സി പി എം കർഷകരെ വഞ്ചിക്കുന്നു: ബെന്നി ബഹനാന്‍ എം.പി

കോലഞ്ചേരി: ഒരു വശത്ത് തങ്ങളാണ് കർഷക പ്രശ്നങ്ങളിൽ ഇടപെടുന്നതെന്ന് വീമ്പിളക്കുകയും മറുവശത്ത് കെ റെയിൽ പോലെയുള്ള പദ്ധതികളിലൂടെ ആയിരകണക്കിന് കർഷകരുടെ നെഞ്ചിലേക്ക് കത്തിയിറക്കുന്ന സമീപനമാണ് സി പി എം ഭരിക്കുന്ന സർക്കാർ സ്വീകരിക്കുന്നതെന്ന് ബെന്നി ബഹനാന്‍ എം പി. കേരളം പോലെ ഭക്ഷ്യാവശ്യങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ചെറിയ സംസ്ഥാനത്ത് വികസനത്തിന്റെ പേരിലുള്ള കാർഷിക സമ്പത്ത് നശിപ്പിച്ച് കളയുന്നത് ന്യായീകരിക്കാൻ കഴിയില്ല. കെ- റെയിൽ പദ്ധതിയുടെ പേരിൽ കേരളത്തെ രണ്ടായി മുറിക്കുവാനുള്ള സമീപനം ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവർക്ക് ഭൂഷണമല്ല. ഇത് കേരളത്തെ എല്ലാവിധത്തിലും തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ പി എസ് ടി എ ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിനായി തയ്യാറാക്കുന്ന ജൈവ നെൽകൃഷിയുടെ വിത്ത് വിതക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലസ് വൺ ക്ലാസുകൾക്ക് ചേരാൻ കുട്ടികൾക്ക് അവസരം നിഷേധിച്ചപ്പോൾ പുതിയ സ്ക്കൂളുകൾ ചോദിച്ചതിന് പകരം പുതിയ ബാറുകൾ അനുവദിക്കാൻ തീരുമാനിച്ചാണ് സർക്കാർ കേരള സമൂഹത്തിന് മാത്യകയായത്. ആവശ്യത്തിൽ കൂടുതൽ ജലം ലഭ്യമായിട്ടും ഇവിടെ നിന്ന് വൈദ്യുതി ഉണ്ടാക്കി കോടികൾക്ക് മറിച്ച് വിൽക്കുമ്പോഴും നഷ്ട കണക്ക് നിരത്തി വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കം കേരള സമൂഹത്തിന് ഇരുട്ടടിയാകുമെന്നും ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരിൽ നിന്നുള്ള ബസ് ചാർജ് വർധനയും കോവിഡ് പ്രതിസന്ധിയുടെ പേരിൽ സർക്കാർ ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കുകയാണ്. ഇതിനെതിരെ ജനകീയ സമരം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൽ ഷാജു, എക്സിക്യൂട്ടീവ് അംഗങ്ങളായ സി വി വിജയൻ ,കെ എ ഉണ്ണി, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, സാബു കുര്യാക്കോസ്,ബിജു ആന്റണി, റിബിൻ കെ എ , ജൂണോ ജോർജ് , റഷീദ് ടി എസ് , ഷാജു പി.ജെ യുഡിഎഫ് കൺവീനർ സി പി ജോയി, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വി എൽദോ, മണ്ഡലം പ്രസിഡന്റ് എം എ വർഗീസ്, ബൂത്ത് പ്രസിഡണ്ട് ജോർജ്ജ് ജോൺ, പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നിബു കുര്യാക്കോസ്, വി എം ജോർജ്, ജെയിംസ് പാറേക്കാട്ടിൽ, മുൻ ജില്ലാ പ്രസിഡന്റ് ബേബി അറയ്ക്കൽ സബ് ജില്ല പ്രസിഡന്റ് ജോഷി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി വി വിജയൻ മാഷിന്റെ പാടത്താണ് സമ്മേളനത്തിനായി ജൈവനെൽകൃഷിയുടെ വിത്തിറക്കിയത്.

Related posts

Leave a Comment