഐആർ ഇട്ടത്. ഇത്തരം വർഗീയവത്കരണ ശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും പ്രമേയം വിമർശിക്കുന്നു. എടത്തലയിൽ പൊലീസ് മർദനത്തിനെതിരേ കോൺഗ്രസ് പ്രതിഷേധിച്ചപ്പോൾ, ആലുവ ഇന്ത്യൻ യൂണിയൻ റിപ്പബ്ലിക്കിന്റെ ഭാഗമാണോ എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചത്. ആലുവയിലെ ജനങ്ങളെ നിരന്തരം അവഹേളിക്കുകയും വർഗീയവത്കരിക്കുകയും ചെയ്യുന്ന സിപിഎം ജനങ്ങളെ ജാതീയമായി വേർതിരിച്ചു കാണുകയാണ്. അവർ വർഗീയതയെ പാലൂട്ടി വളർത്തുകയാണ്. ബിജെപിക്കു പോലും ഇല്ലാത്ത അഭിപ്രായങ്ങളാണ് എറണാകുളത്തെ സിപിഎമ്മിനുള്ളതെന്നും പ്രമേയം കുറ്റപ്പെടുത്തി.

Related posts

Leave a Comment