റിസേർച്ച് സ്കോറിലും പ്രിയ ഏറെ പിന്നിൽ, എന്നിട്ടും പാർട്ടി പറഞ്ഞു പ്രിയ തന്നെ അസോസിയേറ്റ് പ്രൊഫസർ

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം അന്തിമ ഘട്ടത്തിലേക്ക്. ​ഗവർണറും നിയമങ്ങളും യോ​ഗ്യതയും എല്ലാം എതിരായിട്ടും പ്രിയ വർ​ഗീസിനു തന്നെ നിയമനം നൽകാൻ സിപിഎം നിർദേശിച്ച സാഹചര്യത്തിൽ അതിന് അം​ഗീകാരം നൽകിക്കഴിഞ്ഞു, സർവകലാശാലയുടെ സിൻഡിക്കറ്റ്. പ്രതിപക്ഷ അം​ഗങ്ങളുടെ എതിർപ്പ് മറികടന്ന് ഉത്തരവിൽ ഒപ്പ് വയ്ക്കാനൊരുങ്ങുകയാണ് വൈസ് ചാൻസിലർ ഡോ. ​ഗോപിനാഥ് രവീന്ദ്രൻ. പ്രിയയുടെ നിയമനം അനായാസമാക്കാൻ വേണ്ടി ​ഗവർണറെ പോലും അറിയിക്കാതെയാണ് ഇദ്ദേഹത്തിനു കണ്ണൂർ വിസിയായി പുനർനിയമനം നൽകിയത്.
അടിമുടി അഴിമതിയിൽ മുങ്ങിയാണ് പ്രിയ വർ​ഗീസിന്റെ നിയമനം. എല്ലാ എതിർപ്പുകളും അവ​ഗണിക്കപ്പെടാൻ കാരണം അവർ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാ​ഗേഷിന്റെ ഭാര്യ എന്നതു മാത്രമാണ്. റിസേർച്ച് സ്കോറിൽ പ്രിയയ്ക്ക് 161 പോയിന്റ് മാത്രം. രണ്ടാം റാങ്ക് കിട്ടിയ ചങ്ങനാശേരി എസ്ബി കോളെജിലെ ഡോ. ജോസഫ് സ്കറിയ്ക്ക് 651 പോയിൻ‌റാണുള്ളത്. അദ്ദേഹത്തിനു രണ്ടര പതിറ്റാണ്ട് നീണ്ട അധ്യയന പരിചയവുമുണ്ട്. പ്രിയയ്ക്കാവട്ടെ, മതിയായ അധ്യയന പരിചയമില്ലാത്തതിനാൽ അനധികൃതമായി രണ്ടു വർഷത്തെ അധിക പരിചയം കൂടി യോ​ഗ്യതയായി കണക്കാക്കുകയായിരുന്നു.
കണ്ണൂർ വൈസ് ചാൻസലറുടെ പുനർ നിയമനം, കാലടി സർവകലാശാലയിലടക്കം തോറ്റ എസ്എഫ്ഐ നേതാക്കൾക്ക് കൂടുതൽ മാർക്ക്, മാർക്ക്ദാനം, തുടങ്ങിയ വഴിവിട്ട സർവകലാശാ നടപടികളിൽ പ്രതിഷേധിച്ച് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ​ഗവർണർ കുറേ കാലം ഈ പദവിയിൽ നിന്നു വിട്ടു നിന്നിരുന്നു. അദ്ദേഹത്തെ ഒഴിവാക്കി, വിസി നിയമനം അടക്കമുള്ള കാര്യങ്ങളിൽ ​ഗവർണറുടെ അധികാരം റദ്ദാക്കുന്നതടക്കമുള്ള നിയമ നിർമാണത്തെക്കുറിച്ച് സിപിഎം ആലോചിച്ചെങ്കിലും ശക്തമായ എതിർപ്പ് മൂലം താൽക്കാലികമായി മരവിപ്പിച്ചിരിക്കയാണ്. കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും ഇഷ്ടക്കാരെയും ബന്ധുക്കളെയും പിൻവാതിൽ വഴി കുത്തിനിറച്ചു വട്ടിരിക്കയാണ് ഇടതു സർക്കാർ.

Related posts

Leave a Comment