ഗവർണർക്കെതിരെ തുറന്ന പോരിന് സിപിഎം ; ഭരണ പ്രതിസന്ധിക്ക് വഴിതുറക്കുന്ന വിചിത്ര നീക്കം

തിരുവനന്തപുരം: കെ.ടി ജലീലിന്റെ മന്ത്രി പദവി നഷ്ടപ്പെടാൻ ഇടയാക്കിയ പരാമർശത്തിന്റെ പേരിൽ ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനായി സർക്കാർ കൊണ്ടുവന്ന ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇന്നലെ അവസാനിച്ച സിപിഎം സംസ്ഥാന സമിതിയാണ് ഗവർണറെ കടന്നാക്രമിച്ച് സമ്മർദ്ദത്തിലാക്കാനുള്ള തീരുമാനം എടുത്തത്. അതേസമയം, സിപിഎമ്മിന്റെ പരസ്യ നിലപാട് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിക്ക് വഴിവെച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബിജെപിക്ക് വേണ്ടി ആരിഫ് മുഹമ്മദ് ഖാൻ ബോധപൂർവം കൈവിട്ട കളി കളിക്കുകയാണെന്നാണ് സിപിഎം യോഗത്തിൽ അഭിപ്രായം ഉയർന്നത്. ഗവർണറുടെ ഇടപെടൽ ജനാധിപത്യ വിരുദ്ധമാണെന്നും ഇടതുസർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും വിലയിരുത്തലുണ്ടായി. ഗവർണറെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കുകയാണ് ബിജെപിയെന്ന് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.  മറ്റു സംസ്ഥാനങ്ങളിൽ ഗവർണറെ ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ ഭരണം അട്ടിമറിച്ചിട്ടുള്ളത്. സമാനമായ സ്ഥിതിയിലേക്കു കേരളത്തെ എത്തിക്കാനുള്ള ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാത്തതിനാൽ നിയമസഭ കൂടേണ്ട സ്ഥിതിയാണ്. ഗവർണറുടെ സമീപനം കേരളത്തിൽ പരിചയമില്ലാത്തതാണ്. ഓർഡിനൻസിന് അനുമതി നൽകാതിരിക്കുമ്പോൾ അതിന്റെ കാരണവും വ്യക്തമാക്കണം. സുപ്രീം കോടതിക്കോ ഹൈക്കോടതിക്കോ ഇല്ലാത്ത അധികാരമാണ് ലോകായുക്തയ്ക്കുള്ളത്. ആ അധികാരം കൊടുക്കേണ്ടതുണ്ടോയെന്നും കോടിയേരി ചോദിച്ചു.
ഗവർണറുടെ ഇടപെടലിന്റെ കാഠിന്യം കൂടിയിരിക്കുകയാണ്. പ്രധാന ഓർഡിനൻസുകൾ പോലും തടസപ്പെടുത്തുന്നു. പോകുമ്പോൾ പതിനൊന്നും പോകട്ടെ എന്ന നിലപാടാണ് ഓർഡിനൻസിന്റെ കാര്യത്തിൽ ഗവർണർ സ്വീകരിച്ചത്. ഓർഡിനൻസ് പ്രശ്നത്തിൽ സഭ സമ്മേളിക്കേണ്ട സ്ഥിതി വന്നു. ഇത്തരത്തിലാണെങ്കിൽ ഭരണഘടനാനുസൃതമായി സർക്കാരിനും ഇടപെടേണ്ടി വരും. ഓർഡിനൻസിന്റെ കാര്യത്തിൽ എന്ത് കൊണ്ട് ഒപ്പിടില്ലെന്ന കാരണം ഗവർണർ വ്യക്തമാക്കണം-കോടിയേരി പറഞ്ഞു.
ഓർഡിനൻസുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ നിലപാട് എടുത്തതോടെ അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ 22 മുതൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കേണ്ടി വന്നതിലുള്ള അമർഷമാണ് സിപിഎം  നേതൃയോഗങ്ങളിലുണ്ടായത്. അതേസമയം, സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഗവർണർക്കുള്ള അതൃപ്തി മാറിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനത്തിൽ ഉൾപ്പെടെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗവർണർ അമർഷത്തിലാണ്. വി.സിയുടെ വിശദീകരണത്തിന് പിന്നാലെ കർശന നടപടി ഉണ്ടാകുമെന്നാണ് ഗവർണർ നൽകുന്ന സൂചന. ഇതിനിടെയാണ് ഗവർണർക്കെതിരെ സിപിഎം നിലപാട് കടുപ്പിച്ചിരിക്കുന്നത്.

Related posts

Leave a Comment