സിപിഎം നേതാവ് കുഞ്ഞിനെ കടത്തിയ സംഭവം ; ബാലാവകാശ കമ്മീഷൻ കേസെടുത്തു : പരാതി നൽകിയെങ്കിലും പാർട്ടി ചതിച്ചെന്ന് അനുപമ

*പൊലീസ് ശിശുക്ഷേമ സമിതിയിൽ
*വകുപ്പുതല അന്വേഷണമെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം നേതാക്കളായ അച്ഛനും അമ്മയും ചേർന്ന് സ്വന്തം മകളുടെ കുഞ്ഞിനെ കടത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഇതുസംബന്ധിച്ച് കുഞ്ഞിന്റെ അമ്മയും പേരൂർക്കട സ്വദേശിനിയുമായ അനുപമ നേരത്തെ പൊലീസിലും മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞതോടെയാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടത്. പേരൂർക്കട പൊലീസ്, സിറ്റി പൊലീസ് കമ്മീഷണർ, ഡിജിപി, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, സിഡബ്ല്യൂസി ചെയർപേഴ്സൺ സുനന്ദ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് നൽകി. ഒക്ടോബർ 30നകം വിശദീകരണം നൽകണമെന്നാണ് ബാലാവകാശ കമ്മീഷൻ അംഗം ഫിലിപ്പ് പാറക്കാട്ടിന്റെ നിർദ്ദേശം.
അതേസമയം, സംഭവം വിവാദമാവുകയും പാർട്ടിക്കും സർക്കാരിനും നാണക്കേടാവുകയും ചെയ്തതിന് പിന്നാലെ, പൊലീസ് ശിശുക്ഷേമ സമിതിയിലെത്തി റിപ്പോർട്ട് തേടി. എന്നാൽ, കുഞ്ഞിനെ മറ്റൊരാൾ ദത്തെടുത്തെന്നും അതുസംബന്ധിച്ചുള്ള വിവരങ്ങൾ നൽകാനാകില്ലെന്നുമായിരുന്നു സമിതിയുടെ നിലപാട്. അഡോപ്ഷൻ ഏജൻസി, അനുപമ പ്രസവിച്ച നെയ്യാർമെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ, കുട്ടിയെ കടത്താൻ കൂട്ടുനിന്നുവെന്ന പരാതിയിൻ മേൽ ശിശുക്ഷേമ സമിതിക്കുണ്ടായ വീഴ്ചയെക്കുറിച്ച് വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കുട്ടിയെ കടത്തിയത് സംബന്ധിച്ച് അനുപമ അറിയിച്ചെങ്കിലും എഴുതിക്കിട്ടിയ പരാതിയുണ്ടെങ്കിലേ നടപടിയെടുക്കാൻ കഴിയൂവെന്ന് ശാഠ്യം പിടിച്ച സിഡബ്ല്യൂസി ചെയർപേഴ്സന്റെ നിലപാട് മന്ത്രി തള്ളിക്കളഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. മാതാപിതാക്കൾക്ക് ശിശുക്ഷേമ സമിതിയിൽനിന്ന് ആർടിഐ അപേക്ഷയിൽ മറുപടി ലഭിച്ചില്ലെങ്കിൽ പരിശോധിക്കും. രണ്ട് കുട്ടികളെയാണ് ഒക്ടോബർ 22ന് അമ്മതൊട്ടിലിൽ ലഭിച്ചത്. ഒരു കുട്ടിയുടെ ഡിഎൻഎ പരാതിക്കാരുമായി യോജിച്ചില്ല. രണ്ടാമത്തെ കുഞ്ഞ് ദത്തെടുത്ത മാതാപിതാക്കളുടെ കൂടെയാണ്. അമ്മയ്ക്കു കുട്ടിയെ ലഭിക്കുക എന്നതാണ് അഭികാമ്യമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ 19ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച് തൻറെ അമ്മയും അച്ഛനും ചേർന്ന് കു‍ഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് കൂടിയായ അനുപമയുടെ പരാതി. ഏപ്രിൽ19 ന് പേരൂർക്കട പൊലീസിൽ ആദ്യ പരാതി നൽകി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈൽഡ് വെൽഫയർ കമ്മിറ്റി, സിപിഎം നേതാക്കൾ തുടങ്ങി എല്ലാവർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തത്.

