സംഘടനാ മാനദണ്ഡം ലംഘിച്ചതിന് സിപിഎം നടപടി ; വാളയാര്‍, എലപ്പുള്ളി ലോക്കല്‍ കമ്മിറ്റി വിഭജനം റദ്ദാക്കി


പാലക്കാട്: വാളയാർ, എലപ്പുള്ളി ലോക്കൽ കമ്മിറ്റി വിഭജനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് റദ്ദാക്കി. എ. പ്രഭാകരൻ എംഎൽഎയുടെ പരാതിയെ തുടർന്നാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനുമാണ് പരാതി നൽകിയത്. പുതുശ്ശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ സമ്മേളനത്തിൽ കടുത്ത വിഭാഗീയത ഉണ്ടെന്നായിരുന്നു പരാതി.

പുതുശ്ശേരി ഏരിയയ്ക്കുകീഴിൽ തുടർച്ചയായി വാളയാറിലും എലപ്പുള്ളി വെസ്റ്റിലും സംഘർഷത്തെ തുടർന്ന് ലോക്കൽ സമ്മേളനം നിർത്തിവെച്ചിരുന്നു. ലോക്കൽ കമ്മിറ്റി വിഭജനത്തെച്ചൊല്ലിയുള്ള പരാതികളാണ് സമ്മേളനത്തിൽ പ്രവർത്തകർപ്രകടിപ്പിച്ചത്. 33 ബ്രാഞ്ചുകളുള്ള വാളയാർ ലോക്കൽ കമ്മിറ്റിയെ സംഘടനാ നിർദേശമനുസരിച്ച് വാളയാർ, ചുള്ളിമട ലോക്കൽ കമ്മിറ്റികളായി വിഭജിക്കാൻ ഏരിയാ നേതൃത്വം തീരുമാനിച്ചിരുന്നു. ഭൂമിശാസ്ത്രപരമായി വാളയാറിനോടടുത്ത് കിടക്കുന്ന ബ്രാഞ്ചുകളെ ചുള്ളിമടയോടും ചുള്ളിമടയോടടുത്തുകിടക്കുന്ന ബ്രാഞ്ചുകളെ വാളയാറിനോടും ചേർത്തെന്നും ബ്രാഞ്ചുകൾ തുല്യമായല്ല വീതിച്ചിട്ടുള്ളതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

ബ്രാഞ്ചുകൾ മുതൽക്കുള്ള വിഭജനങ്ങൾക്ക് മേൽക്കമ്മിറ്റിയുടെ അനുമതി തേടിയിട്ടില്ലെന്നും സമ്മേളനത്തലേന്ന് തിരക്കിട്ടാണ് തീരുമാനങ്ങളെന്നും പ്രവർത്തകർ ആരോപിച്ചു. പ്രവർത്തകരെ ശാന്തരാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. തർക്കം ബഹളത്തിന് വഴിമാറി. വാക്കുതർക്കം, കസേരയേറ്, ധർണ, മേശ തകർക്കൽ തുടങ്ങിയ വലിയ സംഘർഷങ്ങൾ നടന്നിരുന്നു. തുടർന്നാണ് സമ്മേളനം നിർത്തിവെക്കാൻ തീരുമാനമായത്.

ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭാഗികമായി സമ്മേളനം നടന്നെങ്കിലും വിഭജനതീരുമാനം അംഗീകരിച്ചില്ല. തുടർന്നാണ് പ്രാദേശിക വിഭാഗീയത ചൂണ്ടിക്കാട്ടിഎ. പ്രഭാകരൻ മുഖ്യമന്ത്രിക്കും സംസ്ഥാന നേതൃത്വത്തിനുംപരാതി നൽകിയത്. ഇന്ന്മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം എ. വിജയരാഘവന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് കൂടി പരാതികൾ പരിശോധിച്ചു.

ലോക്കൽ കമ്മിറ്റി വിഭജനംജില്ലാ സെക്രട്ടേറിയറ്റ് റദ്ദാക്കി.സംഘടനാ മാനദണ്ഡം ലംഘിച്ചുവെന്ന് നേതൃത്വം വിലയിരുത്തി. ലോക്കൽ കമ്മിറ്റി വിഭജനം ഇപ്പോൾ വേണ്ടെന്നും സംസ്ഥാന സമ്മേളനത്തിന് ശേഷം മാത്രം മതിയെന്നുംസെക്രട്ടേറിയറ്റ് നിർദേശിച്ചു. സംഘർഷമുണ്ടായ സംഭവം അന്വേഷിക്കുമെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

Related posts

Leave a Comment