പൊലീസ് ബിജെപിയായെന്ന് സിപിഎമ്മും; മുഖ്യമന്ത്രിയെ കുരുക്കിലാക്കി കോടിയേരി

തിരുവനന്തപുരം: കേരളാ പൊലീസിൽ ബിജെപി യൂണിറ്റ് പ്രവർത്തിക്കുന്നുവെന്ന സിപിഐ ദേശീയ നേതാവ് ആനി രാജയുടെ വിമർശനത്തിന് പിന്നാലെ, അതേ വാദമുയർത്തി സിപിഎമ്മും രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരിച്ചെത്തിയ കോടിയേരി ബാലകൃഷ്ണൻ ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പൊലീസിന്റെ ബിജെപി ചായ്വ് ചൂണ്ടിക്കാട്ടി ആഞ്ഞടിച്ചത്. ഫലത്തിൽ, ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെയുള്ള വിമർശനം കൂടിയായി അത് മാറി.

തിരുവല്ല പെരിങ്ങരിയിലെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന പൊലീസിന്റെ നിഗമനമാണ് കോടിയേരിയുടെ വിമർശനത്തിന് കാരണമായത്. പൊലീസിന്റെ വാദം തള്ളിക്കളയുകയാണെന്നും അന്വേഷണം നടത്താതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കുകയാണെന്നും സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016 ന് ശേഷം 20 സിപിഎം പ്രവർത്തകരാണ് മരിച്ചത്. 15 പേരെ കൊലപ്പെടുത്തിയത് ആർഎസ്എസ് പ്രവർത്തകരാണ്. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. അതല്ലെന്ന വാദം സാധാരണ ഗതിയിൽ പൊലീസ് ഉയർത്താൻ പാടില്ലാത്തതാണെന്നും കോടിയേരി പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതക്കേസിനെ വാർത്താസമ്മേളനത്തിൽ ന്യായീകരിക്കാനും കോടിയേരി ശ്രമിച്ചു. പെരിയ കൊലപാതകം പ്രാദേശിക പ്രശ്നമായിരുന്നു. പ്രതിയാക്കി എന്ന് പറഞ്ഞ് കുറ്റവാളിയാകില്ല. നിരപരാധികൾക്കൊപ്പം സിപിഎം ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. അതേസമയം, സന്ദീപിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ മൂന്നുപേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി തിരിച്ചടിച്ചതോടെ സിപിഎം പ്രതിരോധത്തിലായി. പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ പ്രതിയായ പശ്ചാത്തലത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനായി സിപിഎം തന്നെ നടത്തിയ കൊലപാതകമാണെന്നാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

Related posts

Leave a Comment