വ്യവസായിയെ വിരട്ടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു സസ്പെന്‍ഷന്‍

കൊല്ലംഃ ചവറ ഗുഹാനന്ദപുരം മുഖംമൂടി ജംക്ഷനില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പണിത പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം ഗുഹാനന്ദപുരം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ബിജുവിനെ സസ്പെന്‍ഡ് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ അവൈലബിള്‍ യോഗമാണു തീരുമാനമെടുത്തത്. സിപിഎം നിലപാടിനെതിരേ അതിരൂക്ഷമായ ജനവികാരമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ബിജുവിന്‍റെ നടപടി പാര്‍ട്ടിക്ക് അവമതി ഉണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയ‌റ്റ് വിലയിരുത്തി, പാര്‍ട്ടി രക്തസാക്ഷിക്കു സ്മാരകമുണ്ടാക്കുന്നതിനു പതിനായി‌രം രൂപ ചോദിച്ചതു കിട്ടാതെ വന്നപ്പോഴാണ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം കാത്തിരുന്ന കണ്‍വന്‍ഷന്‍ സെന്‍ററിനു മുന്നില്‍ കൊടി കുത്തുമെന്ന് ബിജു ഭീഷണി മുഴക്കിയത് . ബിജു ഭാരവാഹിയായ ക്ഷേത്ര ഭരണ സമിതിയും വ്യവസായിയോട് പതിനയ്യായിരം രൂപ ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയിലായതിനാല്‍ തല്‍ക്കാലം പണമില്ലെന്നും പിന്നീടു തരാമെന്നു പറഞ്ഞെന്നുമാണ് വ്യവസായി പറയുന്നത്. എന്നാല്‍ ഇത്രയും വൈകിയ സാഹചര്യത്തില്‍ ഇനി തന്നെ വിളിച്ചിട്ടു കാര്യമില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നു വിളിച്ചു പറഞ്ഞാലും താന്‍ കേള്‍ക്കില്ലെന്നുമായിരുന്നു ബിജുവിന്‍റെ ഭീഷണി. പാര്‍ട്ടി കൊടി കുത്തിയാല്‍പ്പിന്നെ ഒരു പണിയും നടത്താന്‍ അനുവദിക്കില്ലെന്നും ബിജു വ്യവസായിയുടെ ബന്ധുക്കളെ അറിയിച്ചു.

Related posts

Leave a Comment