സിപിഎം-ബിജെപി അന്തർധാര സജീവം : റോജി എം ജോൺ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തി. ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും സ്പീക്കർ നിരാകരിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ ഷാൾ അണിയിച്ച മുഖ്യമന്ത്രി, തിരികെ കേരളത്തിലെത്തുന്നതിന് മുമ്പു തന്നെ കൊടകര കുഴൽപ്പണ കേസിൽ പ്രതികളാകേണ്ട ബിജെപി നേതാവ് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ കുറ്റപത്രത്തിൽ സാക്ഷികളായി മാറിയെന്നും സ്വർണ്ണക്കടത്ത് അന്വേഷിച്ച സുമിത് കുമാറിന് സ്ഥലം മാറ്റം ഉണ്ടായെന്നും റോജി എം ജോൺ ആരോപിച്ചു. സിപിഎം-ബിജെപി അന്തർധാര ഇത്രയേറെ സജീവമാണെന്നതിന് വേറെ തെളിവൊന്നും വേണ്ട. കെ. സുരേന്ദ്രൻ സൂത്രധാരൻ എന്ന് പാർട്ടി പത്രം വരെ എഴുതി. പക്ഷെ, സൂത്രധാരൻ സാക്ഷിയാകുന്ന സൂത്രം പൊലീസിനും ഈ സർക്കാരിനും മാത്രമേ അറിയൂ. കള്ളപ്പണത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന നരേന്ദ്രമോദി നേതൃത്വം നൽകുന്ന പാർട്ടിയുടെ പ്രമുഖ നേതാക്കളാണ് കള്ളപ്പണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനായി കോടിക്കണക്കിന് രൂപ ഉപയോഗിച്ചെന്ന് പൊലീസിന്റെ അന്വേഷണത്തിൽ തന്നെ വ്യക്തമായതാണ്. എന്നിട്ടും കുഴൽപ്പണ ഇടപാട് വെറും കവർച്ച കേസായി ഒതുക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തിക ഉറവിടം കണ്ടെത്തണമെങ്കിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് അനിവാര്യം. എന്നാൽ, അതിന് മുതിരാതെ കേസ് അട്ടിമറിച്ച് ബിജെപി നേതാക്കളെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നതെന്ന് റോജി എം ജോൺ കുറ്റപ്പെടുത്തി.
കുഴൽപ്പണക്കേസിനെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ് കെ സുരേന്ദ്രനും നേതാക്കളും കേസിൽ സാക്ഷികളായതെന്നും അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർ തന്നെ പ്രതികളായി മാറിയേക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബിജെപി നേതാക്കളുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിൽനിന്ന് കൊണ്ടുവന്ന പണമാണ് നഷ്ടമായതെന്നു കുറ്റപത്രത്തിൽ പറയുന്നുണ്ട്. നാലാം പ്രതി ബിജെപി പ്രവർത്തകനായ ധർമ്മരാജൻ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആളാണ്. പാർട്ടിയുടെ ആലപ്പുഴ ജില്ലാ ട്രഷററെ ഏൽപ്പിക്കാൻ കൊണ്ടുവന്ന പണമാണെന്നു വെളിവായിട്ടുണ്ട്. 22 പ്രതികളെ അറസ്റ്റ് ചെയ്തു, 1.46 കോടി രൂപ പിടിച്ചെടുത്തു. കേരളത്തിൽ കൊള്ള ചെയ്ത മൂന്നര കോടി രൂപയ്ക്കു പുറമേ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനു കർണാടകയിൽ സ്വരൂപിച്ചു വച്ചിരുന്ന 16 കോടി രൂപയുടെ വിവരവും ലഭ്യമായിട്ടുണ്ട്. കുറ്റപത്രത്തിലെ പകർപ്പ് ഇഡിക്കും ഇൻകം ടാക്സ് വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മിഷനും നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കേന്ദ്ര അന്വേഷണ ഏജൻസികളെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ പരാമർശം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറേണ്ടതില്ലെന്നും ഇവിടെ അന്വേഷിച്ച് കണ്ടെത്തുന്ന വിവരങ്ങൾ കേന്ദ്ര ഏജൻസികളെ അറിയിക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം സഭ വിട്ടത്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണമെന്ന് കേട്ടാൽ മുഖ്യമന്ത്രിക്ക് ഹാലിളകുന്ന സ്ഥിതിയാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. സ്വർണക്കടത്തിൽ മുഖ്യമന്ത്രി തന്നെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയെ കത്തയച്ചു വിളിച്ചുവരുത്തിയത്. പക്ഷെ പ്രതിപക്ഷം അതാവശ്യപ്പെട്ടാൽ സംഘിയാക്കുന്ന സ്ഥിരം പല്ലവിയാണ് മുഖ്യമന്ത്രി പയറ്റുന്നത്. ഒരു പിണറായിയല്ല, ആയിരം പിണറായി വിജയൻമാർ വന്നാലും കോൺഗ്രസിന്റെ തലയിൽ സംഘിപ്പട്ടം ചാർത്താനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

Leave a Comment