ഫോണിലൂടെ അസഭ്യവർഷം ; സിപിഎം നേതാക്കളുടെ ശബ്ദ സന്ദേശം പുറത്ത് ; തെറിയഭിഷേകം

ഇടുക്കി: പണമിടപാടിന്റെ പേരില്‍ സിപിഎം നേതാവും പ്രവര്‍ത്തകനും തമ്മിലുള്ള അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ തെറിയഭിഷേകം കേട്ട് അണികളുടെ വരെ കിളി പോകുന്ന തരത്തിലാണ് 3.48 മിനിറ്റ് നീളുന്ന ശബ്ദ സന്ദേശം പ്രചരിക്കുന്നത്.

നെടുങ്കണ്ടം കല്‍ക്കൂന്തല്‍ ലോക്കല്‍ സെക്രട്ടറിയും ഇതേ കമ്മിറ്റിയിലെ തന്നെ അംഗവും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പാര്‍ട്ടി നേതാവാണെന്ന കാര്യമടക്കം എടുത്ത് പറയുന്ന സംഭാഷണത്തില്‍ വലിയ തോതിലുള്ള ഭീഷണിയുമുണ്ട്. തെറിക്കുത്തരം പച്ച തെറി എന്ന പത്തൊമ്ബതാമത്തെ അടവ് പാര്‍ട്ടി മെമ്ബറും പുറത്തെടുത്തതോടെ കൂട്ട തെറി വിളിക്കലായി.

സാമ്ബത്തിക ഇടപാടില്‍ വാക്ക് വ്യത്യാസം കാണിച്ചുവെന്ന് പറഞ്ഞാണ് ലോക്കല്‍ സെക്രട്ടറി പാര്‍ട്ടി മെമ്ബറോട് തര്‍ക്കിക്കുന്നത്. തനിക്ക് കൊറോണയാണെന്നും പണം തരാന്‍ 10 ദിവസം കൂടി തരണമെന്നും ആണ് കമ്മിറ്റിയംഗം പറയുന്നത്.

ഇത് വിളിച്ച്‌ പറഞ്ഞില്ലെന്നും പറഞ്ഞാണ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ഫോണ്‍ വിളിക്കുന്നത്. പാര്‍ട്ടിയില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത വിഷയമാണെന്നും ഇത് തീര്‍ക്കാന്‍ തനിക്ക് അറിയാമെന്നും പറയുന്നുണ്ട്. പാര്‍ട്ടി സെക്രട്ടറി മര്യാദയ്ക്ക് സംസാരിക്കണമെന്ന് മറുവശത്ത് നിന്ന് പറയുമ്ബോള്‍ ഇതിന് സൗകര്യമില്ലെന്നാണ് മറുപടി.

നാട് നന്നാക്കാന്‍ നടക്കുന്ന ആളുകള്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്ന് ഉപദേശിക്കുമ്ബോള്‍ നിന്നെ വീട്ടില്‍ വന്ന് കാണുമെന്നും വെട്ടുമെന്നുമടക്കം പറയുന്നുണ്ട്. പിന്നീട് ഇത് കേള്‍ക്കാന്‍ അറയ്ക്കുന്ന തരത്തിലേക്ക് വഴിമാറി. പുറമെ മാന്യനായ ലോക്കല്‍ സെക്രട്ടറിയുടെ വിശ്വരൂപം കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് നെടുങ്കണ്ടം മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.

അടുത്തിടെ സിപിഎം നേതാവിന്റെ പാര്‍ട്ടി പ്രവര്‍ത്തകയുമായുള്ള അശ്ലീല പ്രണയ സംഭാഷണം പുറത്ത് വന്നത് വലിയ തലവേദനയായിരുന്നു.

Related posts

Leave a Comment