സിപിഎമ്മിനു വലതുപക്ഷ വ്യതിയാനം സംഭവിക്കുന്നു: സതീശൻ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി ദത്തു നൽകിയ ശിശുക്ഷേമ സമിതിയിലും സി.ഡബ്ല്യു.സിയിലും പ്രവർത്തിക്കുന്നവർക്കെതിരെ എന്തു നടപടിയെടുത്തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ ക്രൂരതക്കും നിയമ വരുദ്ധ പ്രവർത്തനത്തിനും നേതൃത്വം നൽകിയവരും കൂട്ടുനിന്നവരും മാത്രമല്ല നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ ഏജൻസികളെ സമീപിച്ചവരും ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഏതു കുഞ്ഞിനെയും വിൽപനയ്ക്കു വയ്ക്കാമെന്നാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികൾക്കും വിഷമം ഉണ്ടാക്കിക്കൊണ്ടാണ് ഈ വിഷയം ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. സി.ഡബ്ല്യു.സിയിലും ശിശുക്ഷേമസമിതിയിലും നടക്കുന്ന കാര്യങ്ങൾ അന്വേഷിക്കണം. എല്ലാം പാർട്ടി മാത്രം അന്വേഷിച്ചാൽ പോര. ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണം.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും ഇതേക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. മാധ്യമങ്ങൾ വിവാദമാക്കിയപ്പോൾ മാത്രമാണ് പ്രതികരിക്കാൻ തയാറായത്. പാർട്ടി ജില്ലാ കമ്മിറ്റി ചേർന്ന് കുഞ്ഞിനെ വിട്ടുകൊടുക്കാൻ തീരുമാനിച്ചെന്നാണ് ജില്ലാ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കുഞ്ഞിനെ വിട്ടുകൊടുക്കാൻ പാർട്ടി എങ്ങനെയാണ് തീരുമാനിക്കുന്നത്? നടപടിക്രമങ്ങൾ എല്ലാം കാറ്റിൽപ്പറത്തി അമ്മ കുഞ്ഞിനെ അന്വേഷിച്ച് നടക്കുമ്പോഴാണ് ദത്തു നൽകിയത്.
കുഞ്ഞിനെ കേരളത്തിൽ നിന്നും കടത്താൻ പാർട്ടിയാണ് തീരുമാനിച്ചത്. എന്ത് ഇടതുപക്ഷ സ്വഭാവമാണ് ഇവർക്കുള്ളത്? വലതുപക്ഷ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞിന്റെ കാര്യത്തിൽ എടുത്ത നടപടി മാത്രം പരിശോധിച്ചാൽ മതി അവരുടെ പുരോഗമന നിലപാട് വ്യക്തമാകാൻ. കേരളത്തിലെ സി.പി.എമ്മിന് ജീർണത സംഭവിച്ചിരിക്കുകയാണ്. വിഷയത്തിൽ പുരോഗമനപരമായ നിലപാടാണ് പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും സ്വീകരിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment