ക്രിമിനലുകളെ പാലൂട്ടി വളർത്തി ; ഒടുവിൽ തിരിഞ്ഞു കൊത്തി ; വെട്ടിലായി സിപിഎം

ഇന്നലെകളിൽ പാലൂട്ടി വളർത്തിയ ക്രിമിനലുകൾ തിരിഞ്ഞു കൊത്തിയത് ഇന്നുകളിൽ സിപിഎമ്മിന് തലവേദനയായി മാറുകയാണ്. ഓരോ ദിവസവും ക്വട്ടേഷൻ, വ്യാജവാറ്റ്, ലഹരി-ഗുണ്ടാ മാഫിയ, ബലാൽസംഗം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ഭാഗമായി ഒട്ടേറെ സിപിഎം നേതാക്കളാണ് ആരോപണങ്ങൾ നേരിടുന്നത്. ഒരു കാലത്ത് സംഘടനയ്ക്ക് വളമായി ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരെ ഇല്ലായ്മ ചെയ്യുവാൻ ടൂൾ ആയി ഉപയോഗിച്ചിരുന്ന രാഷ്ട്രീയ ക്രിമിനലുകൾ ഇന്നു പാർട്ടിക്കും മീതെ വളർന്നപ്പോഴാണ് സിപിഎം അപകടം മനസ്സിലാക്കിയത്. ഇപ്പോഴത്തെ കേരളത്തിലെ സിപിഎമ്മിന്റെ അവസ്ഥ ‘കയ്പ്പിച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ ‘ എന്ന പഴഞ്ചൻ പ്രയോഗത്തിനു സമാനമാണ്.

താങ്കളുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി എല്ലായിപ്പോഴും ഗുണ്ടാ സംഘങ്ങളെ വളർത്തിവലുതാക്കി ഏകാധിപത്യ കോട്ടകൾ തീർത്ത് ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ചു മുന്നോട്ട് പോയിട്ടുള്ള സിപിഎം ഇന്ന് വർത്തമാനകാലത്ത് അതേ ഗുണ്ടാസംഘങ്ങളാൽ പൊതുജനമധ്യത്തിൽ പിച്ചിച്ചീന്തപ്പെട്ടിരിക്കുകയാണ്. ഒരുപാടു കുടുംബങ്ങളുടെ പ്രതീക്ഷകളെ തകർത്തെറിഞ്ഞ ക്രിമിനലുകളെ സിപിഎം ജയിലിനകത്തും പുറത്തും സംരക്ഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ കൊടിയ ക്രൂരകൃത്യങ്ങൾ ചെയ്യുന്നതും ജയിലിലേക്ക് കടന്നു പോകുന്നതും പാർട്ടിയുടെ ധീര ദൗത്യമായി അവർ കാണുകയും ചെയ്തിരുന്നു. ഒട്ടേറെ കുടുംബങ്ങളുടെ കണ്ണുനീരിൽ ആനന്ദം കണ്ടെത്തിയ പാർട്ടിയാണ് കേരളത്തിലെ സിപിഎം. ഇത്തരം ചെയ്തികളിൽ പ്രായശ്ചിത്തം ഉണ്ടാകുവാനോ മനസ്സ് മാനസാന്തരപ്പെടുവാനോ ശ്രമിക്കാതെ തീവ്രമായ വിരോധം ആളിക്കത്തിച്ച് സാധാരണ പ്രവർത്തകരെ ചാവേറുകൾ ആക്കുന്നതിൽ സിപിഎം നേതൃത്വത്തിന് എന്നും കൃത്യമായ അജണ്ടയുണ്ടായിരുന്നു. കൊലപാതകികളുടെ കുടുംബങ്ങൾക്ക് സംരക്ഷണം നൽകുകയും ജയിലിന് പുറത്തേക്ക് വരാൻ അവസരങ്ങൾ സൃഷ്ടിക്കുകയും സിപിഎം ചെയ്യാറുണ്ടായിരുന്നു. നേതാക്കൾ നൽകുന്ന പരിരക്ഷക്കുള്ളിൽ നിന്നുകൊണ്ട് സിപിഎം സൈബർ സഖാക്കൾക്കിടയിൽ താരപരിവേഷം സൃഷ്ടിച്ചെടുക്കുന്നതിലും ഈ ക്രിമിനലുകൾക്ക് സാധിച്ചിട്ടുണ്ട്.

