ദേശീയ പാത നിര്‍മാണത്തില്‍ വന്‍ ക്രമക്കേട്ഃ സിപിഎമ്മിനെതിരേ ആരിഫിന്‍റെ പരാതി

ആലപ്പുഴഃ മുന്‍ ഇടതുമുന്നണി സര്‍ക്കാരിന്‍റെ കാലത്ത് ദേശീയ പാത പുനര്‍നിര്‍മാണത്തില്‍ വന്‍ ക്രമക്കേടെന്ന് സിപിഎമ്മിന്‍റെ ഏക എംപി എ.എം. ആരിഫ്. ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള റീച്ചില്‍ ഗുരുതരമായ ക്രമക്കേടുണ്ടെന്നു കാട്ടി അദ്ദേഹം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു. ജി. സുധാകരനെതിരേയാണ് ആരോപണത്തിന്‍റെ കുന്തമുന. മുന്‍ മന്ത്രിയുടെ കാലത്തെ ക്രമക്കേടുകള്‍ അന്വേഷിക്ക​ണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു കത്ത് നല്‍കി.

36 കോടി രൂപ ചെലവഴിച്ചാണ് 23.6 കിലോമീറ്റര്‍ ദൂരം പുനര്‍നിര്‍മിച്ചത്. കേന്ദ്ര ഫണ്ടാണ് ഇതിനു വിനിയോഗിച്ചതെങ്കിലും സംസ്ഥാന പൊതുമരാമത്ത് വിഭാഗത്തിനായിരുന്നു മേല്‍നോട്ടം. ജര്‍മന്‍ സാങ്കേടതിക വിദ്യ ഉപയോഗിച്ചു നിര്‍മിക്കുന്ന പാതയ്ക്ക് മൂന്നു വര്‍ഷത്തെ ഗ്യാരന്‍റിയും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പിന്നിടുന്നതിനു മുന്‍പ് തന്നെ റോഡ് തകര്‍ന്നു. ഇപ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. കരാറുകാര്‍ വന്‍ ക്രമക്കേട് നടത്തിയെന്നാണ് എംപിയുടെ ആരോപണം.

അതേ സമയം, ആലപ്പുഴയില്‍ സിപിഎമ്മിലെ വിഭാഗീയതയാണ് ആരിഫിന്‍റെ കത്തിലൂടെ പുറത്തുവരുന്നതെന്ന് സുധാകരന്‍ പക്ഷം ആരോപിക്കുന്നു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ച് ഇന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെയാണ് സുധാകരനെതിരേ പുതിയ അഴിമതി ആരോപണം കൂടി ഉയരുന്നത്. വിഎസ്. അച്യുതാനന്ദനെ ഒതുക്കിയ ശേഷം ആലപ്പുഴയില്‍ ജി.സുധാകരന്‍റെയും ഡോ. തോമസ് ഐസക്കിന്‍റെയും നേതൃത്വത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് പോരാടുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് വിഭാഗീയത സര്‍വ മറകളും നീക്കി പരസ്യമായി പുറത്തുവന്നു. പാര്‍ട്ടി നിയോഗിച്ച സ്ഥാനാര്‍ഥികളെ മാറ്റി നിശ്ചയിക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് അന്നത്തെ വിഭാഗീയത മുറുകിയത്.

പാര്‍ട്ടി തന്നോടു നന്ദികേട് കാട്ടിയെന്ന മട്ടില്‍ അടുത്ത കാലത്തു സുധാകരന്‍ എഴുതിയ കവിതയും ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കവിതയെ ദുര്‍വ്യാഖ്യാനം ചെയ്തെന്നാണ് സുധാകരന്‍ പിന്നീടു പ്രതികരിച്ചത്. ഏതായാലും സുധാകരനെതിരേ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെ, ആരിഫിന്‍റെ കത്തും അദ്ദേഹത്തിനു വിനയാകും.

Related posts

Leave a Comment