വിഭാഗീയതയുടെ തീക്കാറ്റില്‍ വാടുന്ന സി.പി.എം സമ്മേളനങ്ങള്‍

എ.ആര്‍ ആനന്ദ്

തിരുവനന്തപുരം : ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഏര്യാസമ്മേളനങ്ങളിലേക്ക് കടന്നതോടെ സി.പി.എമ്മില്‍ നീറിപ്പുകഞ്ഞ കുടിപ്പക വിഭാഗീയതയുടെ തീക്കാറ്റായി ആഞ്ഞടിക്കുന്നു.പുതിയ അധികാര കേന്ദ്രങ്ങളും ചേരിതിരിവുകളും സമ്മേളന നഗരികളെ പോര്‍ക്കളങ്ങളാക്കുന്നു.പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്കോ പാര്‍ട്ടി നയപരിപാടികള്‍ക്കോ സ്ഥാനമില്ലാതെ സി.പി.എം സമ്മേളനങ്ങള്‍ വിഭാഗീയതയുടെയും നേതാക്കളുടെ തമ്മിലടിയുടെയും ഇടങ്ങളായി മാറുന്നു. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ തീരാത്ത വിഭാഗീയത ഇപ്പോള്‍ നടക്കുന്ന ഏരിയാ സമ്മേളനങ്ങളില്‍ എല്ലാ പരിധിയും ലംഘിച്ചു പുറത്ത് വരുന്നത്. തിരുവനന്തപുരം, പത്തനംത്തിട്ട, ആലപ്പുഴ, പാലക്കാട്,കണ്ണൂര്‍ ജില്ലകളിലാണ് വിഭാഗീയത കൂടുതലും.പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കണ്ണൂരില്‍ വിഭാഗീയത തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നു. തളിപ്പറമ്പില്‍ ഉണ്ടായ വിഭാഗീയത പരിഹരിക്കാന്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ നേരിട്ട് ഇടപെടുകയായിരുന്നു.ലോക്കല്‍ സമ്മേളനത്തിന് ശേഷം പാര്‍ട്ടിക്കെതിരെ പരസ്യമായി പോസ്റ്റര്‍ ഒട്ടിക്കുകയും ശക്തിപ്രകടനം നടത്തുകയും ചെയ്യുന്നിടത്ത് കാര്യങ്ങള്‍ എത്തി. മന്ത്രി മുഹമ്മദ് റിയാസ് പാര്‍ട്ടി പിടിക്കാന്‍ ഇറങ്ങിയതാണ് കോഴിക്കോട് വിഭാഗീയതയുടെ തലം. മുതിര്‍ന്ന നേതാക്കളെ വെട്ടി നിരത്തി നോര്‍ത്ത്, സൗത്ത് ഏരിയാ സമ്മേളനങ്ങളില്‍ മുഹമ്മദ് റിയാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരെ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു.പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം ഏരിയ കമ്മിറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിലവിലെ കമ്മിറ്റി അംഗമായിരുന്ന കോങ്ങാട് എം.എല്‍.എയും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ ദലിത്മഞ്ച് കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവുമായ കെ.ശാന്തകുമാരിയുടെ പരാജയം പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് ചേരിതിരിവിന്റെ സൂചന കൂടിയായി.ചെര്‍പ്പുളശേരി ഏരിയ കമ്മിറ്റിയിലേക്ക് നിലവിലെ ഔദ്യോഗിക പക്ഷത്തെ അപ്രസ്‌ക്തമാക്കി മുന്‍ എം.എല്‍.എ പി .കെ ശശിയെ പിന്തുണയ്ക്കുന്നവര്‍ വിജയിച്ചു.പുതുശേരി ഏരിയാ സമ്മേളനം വിഭാഗീയതയെ തുടര്‍ന്ന് മാറ്റിവെച്ചു. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടര്‍ന്നാണ് 27, 28 തീയതികളില്‍ നടക്കേണ്ടിയിരുന്ന ഏരിയാ സമ്മേളനം മാറ്റിയത്. വാളയാര്‍, എലപ്പുള്ളി ലോക്കല്‍ സമ്മേളനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ലോക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാളയാര്‍ ലോക്കല്‍ സമ്മേളത്തില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്. ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ഒരു വിഭാഗം ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. . സി.പി.എമ്മില്‍ ഏറ്റവും കൂടുതല്‍ വിഭാഗീയതയുള്ള ആലപ്പുഴയില്‍ മുതിര്‍ന്ന നേതാവ് ജി. സുധാകരനെ ഒതുക്കി മൂലക്കിരുത്തി.മന്ത്രിസജി ചെറിയാന്‍, പി.പി ചിത്തരഞ്ജന്‍, എച്ച്. സലാം, എ.എം ആരിഫ് എന്നീ നേതാക്കളെ അനുകൂലിക്കുന്നവര്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞ് കൊമ്പുകോര്‍ക്കുകയായിരുന്നു. ആലപ്പുഴയിലെ കുതിരപ്പന്തി ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം മത്സരിക്കാന്‍ രംഗത്തു വന്നതോടെ ജില്ലാ സെക്രട്ടറി ഇടപെട്ട് സമ്മേളനം നിറുത്തിവെച്ചു. സജി ചെറിയാനെയും ചിത്തരഞ്ജനെയും അനുകൂലിക്കുന്ന വിഭാഗങ്ങളാണ് പോര്‍വിളി നടത്തിയത്. ഒരു ഏരിയ കമ്മിറ്റിയംഗം ഒരു കോടിയുടെ വീട് നിര്‍മ്മിച്ചതിനെക്കുറിച്ച് അംഗങ്ങള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഇതിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റിയും ആക്ഷേപമുയര്‍ന്നു. ലോക്കല്‍ കമ്മിറ്റി നേതാവ് സ്വന്തം കുടുംബത്തിലെ നാലു പേര്‍ക്ക് ജോലി നല്‍കിയതും ചര്‍ച്ചയായി. എന്‍.