എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാടിൽ സിപിഎമ്മിൽ ആശങ്ക, സ്ഥാനാർഥിയെ നിശ്ചയിച്ചത് ഒരു വിഭാ​ഗം വൈദികരെന്ന് വിമതർ

കൊച്ചി: സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി പാർട്ടി ഓഫീസിനു പുറത്ത് നിയമസഭാ സ്ഥാനാർഥിയെ തീരുമാനിക്കുകയും മതനേതാക്കളുടെ സാന്നിധ്യത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്യുക വഴി പാർട്ടിക്കെതിരേ പ്രതിഷേധം ശക്തമാക്കുകയാണ് സൈബർ ഇടങ്ങൾ. ബാഹ്യ സമ്മർദത്തിലാണ് പാർട്ടി സ്വന്തം സ്ഥാനാർഥിയെ വെട്ടി, പകരം ബാഹ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നാണ് പ്രധാന ആരോപണം. ഇങ്ങനെയൊരു സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിക്കില്ലെന്ന് വലിയൊരു വിഭാ​ഗം ഇതിനകം തന്നെ വ്യക്കമാക്കി.
അതിരൂപതയിലെ വിവാദമായ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഡോ. ജോ ജോസഫിന്റെ സ്ഥാനാർഥിത്വത്തിൽ കലാശിച്ചതെന്ന ആരോപണം ശക്തമാണ്. ഇതുവരെ കർദിനാൾ അടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തി അപമാനിച്ച ശേഷം, ആരെങ്കിലും ഇടനില നിന്ന് ഒരു സ്ഥാനാർഥിയെ ചൂണ്ടിക്കാണിച്ചാൽ പിന്തുണയ്ക്കേണ്ട ബാധ്യത അതിരൂപതയ്ക്കില്ലെന്ന് ഒരു വിഭാ​ഗം ശക്തമായി വാദിക്കുന്നു. അതേ സമയം, ഡോ. ജോ ജോസഫിന്റെ പേര് നിർദേശിച്ചതു സഭാ നേതൃത്വമല്ലെന്നു മറുവിഭാ​ഗവും വാദിക്കുന്നു. താൻ സഭയുടെ സ്ഥാനാർഥിയല്ലെന്ന് ഡോ. ജോ ജോസഫും പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ ഏകദേശം 41 ശതമാനത്തോളം വരുന്ന ക്രൈസ്തവ വോട്ടിനു മേൽ സിപിഎം ഒഴിച്ച വെള്ളം ആവിയായിപ്പോയി.
ഭൂമി ഇടപാട് കേസ് കാണിച്ച് ചിലർ ഭീഷണിപ്പെടുത്തിയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ ചില വൈദികരുടെ സാന്നിധ്യം ഉറപ്പിച്ചതെന്നാണ് ഒരു ആക്ഷേപം. എന്നാൽ എല്ലാ കാലത്തും സഭയെയും സഭാ പിതാക്കന്മാരെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുള്ള സിപിഎം ഒരുക്കിയ കെണിയിൽ വീഴാതിരിക്കാൻ ജാ​ഗ്രത പുലർത്തണമെന്നും ഇവർ മുന്നറിയിപ്പ് നൽകി. മതേതര പാർട്ടിയും മുന്നണിയും എന്നു പരസ്യമായി പറയുകയും രഹസ്യമായി മത നേതാക്കളുമായി സന്ധി ചെയ്യുകയും അവരുടെ സമ്മർദത്തിനു വഴങ്ങി സ്ഥാനാർഥിയെ തീരുമാനിക്കുകയും ചെയ്ത നേതൃത്വത്തിനെതിരേ പാർട്ടിയിലും അസ്വസ്ഥത പുകയുകയാണ്. ആദ്യം സ്ഥാനാർഥിയായി പാർട്ടി കണ്ടെത്തിയ കെ.എസ്. അരുൺ കുമാറിനെ എന്തിനു മാറ്റിയെന്ന ഇവരുടെ ചോദ്യത്തിന് നേതൃത്വത്തിനു മറുപടിയില്ല. ഇതുവരെ പാർട്ടി നടത്തിയിട്ടുള്ള ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലാത്ത, ഒരു ഘടകത്തിലും അം​ഗത്വം പോലുമില്ലാത്ത ഒരാൾക്ക് എങ്ങനെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ അവസരം കിട്ടിയെന്നും ഇവർ ചോദിക്കുന്നു.

Related posts

Leave a Comment