സംഭവത്തെക്കുറിച്ച് പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ പാർട്ടി തന്നെ ചതിച്ചുവെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും അനുപമ പറഞ്ഞു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനെ സമീപിച്ചപ്പോഴും അനുകൂല നിലപാടുണ്ടായില്ല. അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയെ നേരിട്ട് കണ്ടിട്ടും പരാതിയിൽ കേസെടുത്തില്ലെന്നും പരാതി നൽകാനെത്തിയപ്പോൾ പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പരുഷമായാണ് പെരുമാറിയതെന്നും അനുപമ പ്രതികരിച്ചു.
കുട്ടിയെ കിട്ടാനുള്ള അമ്മയുടെ അവകാശത്തിനൊപ്പമെന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ഇപ്പോഴത്തെ വാദം പൊള്ളയാണ്. തന്റെ കുഞ്ഞിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പാർട്ടി തനിക്ക് കുഞ്ഞിനെ കണ്ടുപിടിച്ചു തരാനല്ല ഇരിക്കുന്നത്. സമ്മതത്തോടെയല്ലേ കുഞ്ഞിനെ കൊടുത്തത് എന്നൊക്കെയാണ് ആനാവൂർ നാഗപ്പൻ ചോദിച്ചത്. നീതി പ്രതീക്ഷിച്ച തന്നെയും ഭർത്താവിനെയും ഇതിന്റെ പേരിൽ പാർട്ടി പുറത്താക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി എന്നിവർക്ക് നൽകിയ പരാതികളും അവഗണിക്കപ്പെട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും വീട്ടുകാരുമായി ഒത്തുകളിച്ചെന്നാണ് കരുതുന്നത്. പാർട്ടിയിൽ പ്രതീക്ഷയും വിശ്വാസവുമില്ല. ഇത്രയും നാളും പിന്തുണച്ചിട്ടില്ല, ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് എഫ്ഐആർ ഇടാൻ പോലും തയാറായിട്ടില്ല. കുഞ്ഞിനെ തട്ടിയെടുത്ത തന്റെ പിതാവിനു പാർട്ടി സ്ഥാനക്കറ്റം നൽകുകയാണ് ചെയ്തത്. കുഞ്ഞിനെ തിരികെകിട്ടാൻ നിയമ നടപടിയുമായി ഏതറ്റം വരെയും പോകുമെന്നും അനുപമ പറഞ്ഞു.
അതേസമയം, അമ്മതൊട്ടിലിൽനിന്ന് 2020 ഒക്ടോബർ 22ന് രണ്ട് ആൺകുട്ടികളെ കിട്ടിയിരുന്നതായി ശിശുക്ഷേമ സമിതി ഇന്നലെ പൊലീസിനെ അറിയിച്ചതോടെ അനുപമയുടെ പരാതി ശരിയാണെന്ന് തെളിഞ്ഞു. കുട്ടിയെ തന്റെ മാതാപിതാക്കൾ ഒക്ടോബർ 22ന് ശിശുക്ഷേമ സമിതിയുടെ അമ്മതൊട്ടിലിൽ നൽകി എന്നാണ് അനുപമ പറഞ്ഞത്. ഈ കുട്ടി എവിടെയാണെന്ന് പൊലീസ് അന്വേഷിച്ചെങ്കിലും അത് വെളിപ്പെടുത്താൻ കഴിയില്ലെന്നും ചൈൽഡ് വെൽഫെയർ സൊസൈറ്റിയെ സമീപിക്കാനുമാണ് ശിശുക്ഷേമ സമിതി അറിയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പേരൂർക്കട സിഐ പ്രതികരിച്ചു. തുടർന്ന് ചൈൽഡ് വെൽഫെയർ സൊസൈറ്റിക്ക് പൊലീസ് കത്ത് നൽകി. കുട്ടിയുടെ വിവരങ്ങൾ ആരാഞ്ഞ് സ്റ്റേറ്റ് അഡോപ്ഷൻ റിസർച്ച് ഏജൻസിക്കും കത്ത് നൽകും. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനായി കാട്ടാക്കട പഞ്ചായത്തിനും കത്ത് കൊടുക്കും. കുട്ടി എവിടെയുണ്ടെന്നു കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

Related posts

Leave a Comment