കരിങ്കൊടിയുയര്‍ത്തിയ കൈകളില്‍ മൂവര്‍ണക്കൊടി ; ഗതികേടേ നിന്റെ പേര് സിപിഎം

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും തിരുത്താണ്. 1947-ല്‍ സ്വാതന്ത്ര്യദിനം വഞ്ചനാദിനമായി ആചരിക്കുകയും നാടുനീളെ ഉയര്‍ത്തപ്പെട്ട ദേശീയ പതാകയ്ക്ക് മുകളില്‍ കറുത്ത കൊടിയും വാറ് പൊട്ടിയ ചെരുപ്പുകളും കുറ്റിച്ചൂലുകളും കീറിയ കൗപീനങ്ങളും കെട്ടി തൂക്കുകയും ചെയ്തവരായിരുന്നു കമ്യൂണിസ്റ്റുകാര്‍. ‘ആഗസ്റ്റ് 15 ആപത്ത് 15’ എന്നു പറഞ്ഞു അപഹസിച്ചവരാണ്. ‘ഈ സ്വാതന്ത്ര്യം നുണയാണ്, ഇതവരുടെ കള്ളക്കഥയാണ്’ എന്ന ഈരടികളിലൂടെ പാര്‍ട്ടി അണികള്‍ക്കും ഇവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ചരിത്രവിരുദ്ധമായ സന്ദേശമാണ് ഇപ്പോഴും നല്‍കിക്കൊണ്ടിരുന്നത്. ദേശീയ നേതാക്കളുടെ ചിത്രങ്ങളില്‍ ചാണകാഭിഷേകം ചെയ്യുകയും ഭരണഘടന കത്തിക്കുകയും ചെയ്തു. രാഷ്ട്രപിതാവ് ഗാന്ധിജിയെയും രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും രാഷ്ട്രത്തിന്റെ നേതാജി സുഭാഷ് ചന്ദ്രബോസിനെയും ഹീനമായ ശകാരപ്പേരിലൂടെ അപഹസിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ മുന്നേറ്റങ്ങളിലും ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റു തിരുത്തല്‍ പ്രക്രിയ ഇനിയും തുടരേണ്ടതുണ്ട്. സായുധവിപ്ലവ മാര്‍ഗവും കല്‍ക്കത്ത തീസിസും തെലുങ്കാന മാര്‍ഗവും തള്ളിപ്പറഞ്ഞ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട കുമ്പസാരമാണ് പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നത്. ഒരു നൂറ്റാണ്ടിന്റെ പാപക്കറ കഴുകി വൃത്തിയാക്കണമെങ്കില്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതും ഏറ്റു പറയേണ്ട കുറ്റമാണ്. രണ്ടാം ലോകമഹായുദ്ധത്തോടും ബ്രിട്ടീഷ് ഭരണത്തോടും കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടുകളും ഇന്നും അവരെ വേട്ടയാടുന്നു.
റഷ്യ ലോകമഹായുദ്ധത്തില്‍ പ്രവേശിക്കപ്പെട്ടതോടെ അതുവരെ സാമ്രാജ്യത്വ യുദ്ധം എന്നാക്ഷേപിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീടതിനെ ജനകീയയുദ്ധമെന്ന് വിശേഷിപ്പിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ യുദ്ധ ഫണ്ടിലേക്ക് സംഭാവന പിരിച്ചതും ദഹിക്കാത്ത ഭക്ഷണം പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നു. ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ടതോടെ കോണ്‍ഗ്രസില്‍ നിന്ന് യുദ്ധത്തിനുള്ള സഹകരണമുണ്ടാകില്ലെന്ന് മനസിലാക്കിയ ബ്രിട്ടന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിലക്കെടുക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേലുള്ള നിരോധനം പിന്‍വലിക്കണമെന്നും തടവിലാക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ വിട്ടയക്കണമെന്നും ബ്രിട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി.