ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സമ്മേളനത്തില്‍ വാക്കേറ്റം; തട്ടിപ്പില്‍ മുൻമന്ത്രിമാരുൾപ്പടെ ഉന്നതനേതാക്കള്‍ക്ക് പങ്കെന്ന് പ്രതിനിധികള്‍

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സംസ്ഥാന – ജില്ലാ നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനം.തട്ടിപ്പ് പാര്‍ട്ടി നേതൃത്വം അറിഞ്ഞാണ് നടന്നതെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിമര്‍ശനം കടുത്തതോടെ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. സംസ്ഥാന – ജില്ലാ ചുമതലകളിലുള്ള പലരും തട്ടിപ്പിന്റെ പങ്ക് പറ്റിയവരാണ്. പാര്‍ട്ടിക്കും സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കും ദേശീയതലത്തില്‍ വലിയ നാണക്കേടുണ്ടാക്കി. ജില്ലാ നേതൃത്വം തട്ടിപ്പിന് കൂട്ടുനിന്നു. എന്നാല്‍ നടപടിയെടുത്തപ്പോള്‍ ഇവരെല്ലാം രക്ഷപ്പെട്ടു. തട്ടിപ്പില്‍ നേരിട്ട് പങ്ക് പറ്റിയവര്‍ രക്ഷപെട്ടപ്പോള്‍ ഒരു ബന്ധവുമില്ലാത്തവരെ തരംതാഴ്ത്തി.

ഇ.പി. ജയരാജന്‍, എ. വിജയരാഘവന്‍, മന്ത്രി ഡോ. ആര്‍. ബിന്ദു, ബേബി ജോണ്‍, എ.സി. മൊയ്തീന്‍, ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡോ. ആര്‍. ബിന്ദുവിന് വേണ്ടി തട്ടിപ്പ് കേസിലെ പ്രതികളാണ് വാഹനപ്രചാരണം സ്‌പോണ്‍സര്‍ ചെയ്തത്. ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തില്‍ മന്ത്രി ഡോ. ബിന്ദു പങ്കെടുത്തതും നാണക്കേടുണ്ടാക്കി. ഈ നേതാക്കള്‍ക്കെല്ലാം വര്‍ഷങ്ങളായി തട്ടിപ്പ് അറിയാമായിരുന്നു.

തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും സിപിഎം അനുഭാവികളും സാധാരണക്കാരുമാണ്. ഇവരുടെ പണം എന്ന് മടക്കി നല്കാനാവുമെന്ന് ആരും പറയുന്നില്ല. സര്‍ക്കാര്‍ ഇടപെട്ട് നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന്‍ സംവിധാനമുണ്ടാക്കുമെന്ന് വാക്ക് നല്കിയെങ്കിലും ഒന്നുമുണ്ടായില്ല. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരം ലോക്കല്‍ നേതാക്കള്‍ നിക്ഷേപകരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ ഇക്കാര്യം ഉറപ്പ് നല്കിയതാണ്. അത് പാലിക്കാനായില്ല. ഇപ്പോഴും പ്രതികളെ സഹായിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ കൈക്കൊള്ളുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.

Related posts

Leave a Comment