Featured
സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് ദേവസ്വം ബോർഡിൽ അനധികൃത നിയമനം

കൊല്ലം: മുൻ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ശൂരനാട് വടക്ക് പഞ്ചായത്ത് അംഗവുമായ സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള കോളേജിൽ അനധികൃത അധ്യാപക നിയമനം നൽകിയതായി ആക്ഷേപം. കട്ട് ഓഫ് മാർക്ക് 64 കിട്ടിയാൽ മാത്രം ഷോർട്ട് ലിസ്റ്റിൽ ഇടം നേടാൻ കഴിയുമെന്നിരിക്കെ ആറു മാർക്ക് യാതൊരു അടിസ്ഥാനവുമില്ലാതെ നൽകി ഷോർട്ട് ലിസ്റ്റിൽ മനപൂർവ്വം ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. അക്കാഡമിക് യോഗ്യതകളുടെ മാനദണ്ഡത്തിൽ ആയിരുന്നു ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. നെറ്റ് യോഗ്യത നേടുന്നതിന് മുമ്പ് ഒരു കോളേജിൽ താൽക്കാലിക അധ്യാപികയായും മറ്റൊരു സ്വകാര്യ കോളേജിൽ പഠിപ്പിച്ചതും ആണ് പ്രവർത്തിപരിചയമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിൽ എയ്ഡഡ് കോളേജിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നത് നെറ്റ് യോഗ്യത നേടുന്നതിന് മുൻപാണ്. മാത്രവുമല്ല ആറുമാസത്തിൽ താഴെയാണ് ഇവിടെ അധ്യാപക വൃത്തിയിൽ ഏർപ്പെട്ടിരുന്നത്.
അതുപോലെ സ്വകാര്യ കോളേജുകളിലെ അധ്യാപനം പ്രവർത്തി പരിചയമായി കണക്കാക്കുകയുമില്ല. ഒരു വർഷത്തെ പ്രവർത്തി പരിചയത്തിന് രണ്ടു മാർക്കാണ് ലഭിക്കുക. ഇവിടെ സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് ഷോർട്ട് ലിസ്റ്റിൽ വരുന്നതിനുള്ള കട്ട് ഓഫ് മാർക്ക് ആയ 64 തന്നെയാണ് കിട്ടിയിരിക്കുന്നത്. ഒരു മാർക്ക് കുറഞ്ഞാൽ തന്നെ ലിസ്റ്റിന് പുറത്ത് നിൽക്കേണ്ടി വരുമായിരുന്നു. ഈ ഘട്ടത്തിലാണ് അനധികൃതമായി മാർക്ക് നൽകിയതെന്ന ആരോപണം ഉന്നയിക്കുന്നത്. അതുപോലെതന്നെ ഇന്റർവ്യൂവിൽ 50ൽ 29.75 മാർക്ക് ലഭിച്ചതും ബോധപൂർവ്വം ആണെന്നും ആക്ഷേപമുണ്ട്. ഷോർട്ട് ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ളവർക്ക് ഇന്റർവ്യൂവിൽ മാർക്ക് കുറവാണ്. ബോർഡ് തന്നെയായിരുന്നു ഇന്റർവ്യൂ നടത്തിയിരുന്നത്. ഷോർട്ട് ലിസ്റ്റിൽ ഇടംപിടിക്കുന്നതിന് സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് പാർട്ടിയുടെ സഹായം കിട്ടിയിട്ടുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
Featured
തട്ടിക്കൊണ്ടു പോകൽ: പിന്നിൽ നഴ്സിംഗ് പ്രവേശന തട്ടിപ്പെന്ന് മൊഴി

പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ നിന്ന് ഈ മാസം 27ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ദമ്പതികളും മകളും പിടിയിൽ. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തിൽ കെ.ആർ പദ്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശി പുളിയറൈയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ, ഇന്നലെ ഉച്ച യ്ക്കു രണ്ടു മണിയോടെയാണ് ഇവർ പിടിയിലായത്. വൈകുന്നേരം 5.15ന് ഇവരെ അടുർ കെഎപി ക്യാംപ് മൂന്നിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
മകളുടെ നഴ്സിംഗ് പഠനത്തിനു തട്ടിയെടുക്കപ്പെട്ട കുട്ടിയുടെ പിതാവ് റെജിക്കു നൽകിയ പണത്തെച്ചൊല്ലി ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് സംഭവത്തിലേക്കു നയിച്ചതെന്ന് പദ്മകുമാർ പൊലീസിനോടു പറഞ്ഞു. തട്ടിയെടുക്കലിൽ ഭാര്യക്കോ മകൾക്കോ പങ്കില്ലെന്നും ഇയാൾ മൊഴി നല്കി.
കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക അന്വേഷണ വിഭാഗമായ ഡാൻസാഫ് സംഘമാണ് പ്രതികളെ കസ്റ്റിഡിയിലെടുത്തത്.