സി.ജോഷിക്ക് ഉറപ്പ് നല്‍കി. മാത്രവുമല്ല പാര്‍ട്ടി പത്രത്തിനും മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കും സാമ്രാജ്യത്വ സര്‍ക്കാരില്‍ നിന്ന് വമ്പിച്ച തോതിലുള്ള ധനസഹായം സ്വീകരിക്കുകയും ക്വിറ്റ് ഇന്ത്യ സമരം ആളിക്കത്തുന്ന വേളയില്‍ സാമ്രാജ്യത്വ ഭരണകൂടത്തിന് ദാസ്യവേല ചെയ്തുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ചാരന്‍മാരെ ഉപയോഗിച്ചു സ്വാതന്ത്ര്യസമര ഭടന്‍മാരെ ഒറ്റുകൊടുക്കുകയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമര പോരാളികളുടെ ഒളിവ് കേന്ദ്രങ്ങളും വാസസ്ഥലങ്ങളും കണ്ടുപിടിച്ചു അവരെ വലയിലാക്കുന്ന ദൗത്യമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുത്തത്. ഒറ്റുകാരുടെ സന്ദേശമനുസരിച്ച് സമരഭടന്‍മാരെയും സുഭാഷ്ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള ഐഎന്‍എ ഭടന്‍മാരെയും ബ്രിട്ടീഷ് സര്‍ക്കാര്‍ തടവിലാക്കി. ഇവരില്‍ നിരവധി പേരെ ദീര്‍ഘകാല ശിക്ഷക്കും നാടുകടത്തലിനും വിധേയരാക്കി. ഒട്ടേറെ ഐഎന്‍എ ഭടന്‍മാരെ തൂക്കിക്കൊന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രപരമായ തെറ്റുകളെ വെള്ളപൂശാനും കമ്യൂണിസ്റ്റുകാരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അവകാശികളെന്നും ചരിത്രം തിരുത്താനുള്ള ശ്രമങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അന്നു തന്നെ തുടങ്ങിയിരുന്നു. പക്ഷെ ബ്രിട്ടീഷ്- ഇന്ത്യാ ആര്‍ക്കൈവുകളിലും ബ്രിട്ടീഷ് ലൈബ്രറികളിലുമുള്ള രേഖകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാതന്ത്ര്യസമരവിരുദ്ധ നിലപാടുകള്‍ക്കുള്ള സാക്ഷ്യപത്രമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി ഒമ്പത് ദിവസം യോഗം ചേര്‍ന്നാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം തയാറാക്കിയത്. ഇതിന്റെ അവകാശ വിഹിതത്തിന് സിപിഎം വന്നാല്‍ പോലും അതിശയപ്പെടേണ്ടതില്ല. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ഒമ്പത് ദിവസത്തെ പ്രയത്‌നത്തിന് ശേഷമുള്ള ഗര്‍ഭമലസിപ്പിക്കലാണ് ക്വിറ്റ് ഇന്ത്യാ പ്രമേയമെന്നും അന്നത്തെ പാര്‍ട്ടി സെക്രട്ടറി പി.സി.ജോഷി എഴുതുകയുണ്ടായി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസുകളില്‍ ദേശീയ പതാകയുയര്‍ത്തുന്നത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചരിത്രമുഹൂര്‍ത്തമാണ്. 47ലെ ആദ്യ സ്വാതന്ത്ര്യദിനത്തില്‍ പങ്കാളികളാവാന്‍ സാധിക്കാതെ പോയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 75 കൊല്ലത്തിന് ശേഷം ദേശീയ പതാകയോട് ആദരവ് തോന്നിയത് സന്തോഷകരമായ കാര്യമാണ്. കരിങ്കൊടി കെട്ടിയ കൈകളില്‍ ത്രിവര്‍ണ പതാക പാറുന്നതില്‍ ചരിത്രത്തിന്റെ കാവ്യനീതിയാണ്.

Related posts

Leave a Comment