ഒരു നാടിന്റെ മുഴുവൻ പ്രതീക്ഷയായിരുന്ന ശുഹൈബ് എന്ന ചെറുപ്പക്കാരനെ ക്രൂരമായി കൊലക്കത്തിക്കിരയാക്കിയ ആകാശ് തില്ലങ്കേരിയെന്ന കൊടും ക്രിമിനലിനു സാമൂഹ്യ മാധ്യമങ്ങളിൽ വീരപരിവേഷം ആണ് സിപിഎം നൽകിയത്. സിപിഎം പ്രമുഖ നേതാക്കളെക്കാൾ ആകാശിനെ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണം വളരെ വലുതാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനേക്കാൾ പിന്തുണ വേണമെങ്കിൽ ഈ ക്രിമിനലുകൾക്കാണെന്ന് പറയാം. എന്നാൽ ഇന്നലെകളിൽ ഈ ക്രിമിനലുകൾ കാട്ടിക്കൂട്ടിയ നെറികേടുകൾക്ക് കാലം കരുതി വെച്ച സമ്മാനം അവരെ ഇന്ന് വേട്ടയാടുകയാണ്. ഈ ക്രിമിനലുകളെ ചേർത്തുപിടിച്ചതിന്റെ പേരിൽ സിപിഎമ്മും പാപഭാരം ഒഴിയാതെ കേരള മനസാക്ഷിക്ക് മുന്നിൽ വിചാരണ നേരിടുകയാണ്. സ്വർണക്കടത്തു കേസിൽ അർജുൻ ആയങ്കി അറസ്റ്റിലായപ്പോൾ വെല്ലുവിളിയുമായി കടന്നുവന്ന സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഇന്ന് ആ വെല്ലുവിളിയിൽ നിന്ന് അല്പം അയഞ്ഞിട്ടുണ്ട്. അതിന്റെ ഏറ്റവും പ്രധാനമായ കാരണം ഇന്നലെകളിൽ ഈ നേതാക്കൾ കാട്ടിക്കൂട്ടിയ നെറികേടുകളുടെ ടൂൾ എന്നത് ഈ ക്രിമിനലുകൾ ആയിരുന്നുവെന്നത് തന്നെയാണ്. ഇനിയും തള്ളി പറയാൻ ധൈര്യം കാട്ടിയാൽ ഇന്ന് അധികാര കസേരയിൽ ഇരിക്കുന്ന പല പ്രമുഖ സിപിഎം നേതാക്കളും കേരള മനസ്സാക്ഷിക്ക് മുൻപിൽ അടി തെറ്റി താഴെ വീഴും എന്ന യാഥാർത്ഥ്യം കൊണ്ടാണ്. ചാനൽ ചർച്ചകളിലും പൊതുവേദികളിലും ക്രിമിനലുകളെ വല്ലാതെയങ്ങ് തള്ളിപ്പറയുന്നത് വലിയ അപകടം ഉണ്ടാക്കുമെന്ന ദീർഘവീക്ഷണവും സിപിഎം നേതൃത്വത്തിനുണ്ട്. സിപിഎം പാലൂട്ടി വളർത്തിയ അതെ രാഷ്ട്രീയ ക്രിമിനലുകൾ തന്നെ സിപിഎമ്മിനെ ഹൈജാക്ക് ചെയ്യുമോയെന്നത് വീക്ഷിക്കുകയാണ് പ്രബുദ്ധ രാഷ്ട്രീയ കേരളം.

Related posts

Leave a Comment