ചാത്തന്നൂരിൽ വലിയ സാമ്പത്തിക നിലയിലുള്ള അറിയപ്പെടുന്ന വീട്ടുകാരാണ് പദ്മകുമാറിന്റെ കുടുംബം. പഠിപ്പിൽ മിടുക്കനായിരുന്ന ഇയാൾ എൻജിനീയറിംഗ് ബിരുദധാരിയാണ്. കേബിൾ നെറ്റ് വർക്ക് സ്ഥാപനവും ബേക്കറിയും നടത്തുന്നുണ്ട്. ഭാര്യ കവിതയാണ് ബേക്കറി നോക്കി നടത്തുന്നത്. പദ്മകുമാറിനു റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. മകൾക്കു വിദേശത്ത് നഴ്സിംഗ് പ്രവേശനത്തിന് റെജിക്ക് അഞ്ച് ലക്ഷം രൂപം നൽകിയിരുന്നത്രേ. എന്നാൽ പറഞ്ഞ സമയത്ത് പ്രവേശനം ലഭിച്ചില്ല. കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയായി. ഇതാവർത്തിച്ചപ്പോഴാണ് കുട്ടിയെ തട്ടിയെടുത്ത് വിലപേശിയതെന്നാണ് പദ്മകുമാർ പൊലീസിനോടു വെളിപ്പെടുത്തിയതത്രേ. യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് റെജി.
അടൂർ പൊലീസ് ക്യാംപിൽ ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ, ഐജി സ്പർജൻ കുമാർ, ഡിഐജി ആർ. നിശാന്തിനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
പൊലീസ് പുറത്തു വിട്ട പ്രതികളുടെ രേഖാചിത്രമാണ് കേസിന് വഴിത്തിരിവായത്. ചിത്രം കണ്ട അയിരൂർ സ്വദേശിയായ ഒരാൾ പദ്മകുമാറിനെ കുറിച്ച് സൂചന നൽകി. പാരിപ്പള്ളിയിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ റിക്ഷയുടെ ഡ്രൈവർ നല്കിയ മൊഴിയും പൊലീസിനെ ഏറെ സഹായിച്ചു. ഇതെല്ലാം വച്ച് വ്യാഴാഴ്ച മുതൽ തന്നെ പൊലീസ് പദ്മകുമാറിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ പദ്മകുമാർ കൊല്ലം നഗരത്തിലെത്തിയിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു മടങ്ങി. രേഖാ ചിത്രം പുറത്തു വന്നതും അതിനു താനുമായി വളരെ സാദൃശ്യമുള്ളതും പദ്മകുമാറിനെ ആശങ്കയിലാക്കി. തുടർന്നാണ് വൈകുന്നേരം സ്വന്തം ഹ്യൂണ്ടായ് എലൻട്രാ കാറിൽ നാടു വിടാൻ തീരുമാനിച്ചത്. കുട്ടിയെ തട്ടി കൊണ്ടു വന്ന വെള്ള സ്വിഫ്റ്റ് ഡിസയർ കാർ ചാത്തന്നൂരിലെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ പദ്മകുമാറിന്റെ യഥാർഥ ചിത്രം തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടി തിരിച്ചറിഞ്ഞു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തിയാണ് ചിത്രങ്ങൾ കാണിച്ചത്. 11 ചിത്രങ്ങൾ കാണിച്ചെങ്കിലും മറ്റൊന്നും കുട്ടി തിരിച്ചറിഞ്ഞില്ല. കഷണ്ടിയുള്ള മാമൻ എന്നാണ് കുട്ടി പദ്മകുമാറിനെ വിശേഷിപ്പിച്ചത്. ഇയാൾ തന്നെയാണോ മുഖ്യ പ്രതിയെന്ന് പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല. റെജിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അതിലെ കണ്ണികളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കൂടി കണ്ടു പിടിച്ചതിനു ശേഷം പ്രതികളെ
തെളിവെടുപ്പിനായി കൊണ്ടു പോകും.
Featured
അടിമുടി ദുരൂഹത, മൂക്കിനു കീഴിലായിട്ടും ചാത്തന്നൂർ പൊലീസ് അറിഞ്ഞില്ല

കൊല്ലം: അടിമുടി ദുരൂഹത നിറഞ്ഞതാണ് ഓയൂരിലെ കുട്ടിയെ റാഞ്ചൽ നാടകം. ചാത്തന്നൂർ ടൗണിൽ ബേക്കറി നടത്തുന്ന മാമ്പള്ളിക്കുന്ന് കവിതാലയം വീട്ടിൽ പത്മകുമാറിനെ കുറിച്ച് നാട്ടുകാർക്കു നല്ലതു മാത്രമേ പറയാനുള്ളൂ. ഭാര്യ അനുപമയാണ് ബേക്കറി നടത്തുന്നത്. കേബിൾ സർവീസും റിയൽ എസ്റ്റേറ്റുമായി പത്മകുമാറിനു വേറെയും ജോലിയുണ്ട്. പഠിപ്പിൽ വളരെ മിടുക്കനായിരുന്നു അയാളെന്നാണ് അയൽവാസികളും സഹപാഠികളും പറയുന്നത്. ഭാര്യയും മകൾ അനിതയും പഠിപ്പിൽ മിടുക്കരാണ്. എന്നാൽ ഇവരെങ്ങനെ ഇങ്ങനെയൊരു കേസിൽ കുടുങ്ങി എന്ന് ആർക്കുമറിയില്ല. നാട്ടുകാരുമായി കൂടുതൽ ഇടപഴകുന്ന ശീലവും ഇവർക്കില്ല.