ഡി.എ നേതാവ് പ്രതിയായ തട്ടിപ്പ് കേസ് ഒത്തുതീര്‍ക്കാന്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനെ ഉപയോഗിച്ചെന്ന ഗുരുതര ആരോപണവും ഉയര്‍ന്നു.അമ്പലപ്പുഴയിലെ വിഭാഗീയതയും അക്രമത്തിലേക്ക് വഴിമാറി. പുന്നപ്രയില്‍ പാര്‍ട്ടി കുടുംബത്തെ സി.പി.എം നേതാക്കള്‍ ഉള്‍പെട്ട സംഘം വീടുകയറി അക്രമിച്ചു. പാര്‍ട്ടി സമ്മേളനത്തെ ചൊല്ലിയുണ്ടായ ഭിന്നതയാണ് സ്ത്രീകളെ അടക്കം അക്രമിക്കുന്നതിലേക്ക് നയിച്ചത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പുത്തന്‍പുരയില്‍ ഗലീലിയ പള്ളിക്ക് സമീപം സോളമന്‍, ഭാര്യ ജൂലിയറ്റ്, മകന്‍ കുര്യാക്കോസ് എന്നിവരെയാണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ അക്രമിച്ചത്.കായംകുളത്ത് ലോക്കല്‍ സമ്മേളനങ്ങളിലെ വിഭാഗീയതക്കെതിരെ സംസ്ഥാന ജില്ല നേതൃത്വങ്ങളില്‍ പരാതിയെത്തി. പുള്ളികണക്ക്, കരീലക്കുളങ്ങര, പുതിയവിള ലോക്കല്‍ സമ്മേളനങ്ങളിലാണ് വിഭാഗിയതയുണ്ടായത്. കരീലക്കുളങ്ങരയില്‍ ഒരു വിഭാഗം ഇറങ്ങിപ്പോയപ്പോള്‍ പുള്ളികണക്കില്‍ ഭൂരിപക്ഷ എതിര്‍പ്പിനെ മറികടന്ന് സെക്രട്ടറിയെ തീരുമാനിച്ചതാണ് പ്രശ്‌നമായത്. പുള്ളികണക്ക് ലോക്കല്‍ കമ്മിറ്റിയില്‍ 11 അംഗങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി നാലുപേരുടെ പിന്തുണയുള്ളയാളെ സെക്രട്ടറിയാക്കുകയായിരുന്നു. പാര്‍ട്ടി ശക്തികേന്ദ്രമായ കരീലക്കുളങ്ങര സമ്മേളനം പ്രതിനിധികളുടെ ഇറങ്ങിപ്പോക്കില്‍ കലാശിക്കുന്ന തരത്തില്‍ അലേങ്കാലമായി.
സഹകരണ സംഘങ്ങളിലെ അഴിമതിയെ ചൊല്ലിയായിരുന്നു പുതിയവിളയില്‍ വിമര്‍ശനമുയര്‍ന്നത്. ഏരിയ സെന്റര്‍ അംഗമായ ബാങ്ക് പ്രസിഡന്റിന് എതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്. ഇതിനിടെ എരുവ ലോക്കല്‍ സെക്രട്ടറിക്ക് എതിരെ സമ്മേളന കാലയളവില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടി വന്നു. അശ്ലീല വര്‍ത്തമാനങ്ങളെ ചൊല്ലിയുള്ള പരാതികളാണ് ലോക്കല്‍ സെക്രട്ടറിക്ക് തിരിച്ചടിയായത്. പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട ഏരിയ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ വിമര്‍ശനത്തിന് ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു കടുത്ത ഭാഷയിലാണ് മറുപടി പറഞ്ഞത്. ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിയെയും ജനപ്രതിനിധികളെയും സമൂഹത്തില്‍ അപമാനിക്കുന്ന കുലംകുത്തികളെ അടുത്ത സമ്മേളനം കാണിക്കില്ലെന്ന രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. തലസ്ഥാനത്ത് നടന്ന ആദ്യ ഏരിയാ സമ്മേളനം തന്നെ സംഘഷത്തില്‍ കലാശിച്ചു.വര്‍ക്കലയില്‍ ഏരിയാ സെക്രട്ടറിയെ തിരഞ്ഞെടുത്തതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ പരിക്കേറ്റ് ആശുപത്രിയിലായി. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു തമ്മിലടി. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന പാളയം ലോക്കല്‍ സമ്മേളനത്തില്‍ പീഡന പരാതിയുയര്‍ത്തി വനിതാ അംഗം ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് മറ്റൊരു നേതാവിന് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല നല്‍കേണ്ടിവന്നു.കഴിഞ്ഞ ദിവസം വിളപ്പില്‍ ഏര്യാ സമ്മേളനത്തിന്റെ ഭാഗമായി ബ്രാഞ്ച് സെക്രട്ടറിമാര്‍ തെരുവില്‍ തല്ലി.മുന്‍ ഏര്യാസെക്രട്ടറിയെ അനകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമാണ് രണ്ടു പക്ഷത്തായി പാര്‍ട്ടി പിടിക്കാനായി തമ്മില്‍ തല്ലിയത്.ഫോണില്‍ വനിതാ അംഗത്തിന്റെ ചിത്രം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട വിഷയവും ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തിനു കാരണമായതായി സൂചനയുണ്ട്.

Related posts

Leave a Comment