സിപിഎം എംഎൽഎമാരും മന്ത്രിയും കൊമ്പു കോർക്കുന്നു, എംഎൽഎമാരെ താക്കീത് ചെയ്യാൻ നേതൃത്വം

തിരുവനന്തപുരം: കിഫ്ബി പദ്ധതികളിലടക്കം കോടികളുടെ കുടിശികയിൽ കുടുങ്ങി ആത്മഹത്യയുടെ വക്കിലെത്തിയ കരാറുകാരെ കള്ളന്മാരായി ചിത്രീകരിക്കരുതെന്ന് സിപിഎമ്മിലെ ഒരു വിഭാ​ഗം എംഎൽഎ മാർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയോസിനോട് അഭ്യർഥിച്ചു. എന്നാൽ കരാറുകാരുടെ വക്കാലത്തുമായി ആരം തന്നെ കാണാൻ വരേണ്ടന്ന നിലപാടിലുറച്ച് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനെന്ന നിലയിൽ മന്ത്രിസഭയിൽ അപ്രമാദിത്വമുള്ള മുഹമ്മദ് റിയാസിന്റെ പക്ഷം പിടിച്ച് പാർട്ടി നേതൃത്വം എംഎൽഎമാർക്കെതിരേ അച്ചടക്ക വാൾ ഉയർത്തുന്നു. കരാറുകാരുമായി വഴിവിട്ട ബന്ധം വേണ്ടെന്നു താക്കീത് ചെയ്യുകയും ചെയ്തു.


പൊതുമരാമത്ത് വകുപ്പിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു ചെയ്തു തീർത്ത ജോലികളുടെ പോലും 25 ശതമാനം തുക കൊടുത്തു തീർന്നിട്ടില്ല. അഴിമതിയുടെയും ധൂർത്തിന്റെയും നേരടയങ്ങളായ കിഫ്ബി പദ്ധതി വഴി സഹസ്ര കോടികളാണ് ദീവാളി കുളിച്ചു കളഞ്ഞത്. അറുപതിനായിരത്തോളം കോടി രൂപയുടെ നിർമാണ ജോലികളാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റെടുത്തത്. അതിൽ പത്തു ശതമാനത്തിന്റെ പോലും കരാർ തുക കരാറുകാർക്ക് ലഭിച്ചില്ല. വലിയ കുടിശിക ബാക്കി നിൽക്കുമ്പോഴും പുതിയ കരാറുകൾ ഏറ്റെടുക്കാനുള്ള സമ്മർദമാണു തങ്ങൾക്കു മുകളിലെന്നു കരാറുകാർ പറയുന്നു. ഈ സാഹചര്യത്തിലാണ് ജോലി നടന്ന സ്ഥലത്തെ എംഎൽഎമാരുടെ സഹായത്തോടെ ബിൽ മാറുന്നതിന് മരാമത്ത് മന്ത്രിയെ കാണാൻ ശ്രമിക്കുന്നത്. തങ്ങളുടെ ബുദ്ധിമുട്ടുകൾ മന്ത്രിയെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്നും അവർ പറയുന്നു. എന്നാൽ കരാറുകാരുമായി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്നാണ് കഴിഞ്ഞ ഏഴിന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞത്. ഇതാണ് പാർട്ടി അം​ഗങ്ങളായ എംഎൽഎമാരെ ചൊടിപ്പിച്ചത്.
തങ്ങളെ സഹായിക്കുന്ന കരാറുകാരെ തിരിച്ചും സഹായിക്കേണ്ട ബാധ്യത എംഎൽഎമാരെന്ന നിലയിൽ തങ്ങൾക്കുണ്ടെന്നാണ് സിപിഎമ്മിലെ തന്നെ എംഎൽഎമാർ പറയുന്നത്. വ്യാഴാഴ്ച കൂടിയ പാർലമെന്ററി പാർട്ടി യോ​ഗത്തിലും എംഎൽഎമാർ ഈ വാദം നിരത്തി. കരാറുകാരും എംഎൽഎമാരും അഴിമതിക്കാരും കള്ളന്മാരുമാണെന്ന ധാരണ ഉണ്ടാക്കുന്നതാണു മന്ത്രിയുടെ പ്രസ്താവനയെന്ന് തലശേരി എംഎൽഎ എൻ,എം. ഷംസീറാണ് ആദ്യം വെടിപൊട്ടിച്ചത്. മന്ത്രി നല്ലപിള്ള ചമയുകയാണെന്നും ഷംസീർ തുറന്നടിച്ചു.
തലശേരിയിലടക്കം ഇടതു സർക്കാർ ഏറ്റെടുത്ത വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയവരാണ് കരാറുകാർ. അവരുടെ ജീവൻ പന്താടുന്ന സാഹചര്യമുണ്ടാകരുത്. അവർ എംഎൽഎമാരുടെ സഹായം തേടുമ്പോൾ കണ്ണടച്ചിരിക്കാനാവില്ല. അവരെ വിലക്കി നിർത്തുന്നതു ശരിയല്ലെന്നും ഷംസീർ തുറന്നടിച്ചു.
എംഎൽഎമാർക്കു മന്ത്രിയെ കാണാൻ അവസരം നിഷേധിക്കുന്നത് തെറ്റായ സന്ദേശം പകരുമെന്നായിരുന്നു കെ.വി. സുമേഷിന്റെ പരാതി. മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രനും മന്ത്രിയുടെ പ്രസ്താവനയെ ഖണ്ഡിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോ​ഗത്തിലാണു മന്ത്രിക്കെതിരായ വിമർശനം. വിമർശനം കടുത്തപ്പോൾ തിരുത്താൻ മന്ത്രിയും തയാറായി. എംഎൽഎമാരും കരാറുകാരും തന്നെ വന്നു കാണുന്നതിൽ തെറ്റില്ലെന്നും പക്ഷേ, അവർ ആരാണ്, എന്താണ്, എങ്ങനെയാണ് എന്നൊക്കെ അന്വേഷിച്ചിട്ടു മതി തന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു വരുന്നതെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ വിശദീകരണത്തിലും എംഎൽഎമാർ തൃപ്തരല്ല.

Related posts

Leave a Comment