ജനങ്ങളെ നോക്കുകുത്തിയാക്കി സിപിഎമ്മുകാർക്ക് മാത്രം വാക്സിൻ ; കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെതിരെ വ്യാപക പരാതി

തിരുവനന്തപുരം : കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രധാനപ്പെട്ട വാക്സിനേഷൻ കേന്ദ്രമാണ് കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. ഇവിടെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേടുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന പരാതി ശക്തമാവുകയാണ്. ഇവിടുത്തെ വാക്സിൻ വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർക്കും പഞ്ചായത്ത് പ്രസിഡന്റുമാർക്കും സ്ലോട്ടുകൾ വീതിച്ചു നൽകിയിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണനാണ് ഇതിന്റെ ചുമതലയെന്നും സിപിഎം നിർദേശിക്കുന്ന പേരുകൾ ചേർത്തുള്ള ലിസ്റ്റ് ആണ് വാക്സിനേഷന് ഉപയോഗിക്കുന്നതെന്നും ഉള്ള പരാതി ജനങ്ങൾക്കിടയിൽ ഉണ്ട്. ഒട്ടേറെ സാധാരണക്കാർ വാക്സിനെ ആശ്രയിച്ച് കാത്തുകെട്ടി കിടക്കുമ്പോഴാണ് സിപിഎം നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഇത്തരത്തിൽ കോവിഡ് പ്രതിരോധത്തെ പോലും രാഷ്ട്രീയ വൽക്കരിച്ച് മുന്നോട്ടുപോകുന്നത്. പരസ്യമായാണ് സിപിഎം നേതാക്കൾ വാക്സിനേഷൻ ലിസ്റ്റ് തയ്യാറാക്കുന്നതെന്ന വിമർശനവും ഉണ്ട്.ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇടപെട്ട് പാർട്ടിക്കാരെ അനധികൃതമായി തിരുകി കയറ്റുന്നത് കാരണം രാവിലെ 9 മണിക്ക് എത്തി വാക്സിൻ എടുക്കുന്നതിനുള്ള ടോക്കൻ കൈപറ്റി കാത്തിരിക്കുന്നവർ വൈകുന്നേരം 5 മണിയാകുമ്പോൾ വാക്സിൻ ലഭിക്കാതെ നിരാശരായി മടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Related posts

Leave a Comment