സിപിഎം വോട്ടുകള്‍ ബിജെപിക്കു മറിച്ചുകൊടുത്തെന്നു സിപിഐ

കൊല്ലംഃ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ വോട്ടുകള്‍ ബിജെപിക്കു മറിച്ചുകൊടുത്തെന്നു ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തിയ ശേഷം തയാറാക്കിയ സംഘടനാ റിപ്പോര്‍ട്ടിലാണ് സിപിഎം-ബിജെപി അന്തര്‍ധാര സിപിഐ തുറന്നു സമ്മതിക്കുന്നത്. ചാത്തന്നൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചത് സിപിഐയിലെ ജി.എസ്. ജയലാലാണ്. ജയലാലിന് പാര്‍ട്ടി കണക്കുകൂട്ടിയ വോട്ടുകള്‍ കിട്ടിയില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ബിജെപി സ്ഥാനാര്‍ഥിക്കു പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ട് കിട്ടി. ഇത് സിപിഎം അണികളില്‍ നിന്നും അനുഭാവികളില്‍ നിന്നുമാണെന്നാണ് സിപിഐ വിലയിരുത്തുന്നത്. തൊട്ടടുത്ത ഇരവിപുരത്തും ഇടതുമുന്നണിക്കെതിരേ സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തനങ്ങളുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുകയാണു സിപിഐ. കരുനാഗപള്ളിയിലെ തോൽവിയിൽ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഐ ഉയർത്തുന്ന വിമർശനം. ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും ആക്ഷേപമുണ്ട്. പല മണ്ഡലങ്ങളിലും ഘടകകക്ഷി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചെന്നും പരാമര്‍ശമുണ്ട്. പാല, ചാലക്കുടി, കടത്തുരുത്തി തോൽവികൾ ഉയർത്തിയാണ് സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നത്.

സിപിഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉദുമയിൽ ആദ്യ റൗണ്ട് സിപിഎം മാത്രം പ്രചരണം നടത്തി. ഹരിപ്പാട് സിപിഎം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി ജെ പി ക്ക് പോയെന്നും സിപിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related posts

Leave a Comment