കാണാതായ പെൺകുട്ടിയുടെ പിതാവ് റെജിയുമായി പത്മകുമാറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുന്ന റെജി യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റാണ്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിലടക്കം റെജിക്ക് ബന്ധമുണ്ടോ എന്നു സംശയിക്കുന്നു. ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടാണോ നടന്നതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ തനിക്കു മാത്രമേ ബന്ധമുള്ളൂ എന്നും ഭാര്യയും മകളും നിരപരാധികളാണെന്നുമാണ് പത്മകുാർ പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തിലെടുക്കുന്നില്ല. തട്ടിയെടുക്കൽ സംഘത്തിൽ ഇവരെ കൂടാതെ വേറേയും പ്രതികളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിന്റെ ലക്ഷ്യം സാമ്പത്തികം മാത്രമാണോ എന്നതും പ്രധാനമാണ്.
പത്മകുമാറിന്റെ വീടും സ്ഥാപനങ്ങളും ചാത്തന്നൂർ പൊലീസ് സ്റ്റേഷന്റെയും ഡിവൈഎസ്പി ഓഫീസിന്റെയും തൊട്ടടുത്താണ്. നാട്ടുകാരെപ്പേലെ തന്നെ ഇവരെ കുറിച്ച് പൊലീസിനും ഒരു സംശവും ഉണ്ടായില്ല. വളരെ ആസൂത്രിതവും നിരവധി ദിവസങ്ങളിലെ തയാറെടുപ്പുകൾക്കും ശേഷമാണ് പത്മകുമാർ കുട്ടിയെ തട്ടിയെടുക്കൽ നാടകം പ്രാവർത്തികമാക്കിയത്. ഇതിനായി മറ്റു പലരുടെയും സഹായം തേടിയെന്നും സംശയിക്കുന്നു.
കുട്ടിയെ തട്ടിയെടുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇതിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ചാണ് തട്ടിയെടുക്കാൻ കൊണ്ടു പോയത്. കുട്ടിയുമായി വന്നത് ചാത്തന്നൂരിലെ വീട്ടിലേക്കായിരുന്നില്ല. അല്പം അകലെ ചിറക്കരയിലുള്ള ഓടിട്ട വീട്ടിലായിരുന്നു. വിജനമായ സ്ഥലത്തെ ഫാം ഹൗസ് ആണിത്. കുട്ടിയെ ഇറക്കിയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റികെഎൽ 1ബിടി 5786 എന്ന യഥാർഥ നമ്പർ പ്ലേറ്റുമായി ചാത്തന്നൂരിലെ വീട്ടുമുറ്റത്ത് തന്നെ പാർക്ക് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ ഇവർ ഈ വീട്ടിലുണ്ടായിരുന്നു. അതിനിടെ കൊല്ലം നഗരത്തിലുമെത്തി സ്ഥിഗതികൾ നിരീക്ഷിച്ചു.
പത്മകുമാറിന്റെ രേഖാ ചിത്രം പുറത്തു വിട്ടതോടെയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചത്. നീല നിറത്തിലുള്ള ഹ്യൂണ്ടായ് കാറിൽ വ്യാഴാഴ്ച വൈകുന്നേരം ചാത്തന്നൂരിൽ നിന്നു കടന്നുകളയുകയായിരുന്നു. നേരേ തെങ്കാശിയിലെത്തി ഹോട്ടലിൽ മുറിയെടുത്തു തങ്ങി.
അതിനിടെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ച പൊലീസും രഹസ്യമായി നീങ്ങി. തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിനെ കുറിച്ചും ഇവർ തങ്ങിയ ഹോട്ടലിനെ കുറിച്ചും ചില സൂചനകൾ ലഭിച്ചു.
കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക സംഘം ഹോട്ടലിൽ എത്തുമ്പോൾ പദ്മകുമാറും ഭാര്യയും മകളും ഭക്ഷണം കഴിക്കുകയായിരുന്നു. തങ്ങൾ പൊലീസാണെന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുകയാണെന്നും പറഞ്ഞതോടെ ഭക്ഷണം കഴിക്കുന്നതു നിർത്തി പദ്മകുമാർ പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു. ഒട്ടും വൈകാതെ പദ്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും അവരുടെ തന്നെ നീല ഹ്യൂണ്ടായ് കാറിലും കയറ്റി പൊലീസ് അടൂർ ക്യാംപിലേക്കു തിരുച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തെങ്കാശി പുളിയറയിൽ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം 5.15ന് അടൂരിലെത്തി.
Featured
പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പിടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്രജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login