സി പി എമ്മിന് തലവേദനയായി സ്വർണക്കടത്ത് ;കൊടി സുനിയുടെയും വീടുകളില്‍ റെയ്ഡ് .

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീടുകളില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിന്റെ ഭാഗമായി കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നാണ് സൂചന.

കള്ളക്കടത്ത് സ്വര്‍ണം തട്ടാന്‍ തങ്ങളെ സഹായിച്ചത് ടിപി കൊലക്കേസ് പ്രതികളാണെന്ന് അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ കരിപ്പൂര്‍ കേസില്‍ തനിക്ക് യാതൊരു വിധ പങ്കുമില്ലെന്ന് അര്‍ജുന്‍ ആവര്‍ത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കരിപ്പൂര്‍ കേസില്‍ പങ്ക് നിഷേധിച്ച അര്‍ജുന്‍, മുന്‍പ് നടത്തിയ സ്വര്‍ണക്കടത്തുകളില്‍ ടിപി കേസ് പ്രതികളുടെ സഹായം ലഭിച്ചിരുന്നതായി കസ്റ്റംസിനോട് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കടത്തു സ്വര്‍ണം തട്ടാന്‍ സഹായിച്ചതിന് പകരമായി ടിപി കേസ് പ്രതികള്‍ക്ക് ലാഭവിഹിതം നല്‍കിയിരുന്നതായും അര്‍ജുന്‍ കസ്റ്റംസിന് നല്‍കിയ മൊഴിയിലുണ്ട്. ഒളിവില്‍ പോകാനും പ്രതികളുടെ സഹായം ലഭിച്ചെന്നും മൊഴിയിലുണ്ട്. അര്‍ജുനുമായി കസ്റ്റംസ് കണ്ണൂരില്‍ തെളിവെടുപ്പ് നടത്തുകയാണ്.

സ്വര്‍ണം തട്ടാന്‍ ടിപി കേസ് പ്രതികള്‍ സഹായിച്ചെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴി

ഷാഫിയുടെ വീട്ടിലും കൊടി സുനിയുടെ കണ്ണൂര്‍ ചൊക്ലിയിലെ വീട്ടിലുമാണ് കസ്റ്റംസ് തിരിച്ചില്‍ നടത്തിയത്. ഇന്ന് രാവിലെ അര്‍ജുന്‍ ആയങ്കിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അര്‍ജുന്റെ ഫോണ്‍ വീണ്ടെടുക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് അര്‍ജുന്‍ ആദ്യം മൊഴിനല്‍കിയത്. പിന്നീട് പുഴയിലെറിഞ്ഞതായി പറഞ്ഞു. പുഴയുടെ സമീപം അര്‍ജുനുമായി കസ്റ്റംസ് സംഘം തെളിവെടുപ്പിന് എത്തിയിരുന്നു. എന്നാല്‍ മൊഴി വിശ്വാസ്യമാണോയെന്ന് ഉറപ്പില്ലാത്തതിനാല്‍ പുഴയില്‍ തിരച്ചില്‍ നടത്തിയില്ല.

അര്‍ജുന്റെ വീട്ടിലും തെളിവെടുപ്പ് നടത്തി. ഫോണിലെ വാട്സാപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടയുള്ള വിവരങ്ങള്‍ ശാസ്ത്രീയമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. മൊബൈല്‍ നെറ്റ്വര്‍ക്ക് ദാതാക്കളില്‍നിന്ന് വിവരങ്ങള്‍ തേടാനാണു ശ്രമം.

അതിനിടെ, സ്വര്‍ണ കടത്ത് കേസില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വര്‍ണ കടത്തു കേസും അതിനോടൊപ്പമുള്ള മറ്റു കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ചും അന്വേഷിക്കും. കേസില്‍ സ്വര്‍ണം നഷ്ടമായവരോ ആക്രമിക്കപ്പെട്ടവരോ പരാതിയുമായി മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് കസ്റ്റംസ് സ്വമേധയാ കേസ് എടുത്തത്.

Related posts

Leave a Comment