സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധംഃ സിപിഎം-സിപിഐ പരസ്യ പോര്

കൊച്ചിഃ ഇടതുമുന്നണിയില്‍ അടുത്ത കാലത്തു രൂപപ്പെട്ടു വരുന്ന സാമൂഹ്യവിരുദ്ധ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മില്‍ തുറന്ന പോര്. മുന്നണിയിലെ ഒട്ടു മിക്ക കക്ഷികളും ഏതെങ്കിലും തരത്തിലുള്ള അഴിമതിയിലോ മറ്റ് ഇടപാടുകളിലോ ചെന്നുപെടുന്ന സാഹചര്യത്തില്‍, മുന്നണിക്കും പാര്‍ട്ടികള്‍ക്കും വലിയ തോതില്‍ ജാഗ്രത‌ക്കുറവ് സംഭവിക്കുന്നതായി സിപിഐ മുഖപത്രം. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐയുടെ പല നേതാക്കളും സിപിഎമ്മിന്‍റെയും പോഷക സംഘടനകളുടെയും അപചയത്തില്‍ വിമര്‍ശനം ഇന്നയിച്ചതിനു പിന്നാലെയാണ് ഇന്നു ജനയുഗം പത്രത്തിലൂടെ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാര്‍ തുറന്നടിച്ചത്. ഇത് ഇരു കക്ഷികളും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാക്കും.

ചെഗുവരെയുടെ ചടിത്രം കുത്തിയാല്‍ കമ്യൂണിസ്റ്റ് ആകില്ലെന്നാണ് അഡ്വ. സന്തോഷ് കുമാര്‍ സിപിഎമ്മിനെയും ഡിവൈഎഫ്ഐയെയും ഉപദേശിക്കുന്നത്. ഏതു വഴിയിലൂ‍ടെയും പണമുണ്ടാക്കാനും ആഡംബര ജീവിതം നയിക്കാനും സോഷ്യല്‍ മീഡിയയിലൂടെ ആരാധക വൃന്ദത്തെ സൃഷ്ടിക്കാനും വീര പരിവേഷം സൃഷ്ടിച്ചുകൊണ്ട് ആണത്ത ഭാഷണങ്ങള്‍ നടത്താനും സ്വന്തം പാര്‍ട്ടിയെ അതിവിദഗ്ധമായി ഉപയോഗിക്കുകയാണ് ഇവര്‍ ചെയ്തത്. രാമനാട്ടുകര സ്വര്‍ണക്കടത്തില്‍ ഇവര്‍ പാര്‍ട്ടിയെ ഉപയോഗിക്കുന്നു. അടുത്ത കാലത്തായി ഏറ്റവും അപകടകരവും ഇടതുപക്ഷ നൈതികതയെ വെല്ലുവിളിക്കുന്നതുമായ ചില രീതികള്‍ ഇടതു പാര്‍ട്ടികളില്‍ രൂപം കൊള്ളുന്നതിനെ ഗൗരവത്തോടെ കാണണം. ലേഖനത്തില്‍ സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

സമീപകാലത്ത് കേരളത്തിലുണ്ടായിട്ടുളള മുഴുവന്‍ തട്ടിപ്പുകളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സിപിഎമ്മിനോ അനുഭാവികള്‍ക്കോ പങ്കുണ്ട്. സ്വര്‍ണക്കടത്ത് അതിന്‍റെ ഒരറ്റം മാത്രമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് സ്വര്‍ണം കള്ളക്കടത്തിന് സംസ്ഥാനത്ത് ഔദ്യോഗിക മുഖം ലഭിച്ചത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറന്നായിരുന്നു ഏകോപനം. കുപ്രസിദ്ധ കള്ളക്കടത്തുകാരിക്കു പൊതുഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ ശമ്പളം നല്ഡകി കള്ളക്കടത്തിനുള്ള മുഴുവന്‍ ഒത്താശകളും ചെയ്തു നല്‍കിയത് അണികളെ ആവേശഭരിതരാക്കി. നിയമസഭാ സ്പീക്കര്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വരെ കള്ളക്കടത്തിന്‍റെ കണ്ണികളായി. ഇതു മാതൃകയാക്കി, അണികളും സര്‍വസജ്ജരായി രംഗത്തിറങ്ങി. കിട്ടുന്ന വരുമാനത്തിന്‍റെ മൂന്നിലൊന്നും പാര്‍ട്ടിക്ക് എന്ന ഫോര്‍മുല രൂപപ്പെട്ടതോടെ, പിണറായി സര്‍ക്കാര്‍ സ്വര്‍ണക്കടത്തുകാരുടെ കാവല്‍ക്കാരായി.

ട്രഷറി മോഷണം, പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ പണം തട്ടിപ്പ്, മരംമുറി, ഔദ്യോഗിക പദവികളിലിരുന്നു കൊണ്ടുള്ള ലൈംഗിക പീഡനം, സ്ത്രീവിരുദ്ധ പ്രചാരണം തുടങ്ങി അധോലോകത്തെ വെല്ലുന്ന നടപടികളാണ് ഒരു മറയുമില്ലാതെ ഭരണത്തിന്‍റെ തണലില്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും ചെയ്തു കൂട്ടിയത്. മയക്കുമരുന്ന് കേസുകളില്‍പ്പോലും ഉന്നതരുടെ കുടുംബാംഗങ്ങള്‍ ജയിലിലടയക്കപ്പെട്ടിട്ടും പാര്‍ട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. സോഷ്യല്‍ മീഡിയയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി, വീരവാദങ്ങളുയര്‍ത്തി, സൗജന്യ കിറ്റ് നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു നടത്തുന്ന അധികാരക്കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അല്പം വൈകിയാണെങ്കിലും സിപിഐ തിരിച്ചറിയുന്നു എന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വേഖനത്തിലൂടെ പുറത്തു വരുന്ന യാഥാര്‍ഥ്യം.

Related posts

Leave a Comment