പത്തനംതിട്ടയിൽ സിപിഎം- സിപിഐ പോര് മുറുകി, അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാർ കല്യാണം നടത്തുന്നെന്നു സിപിഐ

പത്തനംതിട്ട:കൊടുമൺ സർവീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിലൂടെ ഇരു ധ്രുവങ്ങളിലെത്തിയ പത്തനംതിട്ട ജില്ലയിലെ സിപിഎം-സിപിഐ പോര് പുതിയ തലങ്ങളിലേക്ക്. ആരോ​ഗ്യ മന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാറും തമ്മിലുണ്ടായ വാക് പോര് ഇപ്പോൾ സിപിഎം – സിപിഐ ജില്ലാ സെക്രട്ടറിമാർ ഏറ്റെടുത്തു. ഇതോടെ ഇടക്കാലത്ത് വെടിനിർത്തിയ ഇടതു ഘടകകക്ഷികൾ വീണ്ടും ഏറ്റുമുട്ടലിന്റെ പാതയിലേക്ക്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സംയമനം പാലിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർഥന ഇരുകൂട്ടരും തള്ളി.
മന്ത്രിസ‌ഭയുടെ ഒന്നാം വാർഷികാഘോഷപരിപാടികളെക്കുറിച്ച് തന്നോട് ഒന്നും ആലോചിച്ചില്ലെന്നാണ് സിപിഐ നേതാവ് കൂടിയായ ചിറ്റയം ​ഗോപകുമാറിന്റെ പരാതി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോർജ് തന്റെ ഫോൺ പോലും എടുക്കാറില്ലെന്നും എല്ലാം ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നുമാണ് ​ഗോപകുമാർ മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ തനിക്കെതിരെ പരസ്യ വിമർശനം നടത്തിയ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരേ എൽഡിഎഫ് നേതൃത്വത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് പരാതി നൽകി. അതോടെയാണ് ജില്ലാ സെക്രട്ടറിമാർ ഏറ്റുമുട്ടാൻ തുടങ്ങിയത്.
മകളുടെ കല്യാണത്തിന് അച്ഛനെ ക്ഷണിക്കേണ്ടതില്ലെന്നായിരുന്നു ​ഗോപകുമാറിന്റെ പരാതിക്ക് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ മറുപടി. പരസ്യ വിമർശനം നടത്തുന്നത് ശരിയല്ലെന്നും ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കരുതെന്നും ഉദയഭാനും അഭ്യർഥിച്ചു. സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ക്ഷണിക്കേണ്ട ഉത്തരവാദിത്തം മന്ത്രിക്കല്ലെന്നും ജില്ലാ ഭരണകൂടത്തിനാണെന്നും അദ്ദേഹം വിശദമാക്കുകയും ചെയ്തു. തനിക്ക് ഉത്തരവാദിത്തമില്ലന്നു മന്ത്രിയും പരാതിയിൽ പറയുന്നുണ്ട്.
ഏതായാലും സിപിഎം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി സിപിഐ ജില്ലാ സെക്രട്ടറിയും രംഗത്തെത്തിയതാണു കളം കൊഴുപ്പിക്കുന്നത്. അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാർ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് സിപിഐ ജില്ല സെക്രട്ടറി എ.പി.ജയൻ തിരിച്ചടിച്ചു. ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേർ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. സി പി എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിർഭാഗ്യകരമാണ്. (കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന് പറയുന്നത് പോലെയാണ് ചിറ്റയത്തിൻറെ പ്രതികരണമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം ). അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാർ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് സിപിഐ ജില്ല സെക്രട്ടറിയും പ്രഖ്യാപിച്ചതോടെ അലമ്പായ കല്യാണം പോലായി പത്തനംതിട്ട ജില്ലയിലെ മന്ത്രിസഭാ വാർഷികം. സി പി എം ജില്ലാ സെക്രട്ടറി ഈ വിഷയത്തിൽ പ്രതികരണം നടത്തേണ്ടിയിരുന്നില്ല. മുന്നണിക്ക് അകത്ത് എല്ലാം ചർച്ച ചെയ്യേണ്ടതാണെന്നും വിജയൻ പറഞ്ഞു.
ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്നും സർക്കാരിൻറെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെയാണ് മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജിൻറെ വിശദീകണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിൻറെ ആരോപണത്തിൽ വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്നാണ് മന്ത്രിയുടെ മറുപടി. പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ സിപിഐ- സിപിഎം സംഘർഷം തമ്മിൽ തല്ലുന്ന ഘട്ടം വരെ എത്തിയതിന് പിന്നാലെയാണ് മന്ത്രി ഡെപ്യൂട്ടി സ്പീക്കർ പോര് മുറുകുന്നത്.

Related posts

Leave a Comment